ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. മികച്ച പ്രാസംഗികനാണ്.
മുൻ എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ.വിശ്വനാഥന്റെയും സി.കെ.ഓമനയുടെയും മകൻ. 1955 നവംബർ 25ന് വൈക്കത്ത് ജനനം. വൈക്കം ഗവ. ബോയ്സ് ഹൈസ്‌കൂളിൽ എ.ഐ.എസ്.എഫ് സെക്രട്ടറിയായി തുടക്കം. എം.എ, എൽഎൽ.ബി ബിരുദധാരി. എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി മുതൽ സംസ്ഥാന, അഖിലേന്ത്യ സെക്രട്ടറി വരെയായി. ലോക ജനാധിപത്യ യുവജന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, ഏഷ്യ പസഫിക് കമ്മിഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എ.ഐ.ടി.യു.സി വർക്കിംഗ് പ്രസിഡന്റുമാണ്. സി.പി.ഐ മുഖപത്രമായ ന്യൂ ഏജിന്റെയും ജനയുഗം ദിനപ്പത്രത്തിന്റെയും പത്രാധിപരാണ്.
നാദാപുരത്തു നിന്ന് രണ്ടുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006-11ൽ വി.എസ് മന്ത്രിസഭയിൽ വനം,ഭവന വകുപ്പ് മന്ത്രിയായിരുന്നു. 2018 മുതൽ 2024 വരെ രാജ്യസഭാംഗവുമായി. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്. തൊഴിൽ സമരങ്ങളിൽ പങ്കെടുത്ത് തടവുശിക്ഷ നുഭവിച്ചിട്ടുണ്ട്.
ഭാര്യ: കൂത്താട്ടുകുളം മേരിയുടെ മകൾ ഷൈല പി. ജോർജ്. മക്കൾ: രശ്മി ബിനോയ് (മാദ്ധ്യമപ്രവർത്തക), സൂര്യ ബിനോയ് (ഹൈക്കോടതി അഭിഭാഷക).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |