പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018 മുതൽ നടന്ന പ്രക്ഷോഭങ്ങളിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിലവിലുള്ളത് ആറായിരം കേസുകൾ. പ്രതികളാക്കപ്പെട്ടവർ 12912. നാലു വർഷം മുമ്പ് ഗൗരവമില്ലാത്ത ചില കേസുകൾ സർക്കാർ പിൻവലിച്ചിരുന്നു. അതിൽപെടാത്ത കേസുകളാണിവ. ഇവയെല്ലാം വിവിധ കോടതികളുടെ പരിഗണനയിലാണ്.
2018ൽ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിലടക്കമാണ് പ്രക്ഷോഭത്തിന്റെ തുടക്കം. പൊലീസ് സംരക്ഷണയിൽ രണ്ടു യുവതികൾ ഇരുമുടിക്കെട്ടുമായി ദർശനത്തിന് എത്തിയതിനു പിന്നാലെ 2019 ജനുവരി മൂന്നിന് നടന്ന ഹർത്താലോടെ സംഘർഷഭരിതമായ പ്രതിഷേധമാണ് അരങ്ങേറിയത്.
റാന്നിയിലും പത്തനംതിട്ടയിലും സമാധാനപരമായി നാമജപം നടത്തിയ വിശ്വാസികൾ, അതേസമയത്തു തന്നെ പമ്പയിലും സന്നിധാനത്തും പൊലീസിനെ ആക്രമിച്ചെന്നു കാട്ടി കേസ് രജിസ്റ്റർ ചെയ്തു എന്നതടക്കം ആക്ഷേപമുണ്ട്. വിശ്വാസികൾക്കു വേണ്ടി ശബരിമല കർമ്മ സമിതിയാണ് കൂടുതൽ കേസുകളും നടത്തുന്നത്.
ഈ മാസം 20ന് പമ്പയിൽ നടക്കുന്ന അയ്യപ്പസംഗമത്തിന് മുമ്പ് കേസുകൾ പിൻവലിക്കണമെന്ന് ഹിന്ദുസംഘടനകളും എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.
ചുമത്തിയത് ഗുരുതര കുറ്റങ്ങൾ
പൊതുമുതൽ നശിപ്പിച്ചതും പൊലീസിനെ ആക്രമിച്ചതും ഉൾപ്പെടെ ഗുരുതരകുറ്റങ്ങൾ ചുമത്തിയാണ് സമരംചെയ്ത വിശ്വാസികൾക്കും ഹിന്ദുസംഘടനാ നേതാക്കൾക്കുമെതിരെ കേസെടുത്തത്
ഹിന്ദു ഐക്യവേദി അദ്ധ്യക്ഷയായിരുന്ന കെ.പി.ശശികല, ശബരിമല കർമ്മസമിതി കൺവീനർ എസ്.ജെ.ആർ.കുമാർ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മുൻ ഡി.ജി.പി ടി.പി.സെൻകുമാർ എന്നിവർക്കെതിരെ ആയിരത്തോളം വീതം കേസുകളുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |