ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളത്തിൽ വിപുലമായ ഐക്യനിര ഉയരണമെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ദുരന്തമുഖങ്ങളിലെ വിവേചനം കേന്ദ്രം അവസാനിപ്പിക്കണം. കേന്ദ്രം സാമ്പത്തിക ഉപരോധം തുടരുമ്പോഴും തനത് വരുമാനം വർദ്ധിപ്പിച്ചു കേരളം മുന്നേറുന്നത് അഭിമാനകരമാണ്. അർത്ഥപൂർണമായ സമ്മേളനം ആലപ്പുഴയിൽ നടത്താനായെന്ന ആത്മവിശ്വാസമുണ്ടെന്ന് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം ഊർജ്ജിതമാണ്. ഭൂരിപക്ഷ,ന്യൂനപക്ഷ വർഗീയതക്കെതിരെ ശക്തമായ പോരാട്ടം തുടരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പുതിയ നിയമനിർമ്മാണം ഉണ്ടാകണം. സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ വിവിധ ജില്ലകളിൽ നിന്ന് 17പേർ പങ്കെടുത്തു.രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ദേശീയ എക്സി. അംഗം കെ. പ്രകാശ് ബാബു മറുപടി പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ ജന്മി - കുടിയാൻ ബന്ധമല്ല വേണ്ടതെന്ന് സ്വാഗത സംഘം ചെയർമാൻ മന്ത്രി. പി.പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്കപ്പ് മർദ്ദനം ഇടത് സർക്കാരിന്റെ നയമല്ല. ലോക്കപ്പ് മർദ്ദനത്തിന്റെ ഭീകരത ഏറ്റുവാങ്ങിയവരിൽ കമ്മ്യുണിസ്റ്റ് പാർട്ടിക്കപ്പുറത്തേക്ക് ആരുമില്ല.എൽ.ഡി.എഫ് പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ജനങ്ങൾക്ക് നേരിട്ട് വിലയിരുത്താമെന്നും പ്രസാദ് പറഞ്ഞു. ഭക്തരുമായി ആശയവിനിമയം നടത്താനുള്ള വലിയ ഇടത്തെ രൂപപ്പെടുത്താനാണ് അയ്യപ്പ സംഗമത്തിലൂടെ ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. സങ്കുചിത ചിന്തകളുടെ പേരിലാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ദൈവങ്ങളെ വോട്ടിനുള്ള ഉപാധിയാക്കരുത്. നവോത്ഥാന മൂല്യങ്ങൾ പോക്കറ്റടിച്ച് പോകാതിരിക്കാൻ സർക്കാർ ഇടപെടണമെന്നും പി.പ്രസാദ് പറഞ്ഞു. സ്വാഗത സംഘം ജനറൽ കൺവീനർ ടി.ജെ.ആഞ്ചലോസും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |