കുന്നത്തൂർ: നവവധുവായി അണിഞ്ഞൊരുങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നാടിന്റെ ദുഃഖം കണ്ണീരായി കവിഞ്ഞൊഴുകിയ അന്തരീക്ഷത്തിൽ അഞ്ജനയ്ക്ക് യാത്രാമൊഴി. ഇന്നലെ രാവിലെ കൊല്ലം ഭരണിക്കാവ് ഊക്കൻ മുക്കിന് സമീപം സ്കൂട്ടർ അപകടത്തിലായിരുന്നു അഞ്ജനയുടെ (25)ദാരുണാന്ത്യം. സ്കൂട്ടറിൽ ബാങ്കിലേക്ക് പോകവേ സ്കൂൾ ബസ് ഇടിച്ച് വീണ്, സ്വകാര്യബസ് തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.
തൊടിയൂർ നോർത്ത് ശാരദാലയത്തിൽ കോൺഗ്രസ് നേതാവായിരുന്ന പരേതനായ എസ്.ബി. മോഹനന്റെയും തൊടിയൂർ മുൻ ഗ്രാമപഞ്ചായത്തംഗവും തൊടിയൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയുമായ അജിതയുടെയും രണ്ടു പെൺമക്കളിൽ ഇളയവളായിരുന്നു അഞ്ജന. അഞ്ച് വർഷം മുൻപാണ് അഞ്ജനയുടെ പിതാവ് മരിച്ചത്. പിന്നാലെ വീട്ടിൽ അമ്മയ്ക്ക് തുണയാകാനും സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും അഞ്ജന വളരെ കഷ്ടപ്പെട്ടു.
ജോലി എന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് മാസങ്ങളായതേയൂള്ളു. ഒരു വർഷം മുൻപാണ് വിവാഹം ഉറപ്പിച്ചത്. മെെനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി അഖിലായിരുന്നു വരൻ. ഒക്ടോബർ 19നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവീടുകളിലും വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരികയായിരുന്നു. കഴിഞ്ഞദിവസമാണ് വിവാഹവസ്ത്രം വാങ്ങിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഈ വസ്ത്രം അണിയിച്ചാണ് പൊതുദർശനത്തിന് വച്ചത്. കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്കിൽ പൊതുദർശനത്തിന് വച്ചശേഷം രാത്രിയോടെയാണ് മൃതദേഹം തൊടിയൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്.
ഫോണിലേക്ക് ആ വാർത്ത വന്നപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു അഖിൽ. റവന്യൂവകുപ്പിലാണ് അഖിലിന് ജോലി. കല്യാണക്കുറി തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഇന്നലെ അഖിൽ. പ്രദേശത്തെ പ്രിന്റിംഗ് സ്ഥാപനത്തിൽ വിവാഹക്ഷണക്കത്ത് തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് വിവരമറിയുന്നത്. അവിടെ നിന്ന് നേരെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തി. ചേതനയറ്റുകിടന്ന ശരീരം കാണാനാകാതെ കരയാനേ കഴിഞ്ഞുള്ളൂ അദ്ദേഹത്തിന്. ഒടുവിൽ വെെകിട്ട് നാലരയോടെ നടപടികൾ പൂർത്തിയാക്കി ആംബുലൻസിൽ മൃതദേഹം കയറ്റിയശേഷമാണ് അഖിൽ ആശുപത്രിവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |