അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ന്യായവിലയ്ക്ക് ലഭ്യമാക്കിയാൽ മാത്രം പോരാ, ആ സൗകര്യം പരമാവധി ജനങ്ങൾക്ക് പ്രാപ്യമാക്കുക കൂടി ചെയ്യുമ്പോഴാണ് സർക്കാരിന്റെ വിപണി ഇടപെടൽ കൂടുതൽ ഫലപ്രദവും പ്രയോജനകരവുമായിത്തീരുക. ആ നിലയ്ക്കുള്ള ഒരു നീക്കമാണ് നിലവിൽ സപ്ളൈകോ വില്പനശാലകളിലൂടെ വിലക്കുറവിൽ വിൽക്കുന്ന ഉത്പന്നങ്ങൾ റേഷൻകടകളിലൂടെയും ലഭ്യമാക്കാനുള്ള ഭക്ഷ്യ- സിവിൽ സപ്ളൈസ് വകുപ്പിന്റെ ആലോചന. ചുരുക്കിപ്പറഞ്ഞാൽ ഓരോ റേഷൻകടയും ഓരോ മാവേലി സ്റ്റോർ ആയി മാറും! സപ്ളൈകോയുടെ സേവന ശൃംഖല വ്യാപിപ്പിക്കുന്നതിനു മാത്രമല്ല, റേഷൻ വ്യാപാരികൾക്ക് അധിക വരുമാനം ഉറപ്പാക്കാനും സഹായകമാണ് ഈ പദ്ധതി. അരി ഇനങ്ങൾ, പഞ്ചസാര, വെളിച്ചെണ്ണ, ഉഴുന്ന്, പയർ, മുളക് എന്നിവ ഉൾപ്പെടെ നിലവിൽ 13 ഉത്പന്നങ്ങൾക്കാണ് സപ്ളൈകോയിൽ സബ്സിഡി നിരക്ക്. ബ്രാൻഡഡ് ഇനങ്ങൾ ഉൾപ്പെടെയുള്ള കൺസ്യൂമർ ഉത്പന്നങ്ങൾക്കും പൊതുവിപണിയിലേതിനെക്കാൾ വില കുറഞ്ഞിരിക്കും. മുഴുവൻ റേഷൻകടകൾ വഴിയും ഈ ആനുകൂല്യം ലഭിക്കുകയെന്നത് പൊതുവിതരണ മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ പോന്നതായിരിക്കും.
വിപ്ളവകരമായ ഈ പദ്ധതിയെക്കുറിച്ചുള്ള വാർത്ത, കോവളം സതീഷ് കുമാറിന്റെ റിപ്പോർട്ടിലൂടെ 'കേരളകൗമുദി"യാണ് ഇന്നലെ പുറത്തുവിട്ടത്. സപ്ളൈകോ ഉത്പന്നങ്ങൾ റേഷൻകടകൾ വഴി വിപണനം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുക മാത്രമാണ് റേഷൻ വ്യാപാരികൾ ചെയ്യേണ്ടത്. ഒരു പൈസ പോലും മുൻകൂറായി നല്കേണ്ടതില്ല. സാധനങ്ങൾ വിറ്റതിനു ശേഷം മാത്രം സപ്ളൈകോയ്ക്ക് പണം നല്കിയാൽ മതി. സംസ്ഥാനത്ത് നിലവിൽ 13,914 റേഷൻ കടകളുണ്ട്. സപ്ളൈകോയ്ക്കു കീഴിലാണെങ്കിൽ സാധാരണ മാവേലി സ്റ്റോറുകൾക്കു പുറമെ പീപ്പിൾസ് ബസാറുകളും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സപ്ളൈകോ സൂപ്പർ മാർക്കറ്റുകളുമുണ്ട്. റേഷൻകടകൾ വഴി സപ്ളൈകോയുടെ സേവനങ്ങൾ ലഭ്യമാവുകയെന്നാൽ, സംസ്ഥാനത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലേക്കു കൂടി സർക്കാരിന്റെ വിപണി സേവനങ്ങൾ എത്തുകയെന്നാണ് അർത്ഥം. പരിമിതമായ റേഷൻ ഉത്പന്നങ്ങൾ മാത്രം കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്ന റേഷൻ കടക്കാർക്കാകട്ടെ, കമ്മിഷൻ ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കുവാനും വഴിയൊരുങ്ങും.
അതേസമയം, മാവേലി സ്റ്റോറുകൾ വഴി ഇപ്പോൾ ലഭിക്കുന്ന ഉത്പന്നങ്ങളെല്ലാം റേഷൻ കടകളിലൂടെ കിട്ടുമെന്നു വന്നാൽ മാവേലി സ്റ്റോറുകളുടെ നിലനില്പുതന്നെ അപകടത്തിലാകുമെന്നും, അവിടങ്ങളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴിൽ ചോദ്യചിഹ്നമാകുമെന്നും ഒരു ആശങ്കയുണ്ട്. ആ ആശങ്ക സ്വാഭാവികവും ന്യായവുമാണു താനും. ഒരേ സേവനം ലഭ്യമാക്കാൻ രണ്ടുതരം സ്ഥാപനങ്ങളുടെ ആവശ്യമെന്തെന്ന് ചോദ്യമുയരുകയും ചെയ്യും. അതിനാൽ, സപ്ളൈകോ ജീവനക്കാരുടെ ജോലിസുരക്ഷ ഉറപ്പാക്കിക്കൊണ്ടു മാത്രമേ സേവന ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നീക്കങ്ങൾ പ്രാവർത്തികമാക്കാനാവൂ. ന്യായവിലയ്ക്ക് കൂടുതൽ സാധനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതു പോലെ തന്നെ പ്രധാനമാണ്, ജീവനക്കാരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുക എന്നതും. അതേസമയം, ഈയൊരു ആശങ്കയുടെ പേരിൽ മാത്രം നിർദ്ദിഷ്ട പരിഷ്കാരം ഉപേക്ഷിക്കേണ്ട കാര്യവുമില്ല.
സപ്ളൈകോയിൽ ലഭ്യമായ നൂറുകണക്കിന് ഉത്പന്നങ്ങൾ റേഷൻ കടകൾ വഴി വിപണനം ചെയ്യണമെങ്കിൽ അതിനു വേണ്ടുന്ന സ്ഥലസൗകര്യം, കൂടുതൽ ജീവനക്കാർ, അനുബന്ധ സൗകര്യങ്ങൾ എന്നിവയുണ്ടാകണം. അത്തരം കാര്യങ്ങൾ ഏതു വിധത്തിൽ നിർവഹിക്കുമെന്നതു സംബന്ധിച്ച് കൂടിയാലോചനകളും പഠനങ്ങളും വേണ്ടിവരുമല്ലോ. നിലവിലെ സപ്ളൈകോ വില്പനശാലകളിലെ ജീവനക്കാരെ പുനർവിന്യസിക്കേണ്ടി വരുന്നെങ്കിൽ അത് പരാതികൾക്ക് ഇടയാക്കാതെ എങ്ങനെ സാദ്ധ്യമാക്കാൻ കഴിയുമെന്ന കാര്യവും ചർച്ചചെയ്യേണ്ടതുണ്ട്. അത് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്യണം. പുനർവിന്യാസത്തിനു തയ്യാറുള്ള ജീവനക്കാരുടെ കണക്കെടുക്കുകയും, അല്ലാത്തവരുടെ ജോലി ഉറപ്പാക്കേണ്ടത് എങ്ങനെയെന്ന് പദ്ധതി തയ്യാറാക്കുകയും വേണം. അതായത്, പദ്ധതിയുടെ ഉദ്ദേശ്യശുദ്ധി പാലിക്കുകയും, അതിനൊപ്പം തന്നെ മാവേലി സ്റ്രോറുകളിലെ ജീവനക്കാരുടെ ആശങ്ക നീക്കുകയും വേണം. ഇതു രണ്ടും കാര്യക്ഷമതയോടെ നിർവഹിക്കാനായാൽ കേരളത്തിൽ പൊതുവിതരണ സംവിധാനത്തിന്റെയും, ന്യായവില വില്പനശാലകളുടെയും സംയോജനത്തിലൂടെ പുതിയൊരു വിപ്ളവമായിരിക്കും അരങ്ങേറുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |