26 പേരെ അറസ്റ്റ് ചെയ്തു
റായ്പൂർ: ഛത്തീസ്ഗഢിലെ ഗരിയാബന്ദിൽ ഇന്നലെ വൈകിട്ടുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച നേതാവ് ഉൾപ്പെടെ പത്ത് മാവോയിസ്റ്റുകളെ വധിച്ചു. മുതിർന്ന മാവോയിസ്റ്റ് കമാൻഡറും സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ മൊദം ബാലകൃഷ്ണ എന്ന മനോജാണ് (58) കൊല്ലപ്പെട്ട നേതാവ്. മൈൻപുർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയത്. ഛത്തീസ്ഗഢ് പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്, സി.ആർ.പി.എഫിന്റെ കോബ്ര കമാൻഡോകൾ എന്നിവർ സംയുക്തമായി ഓപ്പറേഷനിൽ പങ്കെടുത്തെന്നും സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും റായ്പൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് അമ്രേഷ് മിശ്ര പറഞ്ഞു. സ്ഫോടകവസ്തുക്കൾ, ആയുധങ്ങൾ, നിരോധിത പ്രചാരണ സാമഗ്രികൾ എന്നിവയും കണ്ടെടുത്തു.
മാവോയിസ്റ്റ് കന്ധമാൽ - കാലാഹണ്ടി - ബൗധ് - നായാഗഡ് (കെ.ക.ബി.എൻ) വിഭാഗത്തെ നയിച്ചിരുന്ന മൊദം ബാലകൃഷ്ണ തെലങ്കാനയിലെ വാറാങ്കലിലാണ് ജനിച്ചത്. ബാലണ്ണ, രാമചന്ദർ, ഭാസ്കർ എന്നീ പേരുകളിലും അറിയപ്പെടുന്ന ബാലകൃഷ്ണ സി.പി.ഐ മാവോയിസ്റ്റിന്റെ ഒഡീഷ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്നു. എൺപതുകളിലാണ് ബാലകൃഷ്ണ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുന്നത്.
അതേസമയം, 10 പേരെ വധിച്ചതു കൂടാതെ 26 പേരെ സുരക്ഷാസേന ഇന്നലെ അറസ്റ്റ് ചെയ്തു. ഗംഗലൂരിൽ നിന്ന് മൂന്ന്, ഭൈരംഗഡിൽ നിന്ന് മൂന്ന്, അവാപള്ളിയിൽ നിന്ന് എട്ട്, ഉസൂരിൽ നിന്ന് എട്ട്, ടാരെമിൽ നിന്ന് നാല് എന്നിങ്ങനെ വ്യത്യസ്ത പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയാണ് അറസ്റ്റ്. ഐ.ഇ.ഡികൾ, കുക്കർ, ടിഫിൻ ബോംബുകൾ, ഡിറ്റണേറ്ററുകൾ, സുരക്ഷാ ഫ്യൂസുകൾ, വയറുകൾ, ബാറ്ററികൾ, കുഴിക്കൽ ഉപകരണങ്ങൾ, ബാനറുകൾ, പോസ്റ്ററുകൾ, ലഘുലേഖകൾ എന്നിവയുൾപ്പെടെയുള്ളവയും സുരക്ഷാ സേന കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഐ.ഇ.ഡികൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായ മാവോയിസ്റ്റുകൾ സമ്മതിച്ചു. ഇവരെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച നാരായൺപൂരിൽ 16 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങിയിരുന്നു. ഇവർ ജനതാന സർക്കാർ, ചേത്ന നാട്യ മണ്ഡലി, പഞ്ചായത്ത് മിലിഷ്യ എന്നിവയുൾപ്പെടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കേഡറുകളാണ്.
ചൊവ്വാഴ്ച ഛത്തീസ്ഗഢിലെ കാങ്കറിലുണ്ടായ ഏറ്റുമുട്ടലിൽ എട്ടുലക്ഷം രൂപ ഈനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചിരുന്നു. സി.പി.ഐ മാവോയിസ്റ്റിന്റെ പീപ്പിൾ ലിബറേഷൻ ഗറില്ല ആർമി ( പി.എൽ.ജി.എ) കമാൻഡറായ മാസയാണ് കൊല്ലപ്പെട്ടത്. അന്നേദിവസം ഗുദാബേദയിലുണ്ടായ ഏറ്റുമുട്ടലിലും ഒരു മാവോയിസ്റ്റിനെ വധിച്ചിരുന്നു. ഛത്തീസ്ഗഢിൽ ഈ വർഷം ഇതുവരെ 241 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |