കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം എഡിഷൻ വിജയകരമായി സമാപിച്ചിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്സിനെ ഫൈനലിൽ തോൽപ്പിച്ച് കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ കിരീടധാരണത്തോടെയാണ് കെ.സി.എൽ രണ്ടാം പതിപ്പിന് കൊടിയിറങ്ങിയത്. ടൂർണമെന്റിന്റെ തുടക്കം മുതൽ ഒരേ മികവ് കാഴ്ചവച്ച ടീമിന്റെ കൈകളിലേക്കു തന്നെയാണ് കിരീടമെത്തിയത്. താരലേലത്തിൽ ചെലവഴിക്കാവുന്നതിന്റെ പകുതിയിലേറെത്തുക സഞ്ജു സാംസണിന് വേണ്ടിവന്നെങ്കിലും ബാക്കികൊണ്ട് കപ്പടിക്കാൻ ശേഷിയുള്ള ടീമിനെ ഒരുക്കിയെടുത്ത റെയ്‌ഫി വിൻസന്റ് ഗോമസിന്റെ നേതൃത്വത്തിലുള്ള കൊച്ചിയുടെ കോച്ചുമാർക്കാണ് ഈ വിജയത്തിലെ കൈയടികൾ. തനിക്കു കിട്ടിയ പണം ടീമിലെ മികച്ച കളിക്കാർക്ക് സമ്മാനമായി വിതരണം ചെയ്ത് സഞ്ജുവും മാതൃകയായി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. 2008-ൽ ഐ.പി.എല്ലിന്റെ വരവോടെ ക്രിക്കറ്റിന്റെ മുഖംതന്നെ മാറിയിരുന്നു. മറ്റ് ആഭ്യന്തര മത്സരങ്ങളിൽ നിന്ന് ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ പുതിയ താരങ്ങളുടെ വരവിന് ഐ.പി.എൽ വഴിതുറന്നു. ഐ.പി.എൽ മാതൃകയിൽ പല സംസ്ഥാനങ്ങളും സ്വന്തം ലീഗുകൾ തുടങ്ങുകയും പുതിയ പ്രതിഭകൾക്ക് ചിറകു നൽകുകയും ചെയ്തു. അല്പം വൈകിയെങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷനും ആ പാതയിലേക്ക് വരികയും കഴിഞ്ഞവർഷം ആദ്യ കെ.സി.എൽ സംഘടിപ്പിക്കുകയും ചെയ്തു. മുംബയ് ഇന്ത്യൻസിലൂടെ ഐ.പി.എല്ലിൽ കളിച്ച വിഘ്നേഷ് പുത്തൂരിന്റെ വരവിന് നിദാനമായത് ആദ്യ സീസൺ കെ.സി.എല്ലാണ്.
ആറു ടീമുകളെ സംഘടിപ്പിച്ച് ഒരു ലീഗ് നടത്തുകയെന്നത് കേരള ക്രിക്കറ്റ് അസോസിയേഷനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയേയല്ല. എന്നാൽ ദേശീയ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ പ്രചാരണം നൽകുകയും ദൃശ്യമാദ്ധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണമൊരുക്കുകയും കാണികളെ കൂടുതൽ ആകർഷിക്കാനായി സ്റ്റേഡിയത്തിലേക്ക് സൗജന്യ പ്രവേശനം നൽകുകയുമൊക്കെ വഴി കെ.സി.എല്ലിനെ യുവാക്കൾക്കിടയിൽ തരംഗമാക്കിത്തീർക്കാൻ കെ.സി.എ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു എന്നതാണ് പ്രധാനം. സഞ്ജുവിന്റെ സാന്നിദ്ധ്യം കെ.സി.എല്ലിനെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. കൊച്ചി ബ്ളൂ ടൈഗേഴ്സ് ടീമിനു വേണ്ടി കളിച്ച ആറുമത്സരങ്ങളിൽ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയും നേടിയ സഞ്ജുവിന്റെ ഇന്നിംഗ്സുകൾ ലീഗിന് ഒന്നാകെയാണ് ആവേശമായത്. കേവലം സഞ്ജുവിൽ മാത്രം ഒതുങ്ങിനിൽക്കാതെ നിരവധി പുതിയ പ്രതിഭകളുടെ മികച്ച പ്രകടനത്തിനും കെ.സി.എൽ അരങ്ങൊരുക്കി.
ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കൃഷ്ണപ്രസാദ്, കൂടുതൽ വിക്കറ്റുകൾ നേടിയ അഖിൽ സ്കറിയ, അഹമ്മദ് ഇമ്രാൻ, സലി സാംസൺ, വിനൂപ് മനോഹരൻ, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ്, ജോബിൻ ജോബി, നിഖിൽ തോട്ടത്ത്, ജെറിൻ പി.എസ്, അഖിൽ കെ.ജി, അജീഷ്, മുഹമ്മദ് ആഷിക്, കൃഷ്ണദേവൻ, മനു കൃഷ്ണൻ, അഭിഷേക് ജെ.നായർ തുടങ്ങിയ താരങ്ങൾക്ക് ലോകത്തിനു മുന്നിൽ പ്രതിഭ പ്രദർശിപ്പിക്കാൻ ലഭിച്ച സുവർണാവസരമായിരുന്നു കെ.സി.എൽ. ഐ.പി.എൽ ടാലന്റ് ഹണ്ടിംഗ് ടീമുകൾ ഇവരിൽ പലരെയും നോട്ടമിട്ടിട്ടുണ്ട്. പുരുഷ ക്രിക്കറ്റിൽ ഒതുങ്ങാതെ വനിതാ ലീഗിലേക്കും ചുവടുവയ്ക്കുകയാണെന്ന കെ.സി.എയുടെ പ്രഖ്യാപനവും ആവേശം പകരുന്നു. നൂറുനൂറു പ്രതിഭകൾക്ക് കടന്നുവരാൻ വനിതാ കെ.സി.എൽ വഴിയൊരുക്കും. വിജയികളായ ടീമിനും ലീഗിൽ മാറ്റുരച്ച മറ്റ് ടീമുകൾക്കും വിജയകരമായി സംഘാടനം നടത്തിയ കെ.സി.എ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |