ആലത്തൂർ: ജില്ലയിലെ നെൽപ്പാടങ്ങളിൽ മുഞ്ഞയുടെ ആക്രമണം രൂക്ഷമാവുന്നു. ആലത്തൂർ കൃഷിഭവൻ പരിധിയിലുള്ള കാട്ടശ്ശേരി പാടശേഖരത്തിൽ വിള ആരോഗ്യകേന്ദ്രം നടത്തിയ ഫീൽഡ് സർവേയിൽ രണ്ടുമാസം മാത്രം പ്രായമായ ജ്യോതി ഇനത്തിൽപ്പെട്ട നെൽപാടത്താണ് മുഞ്ഞയുടെ ആക്രമണം രൂക്ഷമാണെന്ന് കണ്ടെത്തിയത്. നൗഷാദ് എന്ന കർഷകന്റെ പാടത്താണ് സർവേ നടത്തിയത്. തവിട്ട്, വെള്ള നിറത്തിൽ ഉള്ള ചെറിയ പ്രാണികൾ നെല്ലിന്റെ ചുവടുഭാഗത്തു കൂട്ടം കൂടിയിരുന്ന് ചെടികളിൽ നിന്നു നീരൂറ്റിക്കുടിക്കുന്നതു മൂലം ചെടികൾ മഞ്ഞളിക്കുകയും ക്രമേണ കരിഞ്ഞുപോവുകയും ചെയ്യുന്നതാണു രോഗലക്ഷണം. തണ്ടും ഇലകളും ആദ്യം ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിലാവുകയും പിന്നീട് കരിഞ്ഞുണങ്ങുകയും ചെയ്യും. ആദ്യം ഒരു ഭാഗത്തായിരിക്കും ആക്രമണം കാണപ്പെടുന്നതെങ്കിലും പിന്നീട് അതു വട്ടത്തിൽ മറ്റുള്ള ഭാഗങ്ങളിൽ കൂടി വ്യാപിക്കും. നെൽച്ചെടികൾ തട്ടിനോക്കിയാൽ കീടങ്ങൾ പറക്കുന്നതായി കാണാം. അതിനാൽ മഞ്ഞളിപ്പും കരിച്ചിലും പാടത്തു പ്രത്യക്ഷപ്പെട്ടാൽ ജാഗ്രത പാലിക്കണം. ഇല്ലെങ്കിൽ ആക്രമണം രൂക്ഷമായി നെൽപാടം മുഴുവനും കരിഞ്ഞുണങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കതിരുവന്ന നെൽച്ചെടികളിൽ മുഞ്ഞ ആക്രമണം ഉണ്ടായാൽ വിളവ് തീരെ ലഭിക്കുകയില്ലെന്നതു കർഷകരെ പ്രതിസന്ധിയിലാക്കും.
നിയന്ത്രണ മാർഗങ്ങൾ.
1. പാടത്തു വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ വാർത്തുകളയുക.
2. അമിതമായ നൈട്രജൻ വളപ്രയോഗം ഒഴിവാക്കുക.
3. കീടാക്രമണം രൂക്ഷമാകുമ്പോൾ ഇമിഡാക്ലോപ്രിഡ് പ്രയോഗിക്കാം. 18.5 മില്ലി 10 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്‌പ്രേ ചെയ്തു കൊടുക്കണം.
4. നെൽപാടത്തെവെള്ളം വാർത്തുകളഞ്ഞ ശേഷം നെൽച്ചെടികൾ വകഞ്ഞുമാറ്റി ചെടിയുടെ കടഭാഗം ചേർന്നു സ്‌പ്രേ ചെയ്തു കൊടുക്കുക
5. അല്ലെങ്കിൽ തയോമിതോക്സം 2 ഗ്രാം 10 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചുകൊടുക്കുക.
5. അല്ലെങ്കിൽ ബ്യൂപ്രൊഫെ സിൻ (അപ്പൊഡ്) 2 മില്ലി 10 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |