കോട്ടയം: പാലായിലെ ഫലം പുറത്ത് വരും മുമ്പ് കേരള കോൺഗ്രസിൽ ജോസ് - ജോസഫ് തമ്മിലടി വീണ്ടും രൂക്ഷമായി. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ തോല്പിക്കാൻ ശ്രമിച്ച ജോയ് എബ്രഹാമിനെ യു.ഡി.എഫ് ഏകോപന സമിതിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം നേതൃത്വത്തിന് കത്തു നൽകി. തുടർന്ന് ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം പരിശോധിക്കാമെന്ന് ഉറപ്പു നൽകിയ യു.ഡി.എഫ് നേതാക്കൾ ജോസഫ് വിഭാഗത്തെ അതൃപ്തിയും അറിയിച്ചു. താക്കീതും നൽകിയിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പ്രശ്‌നങ്ങൾ വഷളാക്കരുതെന്ന് യു.ഡി.എഫ് നിർദ്ദേശിച്ചിട്ടും ജോസ് - ജോസഫ് വിഭാഗങ്ങളുടെ വാക് പോര് തുടരുകയാണ്. ജോസ് ടോമിനെ തോല്പിക്കാനാവശ്യപ്പെടുന്ന ജോസഫ് നേതാക്കളുടെ ശബ്‌ദരേഖയും യു.ഡി.എഫ് നേതൃത്വത്തിന് കൈമാറുന്നതിനായി ജോസ് വിഭാഗം സംഘടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ജോയി എബ്രഹാം നടത്തിയ പ്രസ്താവന തിരുത്തണമെന്ന് യു.ഡി.എഫ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ജോയി എബ്രഹാമിനെ ന്യായീകരിച്ച് മോൻസ് ജോസഫും രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കുമോ എന്നറിയില്ലെന്നും ജോസ് കെ. മാണി കുതന്ത്രങ്ങളുടെയും കുടില ബുദ്ധിയുടെയും ആശാനെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നുമായിരുന്നു ജോയ് എബ്രഹാമിന്റെ പ്രസ്താവന.
താത്കാലിക വെടി നിറുത്തൽ നിർദ്ദേശം
ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തമ്മിലടിക്കരുതെന്ന് യു.ഡി.എഫ് നേതൃത്വം ഇരു വിഭാഗത്തിനും വീണ്ടും കർശന നിർദ്ദേശം നൽകി. എന്നാൽ പാലായിലെ വോട്ടെണ്ണൽ കഴിയുന്നതോടെ പോര് ശക്തമായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |