കൊച്ചി : പിരിച്ചുവിട്ട എംപാനൽ ഡ്രൈവർമാരെ ലീവ് വേക്കൻസിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ടെങ്കിൽ ഇവരെ ഒഴിവാക്കി ഒക്ടോബർ മൂന്നിന് സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി.
ആലപ്പുഴ സ്വദേശി വേണുഗോപാൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നിർദ്ദേശം. പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിലുൾപ്പെട്ട വ്യക്തിയാണ് ഹർജിക്കാരൻ.
എംപാനൽ ഡ്രൈവർമാരെ ഏപ്രിൽ 30 നകം ഒഴിവാക്കി 2455 ഒഴിവുകളിലേക്ക് പി.എസ്.സി നിയമനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിരിച്ചുവിട്ടെങ്കിലും ഇവരെ തൊട്ടടുത്ത ദിവസം തന്നെ തിരിച്ചെടുത്തെന്നും 1700 ഒാളം എംപാനൽ ഡ്രൈവർ തുടരുന്നുണ്ടെന്നുമാണ് ഹർജിക്കാരന്റെ ആരോപണം.
സ്ഥിര നിയമനം പറ്റില്ലെന്ന് കെ.എസ്.ആർ.ടി.സി
സാമ്പത്തിക പ്രതിസന്ധി മൂലം ഡ്രൈവർമാരുടെ സ്ഥിര നിയമനം സാദ്ധ്യമല്ലെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി എം.പി ദിനേശ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സ്ഥിരം ഡ്രൈവർമാരുടെ ലീവ് വേക്കൻസിയിലേക്ക് മതിയായ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവരെ നിയമിക്കണമെന്ന് ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്രൈവർമാരുടെ ക്ഷാമമുള്ളതുകൊണ്ടാണ് പ്രവൃത്തിപരിചയമുള്ളവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കണക്കിങ്ങനെ
സ്ഥിരം ഡ്രൈവർമാർ : 10691
ഒരു ദിവസത്തെ ഷെഡ്യൂൾ : 4000
ഇതിനു വേണ്ട ഡ്രൈവർമാർ : 11,000
അധികം വേണ്ട ഡ്രൈവർമാർ : 309
അവധിയെടുത്തവർ : 6587
(ജൂലായ് ഒന്നു മുതൽ ആഗസ്റ്റ് എട്ടുവരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |