തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിക്കന്നത് തടയാൻ ഊർജ്ജിത പ്രതിരോധ പ്രവർത്തനത്തിന് ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകി. ആരാധനാലയങ്ങളിലേതടക്കം കെട്ടിക്കിടക്കുന്ന ജലാശയങ്ങൾ പരിശോധിക്കും. വൃത്തിഹീനമായവയുടെ ഉപയോഗം തടയും.
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളത്തിൽ നിന്നാണ് 17 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് തീരുമാനം. നീന്തൽ കുളത്തിലെ വെള്ളം മൂക്കിൽ കയറിയതാണ്‌രോഗ കാരണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് 16 നാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളത്തിൽ കുട്ടികൾ ഇറങ്ങിയത്. നാലുപേരാണ് ഉണ്ടായിരുന്നത്. എല്ലാവരും സ്‌കൂൾ, ട്യൂഷൻ സെന്ററിലെ സഹപാഠികളാണ്. പിറ്റേന്ന് തന്നെ കുട്ടിക്ക് കടുത്ത തലവേദന ഉണ്ടായി. ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
രോഗം കലശലായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. 17 കാരൻ ഐ.സി.യുവിൽ തുടരുകയാണ്. മറ്റു മൂന്നു കുട്ടികൾക്കും രോഗലക്ഷണങ്ങൾ ഇല്ല. നിരീക്ഷണത്തിൽ തുടരുകയാണ്.
ആഗസ്റ്റ് 16 മുതൽ ശനിയാഴ്ചവരെ പൂളിൽ ഇറങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. ഇവരെയും നിരീക്ഷണത്തിലാക്കും.
കുളത്തിലെ വെള്ളത്തിന്റെ പരിശോധന ഫലം വന്നിട്ടില്ല. വന്നശേഷമാകും തുടർനടപടികൾ.
കുഞ്ഞിന് എങ്ങനെ രോഗം വന്നു?
ജലാശയങ്ങളിൽ നിന്നാണ് മിക്കവർക്കുംരോഗബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുമ്പോൾ തന്നെ മൂന്നുമാസം പ്രായമുള്ള കുട്ടിക്കടക്കംരോഗം ബാധിച്ചത് എങ്ങനെ എന്ന സംശയം ബലപ്പെടുന്നു. മറ്റൊരു കുപ്പിയിലേക്ക് പകർന്നുവെച്ച വിദേശത്തു നിന്നും കൊണ്ടു വന്ന പുണ്യജലം കുഞ്ഞിന്റെ മൂക്കിൽ ഒഴിച്ചുവെന്ന റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അന്തരീക്ഷത്തിൽ
അക്കാന്ത അമീബ
രോഗത്തിന് കാരണമാകുന്ന 'അക്കാന്ത അമീബ'യുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്‌കജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |