തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കാൻ സാദ്ധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. മണ്ഡലം പിടിച്ചെടുക്കാൻ കരുത്തനായ ഇടത് സ്ഥാനാർത്ഥിയെ ആണ് സി.പിഎം നിയോഗിച്ചിട്ടുള്ളത്. അതുവരെ സി.എച്ച് കുഞ്ഞമ്പുവിന്റെ പേര് ഉയർന്നു കേട്ടെങ്കിലും അവസാന നിമിഷം ശങ്കർ റേ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ ചെർക്കളം അബ്ദുള്ളയെ തോൽപ്പിച്ച് അട്ടിമറി വിജയം നേടിയത് കുഞ്ഞമ്പു ആയിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കി പാർട്ടി ശങ്കർ റേയെ കൊണ്ടുവരികയായിരുന്നു.
പാർട്ടിയുടെ കാസർകോട് ജില്ലാ കമ്മറ്റി അംഗമാണ് ശങ്കർ റേ. പുത്തിഗെ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കന്നഡ ബന്ധം തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ വിഷയമാക്കിയേക്കും എന്ന സൂചനയാണ് സ്ഥാനാർത്ഥി നൽകുന്നത്. തുളുനാട്ടിൽ നിന്നുള്ള ഒരാൾ പ്രതിനിധിയായി വരണമെന്നാണ് രാഷ്ട്രീയത്തിന് അതീതമായി മണ്ഡലത്തിലെ ജനങ്ങളുടെ മനസ്സിലുള്ള വികാരമെന്നുമാണ് സ്ഥാനാർത്ഥി പ്രഖ്യാനത്തിന് ശേഷമുള്ള ശങ്കർ റേയുടെ പ്രതികരണം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് പിന്തള്ളിയെങ്കിലും ശക്തമായി തിരിച്ചു വരാൻ പറ്റുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ മുന്നാംസ്ഥാനത്തേക്ക് പോയി എന്നത് സാങ്കേതികം മാത്രമാണെന്നും ഇത്തവണ മഞ്ചേശ്വരത്തെ ജനം തന്നെ ഒന്നാം സ്ഥാനത്തേക്ക് കൈപിടിച്ചുയർത്തുമെന്നും ശങ്കർ റേ പ്രതീക്ഷയർപ്പിക്കുന്നു. ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ കന്നഡ മേഖലയിൽ നിന്നുള്ള നേതാവും യക്ഷഗാനം കലാകാരനുമായ ശങ്കർ റേയ്ക്ക് മണ്ഡലത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകൾ വിലയിരുത്തുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ പ്രാദേശിക വാദം ഉയർന്നുവരുന്നതും കോൺഗ്രസ് നേതാവായിരുന്ന സുബ്ബറായിയെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി ശ്രമിക്കുന്നതും സി.പി.എമ്മിന്റെ തീരുമാനം മാറ്രാൻ കാരണമായെന്ന് വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |