അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അനായാസ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 14.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക മറികടന്നു. രണ്ടാം വിക്കറ്റില്‍ പാത്തും നിസംഗ - കാമില്‍ മിഷാര സഖ്യം പടുത്തുയര്‍ത്തിയ 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് ലങ്കന്‍ ജയം എളുപ്പമാക്കിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് രണ്ടാം ഓവറില്‍ ടീം സ്‌കോര്‍ 13ല്‍ നില്‍ക്കെ ഓപ്പണര്‍ കുസാല്‍ മെന്‍ഡിസിന്റെ വിക്കറ്റ് നഷ്ടമായി. 3(6) മാത്രമായിരുന്നു താരത്തിന്റെ സംഭാവന. രണ്ടാം വിക്കറ്റില്‍ മറ്റൊരു ഓപ്പണര്‍ പാത്തും നിസംഗ 50(34) കാമില്‍ മിഷാരയ്ക്ക് 46*(32) ഒപ്പം നേടിയ 95 റണ്‍സ് കൂട്ടുകെട്ട് വിജയലക്ഷ്യം പിന്തുര്‍ന്ന ശ്രീലങ്കയ്ക്ക് നിര്‍ണായകമായി. 52 പന്തുകളില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് 95 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത്. നിസംഗ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് വന്ന കുസാല്‍ പെരേര 9(9), ദസൂണ്‍ ഷണക 1(3) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ക്യാപ്റ്റന്‍ ചാരിത് അസലങ്ക 10*(4) പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് ആണ് നേടിയത്. 9.5 ഓവറില്‍ 53ന് അഞ്ച് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ട് നില്‍ക്കവെ ജാക്കര്‍ അലി 41*(34), ഷമീം ഹുസൈന്‍ 42*(34) എന്നിവര്‍ പിരിയാത്ത ആറാം വിക്കറ്റില്‍ 61 പന്തുകളില്‍ നിന്ന് നേടിയ 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ കരകയറ്റിയത്. ഓപ്പണര്‍മാരായ തന്‍സീദ് ഹസന്‍, പര്‍വേസ് ഹുസൈന്‍ ഈമോന്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി.
ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് 28(26), മെഹ്ദി ഹസന്‍ 9(7), തൗഹിദ് ഹൃദോയ് 8(9) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ശ്രീലങ്കയ്ക്ക് വേണ്ടി വാണിന്ദു ഹസരംഗ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നുവാന്‍ തുഷാരയ്ക്കും ദുഷ്മന്ത ചമീരയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |