കോട്ടയം: നാട്ടുകാരുടെ ഉറക്കം കെടുത്തി മരപ്പട്ടികൾ പെരുകുന്നു. വീടുകളുടെ മച്ചിലും സീലിംഗിലും മരപ്പട്ടികൾ തലങ്ങും വിലങ്ങും പായുന്നതിനാൽ ഉറങ്ങാൻ കഴിയാതെയും ആളുകൾ ബുദ്ധിമുട്ടുന്നു. ഇവയുടെ മൂത്രത്തിന് രൂക്ഷ ഗന്ധമാണ്. തട്ടിൻപുറങ്ങളിൽ ഇവ കാഷ്ടിച്ചും മൂത്രം ഒഴിച്ചിടുന്നത് മൂലവും തടി ദ്രവിച്ചതിന് ഇടയിലൂടെ കട്ടിലുകളിലും മുറികളിലും എത്തുന്നു. ചൊറിച്ചിലും അലർജിയും ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
കോൺക്രീറ്റ് മേൽക്കൂര ഇല്ലാത്തതും ഓടും ഷീറ്റും മേഞ്ഞതുമായ സാധാരണക്കാരുടെ വീടുകളിലാണ് ശല്യം കൂടുതൽ. പകൽ ഉറക്കവും രാത്രി സഞ്ചാരവുമാണ് മരപ്പട്ടികളുടെ രീതി. ഒരു പ്രസവത്തിൽ നാലും അഞ്ചും കുട്ടികളുണ്ടാകും. എണ്ണം പെരുകിയതോടെ വീടുകളിൽ കോഴി,മുയൽ തുടങ്ങിയവയെയൊന്നും വളർത്താൻ കഴിയാതായി. കഴുത്തിന് കടിച്ചു ചോര കുടിച്ച ശേഷം ശരീര ഭാഗങ്ങൾ ഉപേക്ഷിക്കുന്നു. വീടുകളിലെ വളർത്തു പൂച്ചകളെയും ഇവ ഭക്ഷണമാക്കാൻ തുടങ്ങി. ഭക്ഷണത്തിനു ശേഷം കിണറിൽ ഇറങ്ങി വെള്ളവും ഇവ മലിനമാക്കുന്നു. പനങ്കായാണ് ഇവയ്ക്കു പ്രിയം. നാട്ടിൻ പുറങ്ങളിലെ പനയിൽ കയറി ഇവ പനങ്കായ തിന്നു തുപ്പുന്ന അവശിഷ്ടം നീക്കം ചെയ്യേണ്ട തലവേദനയും നാട്ടുകാർക്കുണ്ടാകുന്നു .
വനം വകുപ്പ് പിടിക്കില്ല ,കൊന്നാൽ നാട്ടുകാർ പ്രതിയാകും
പാമ്പിനെ പിടിക്കാൻ വനം വകുപ്പ് ജീവനക്കാർക്കും നാട്ടുകാർക്കും പരിശീലനം നൽകുന്നു. എന്നാൽ സംരക്ഷിത വിഭാഗത്തിൽ പെട്ട മരപ്പട്ടികളെ പിടികൂടാനോ കൊല്ലാനോ നാട്ടുകാർക്ക് അനുവാദമില്ല. വനനിയമപ്രകാരം കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും . ജനങ്ങളുടെ സ്വൈര്യജീവിതത്തിനു തടസം സൃഷ്ടിച്ച് അക്രമ സ്വഭാവം കാട്ടുന്ന മരപ്പട്ടികളെ കൊല്ലാൻ അനുവദിക്കുകയോ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംരക്ഷിത വിഭാഗത്തിൽ പെട്ടതാണെങ്കിലും മരപ്പട്ടികളുടെ ശല്യത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ വനം വകുപ്പ് തയ്യാറാകണം. അക്രമണകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്നതു പോലെ മരപ്പട്ടികളെ കൊല്ലാനും അനുമതി വേണം.അതല്ലെങ്കിൽ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി മരപ്പട്ടികളെ പിടിച്ചു കൊണ്ടുപോകാൻ നടപടി സ്വീകരിക്കണം.- എബി ഐപ്പ്, പൊതു പ്രവർത്തകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |