ന്യൂഡൽഹി: വിദേശ യാത്രകളുടെ വിവരങ്ങൾ മറച്ചുവച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കുന്നുവെന്ന് സി.ആർ.പി.എഫ്. വി.വി.ഐ.പി സുരക്ഷാ ചുമതലയുള്ള സി.ആർ.പി.എഫ് ഐജി സുനിൽ ജൂൺ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് അയച്ച കത്തിലാണിത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുലിന് ഇസഡ് പ്ളാസ് സുരക്ഷയുണ്ട്.ഇറ്റലി , വിയറ്റ്നാം , ദുബായ് , ഖത്തർ, ലണ്ടൻ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ വിവരങ്ങൾ അറിയിച്ചില്ലെന്നാണ് പരാതി.
പ്രോട്ടോക്കോൾ പ്രകാരം വി.വി.ഐ.പികൾ സന്ദർശിക്കേണ്ട സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പ്രാദേശിക പൊലീസുമായും രഹസ്യാന്വേഷണ വിഭാഗങ്ങളുമായും ഏകോപിപ്പിച്ച് മുൻകൂർ നിരീക്ഷണം നടത്തേണ്ടതുണ്ട്. അതീവ ഭീഷണിയുള്ളവർക്കുള്ള ഇസഡ് പ്ളസ് എ.എസ്.എൽ സുരക്ഷയാണ് രാഹുലിനുള്ളത്.
2022 ൽ, ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ 113 തവണ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി സി.ആർ.പി.എഫ് പരാതിപ്പെട്ടിരുന്നു. 2023ൽ, കശ്മീരിൽ രാഹുൽ അരമണിക്കൂർ ജനക്കൂട്ടത്തിനിടയിൽ പെട്ടു. കഴിഞ്ഞ മാസം ബിഹാറിൽ നടന്ന 'വോട്ടർ അധികാർ യാത്ര'യ്‌ക്കിടെ ബൈക്കിൽ സഞ്ചരിക്കവെ ഒരാൾ രാഹുലിനെ കെട്ടിപ്പിടിച്ച് ചുംബിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ആളെ പിടിച്ചു മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |