മംഗളൂരു: ലോറിയില്‍ കടത്തുകയായിരുന്ന 35 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി പൊലീസ്. മൈസൂരു രജിസ്‌ട്രേഷനിലുള്ള ലോറിയിലാണ് അനധികൃതമായി കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശി ഗണേഷ് (38), ആന്ധ്രാപ്രദേശ് സ്വദേശി ഗോപാല്‍ റെഡ്ഡി (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉഡുപ്പിയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ദേശീയപാത 66 ലെ കിന്നിമുള്‍ക്കിക്ക് സമീപം വാഹനം തടഞ്ഞ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒമ്പത് വലിയ ചാക്കുകളിലായി 65.039 കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഏകദേശം 35 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ കൈയില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണുകളും പണവും പൊലീസ് കണ്ടെത്തി. എന്‍ഡിപിഎസ് ആക്ട് പ്രകാരം മാല്‍പെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കള്ളക്കടത്തിന്റെ ഉറവിടവും കള്ളക്കടത്ത് ശൃംഖലയിലെ മറ്റ് അംഗങ്ങളെയും കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
കാര്‍ക്കള സബ് ഡിവിഷനിലെ അസി. പൊലീസ് സൂപ്രണ്ടും സിഇഎന്‍ ക്രൈം പൊലീസ് സ്റ്റേഷന്റെ ചുമതലയുമുള്ള ഹര്‍ഷ പ്രിയംവദയുടെ നേതൃത്വത്തിലാണ് ഉഡുപ്പി സബ് ഡിവിഷനിലെ ഡിവൈഎസ്പി ഡിടി പ്രഭുവിന്റെ നിര്‍ദേശപ്രകാരം ഓപറേഷന്‍ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |