
ന്യൂഡൽഹി: ആളുകൾ തിരക്ക് പിടിച്ച് പായുന്ന പുതിയ കാലത്ത് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളും ഷോപ്പിംഗ് ആപ്പുകളും ഏറെ സഹായകമാണ്. അത്തരത്തിൽ ഫുഡ് ഡെലിവറി ആപ്പായ സ്വിഗി അവതരിപ്പിച്ച ക്വിക്ക് കൊമേഷ്യൽ ആപ്പാണ് ഇൻസ്റ്റാമാർട്ട്. അടുക്കള ഉപയോഗത്തിനാവശ്യമായ എല്ലാ പലചരക്ക് സാധനങ്ങളും വീട്ടിലേക്കാവശ്യമായ ഉപകരണങ്ങളും ഇൻസ്റ്റാമാർട്ടിലൂടെ ലഭിക്കുന്നു.
ഇപ്പോഴിതാ, ഓൺലൈൻ ഷോപ്പിംഗിന് പുറമെ നേരിട്ടെത്തി ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കുകയാണ് ഇൻസ്റ്റാമാർട്ട്. ഗുരുഗ്രാമിലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ഓഫ്‌ലൈൻ സ്റ്റോർ തുറന്നത്. പരീക്ഷാടിസ്ഥാനത്തിലാണ് പ്രവർത്തനം. ഈ സംവിധാനത്തിൽ കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം നേരിട്ട് വിൽപ്പനക്കാർക്ക് നൽകുന്നു. ഓൺലൈൻ വിൽപ്പനയിലേക്ക് വരുമ്പോൾ പണം സ്വിഗിയ്‌ക്ക് നൽകിയ ശേഷം കമ്പനിയുടെ ഓഹരി കുറച്ച ശേഷമാകും വിൽപ്പനക്കാർക്ക് ലഭിക്കുന്നത്.
ഓൺലൈൻ വിൽപനയ്‌ക്കായി സാധനങ്ങൾ സൂക്ഷിക്കുന്ന ഡാർക്ക് സ്‌റ്റോറുകളുടെ വലിപ്പം 4000 സ്‌ക്വയർ ഫീറ്റാണ്. എന്നാൽ, ഓഫ്‌ലൈൻ സ്‌റ്റോറുകളുടെ വലിപ്പം 400 സ്‌ക്വയർ ഫീറ്റാണ്. ഈ സ്റ്റോറുകളിൽ പ്രധാനമായും പുതിയ പഴങ്ങൾ, പച്ചക്കറികൾ , പയറുവർഗ്ഗങ്ങൾ, പുതിയതായി ലോഞ്ച് ചെയ്യുന്ന ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് ലഭിക്കുന്നത്. ക്യുഐപി വഴി സ്വിഗ്ഗി 10,000 കോടി രൂപ സമാഹരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പരീക്ഷണം. വാസ്തവത്തിൽ, ക്യുഐപി വരുമാനത്തിൻ്റെ പകുതിയോളം ഈ പുതിയ സംവിധാനത്തിന്റെ വിപുലീകരണത്തിലേക്ക് പോകുമെന്ന് കമ്പനി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |