യുദ്ധതന്ത്രത്തിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യൻ വ്യോമസേന. ആധുനിക യുദ്ധരംഗങ്ങളിൽ അനിഷേധ്യ സാന്നിദ്ധ്യമായ സ്റ്റെൽത്ത് വിമാനങ്ങളുടെ ഏറ്റവും പുതിയ സ്‌ക്വാഡ്രനുകളുണ്ടാക്കാനാണ് ശ്രമം. ആളില്ലാ സ്റ്റെൽത്ത് വിമാനങ്ങളുടെ 20 സ്‌ക്വാഡ്രണുകളെങ്കിലും 2040നകം തയ്യാറാക്കാനാണ് പദ്ധതി. 300 മുതൽ 400 വരെ യുദ്ധവിമാനങ്ങൾ ഇതിലുണ്ടാകും. മനുഷ്യ നിയന്ത്രിതമായ യുദ്ധവിമാനങ്ങളുടെ 42 സ്‌ക്വാഡ്രണുകൾ സാദ്ധ്യമാക്കുക എന്ന വ്യോമസേനയുടെ സ്വപ്‌നത്തിന് സമാന്തരമായാകും ആളില്ലാ സ്റ്റെൽത്ത് വിമാനങ്ങളുടെ സ്‌ക്വാഡ്രനും സാദ്ധ്യമാക്കുക.
ചെറിയ സ്റ്റെൽത്ത് ഫൈറ്റർ ബോംബർ വിമാനങ്ങൾ മുതൽ വലിയ ആളില്ലാ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വരെ വിവിധ പ്ളാറ്റ്‌ഫോമുകളിൽ തയ്യാറാകും. ഒരു ടൺ മുതൽ 13 ടൺ വരെ ഭാരമുള്ള യുദ്ധവിമാനങ്ങൾ ഈ പ്ളാറ്റ്‌ഫോമിൽ വ്യോമസേനയ്‌ക്കുണ്ടാകും. രാജ്യത്തിന്റെ സ്ഥിരം എതിർ രാജ്യങ്ങളായ പാകിസ്ഥാനിലെയും ചൈനയിലെയും സാഹചര്യങ്ങൾക്കനുസരിച്ച് പോരാടാൻ കഴിയുന്നവയാകും ഇവ.20 സ്‌ക്വാഡ്രനുകളിൽ ഓരോ സ്‌ക്വാഡ്രനിലും 16 മുതൽ 20വരെ ആളില്ലാ യുദ്ധവിമാനങ്ങൾ ആണ് സേന ലക്ഷ്യം വയ്‌ക്കുന്നത്. ഇവ പ്രധാനമായും മൂന്ന് തരമായാകും.
കൊളാബുറേറ്റീവ് യുദ്ധവിമാനങ്ങൾ (സിസിഎ): ആളില്ലാ യുദ്ധകപ്പലുകളോടൊപ്പം രൂപപ്പെടുത്തിയെടുത്തവ ആണ് ഇവ. ഒന്ന് മുതൽ അഞ്ച് ടൺ വരെ ഭാരമുണ്ടാകും. മനുഷ്യർക്കൊപ്പമോ അല്ലാതെയോ സഹകരിച്ച് യുദ്ധമേഖലയിൽ പ്രവർത്തിക്കാൻ കഴിയുന്നവയാണിവ. ഇവയിൽ സെൻസറുകൾ, ഇലക്‌ട്രോണിക് യുദ്ധസാമഗ്രികൾ (ബ്രഹ്‌മോസ്, സ്‌മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ (എസ്എഎഡബ്ളിയു)) എന്നിവയൊക്കെ ഉൾപ്പെടുത്താനാകും. ഇവ ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനത്തെ തകർക്കും കൃത്യമായി ലക്ഷ്യത്തിലെത്തുകയും ചെയ്യും. 10 മുതൽ 12 സിസിഎ സ്‌ക്വാഡ്രനുകളാണ് വ്യോമസേന ലക്ഷ്യം വയ്‌ക്കുന്നത്.
ടാക്‌റ്റിക്കൽ സ്റ്റെൽത്ത് ഫൈറ്ററുകൾ: രണ്ടാമത് ഇവയാണ്. അഞ്ച് മുതൽ 10 ടൺ വരെ ഭാരം വരുന്ന ഇവ രുദ്രം ആന്റി റേഡിയേഷൻ മിസൈൽ, അല്ലെങ്കിൽ ബ്രഹ്‌മോസ്-2 ഹൈപ്പർസോണിക് മിസൈലുകൾ വഹിക്കുന്നവയാകും. ശത്രുവിന്റെ ഏതുതരം ലക്ഷ്യസ്ഥാനത്തും കൃത്യമായി തകർക്കാൻ ഇവകൊണ്ട് കഴിയും.
ആളില്ലാ സ്റ്റെൽത്ത് ഫൈറ്ററുകൾ: മൂന്നാമത്തേതും ഏറ്റവും ഭാരമേറിയതുമായ വിഭാഗം ഇവയാണ്. 10 മുതൽ 13 ടൺ ഭാരമുണ്ടാകും ഇവയ്‌ക്ക്. ഡിആർഡിഒയുടെ ഖാതക് എന്ന ആളില്ലാ കോംബാറ്റ് ഏരിയൽ വിമാനം ഇതിൽ പെടും. അഞ്ചാം തലമുറ സാധാരണ യുദ്ധവിമാനങ്ങളുടെ എല്ലാ കഴിവും ഈ വിഭാഗത്തിലെ വിമാനങ്ങൾക്കുണ്ട്. നാല് ടൺ പേലോഡ് വഹിക്കാവുന്ന ഇവ സ്വതന്ത്രമായ മിഷനുകൾക്കോ സിസിഎ ഡ്രോണുകൾക്കൊപ്പമോ ഉപയോഗിക്കാം. ആകാശപോരാട്ടങ്ങൾക്കായോ ആകാശത്ത് നിന്നും കരയിലേക്കുള്ളതോ ആയ ലക്ഷ്യം കാണാൻ കഴിയും. മൂന്ന് വർഷത്തിനകം ഇവയുടെ മാതൃക തയ്യാറാക്കി നൽകുക ഡിആർഡിഒ ആകും. ശേഷം എച്ച്‌എഎൽ മാതൃക തയ്യാറാക്കുന്നത് അനുസരിച്ചായിരിക്കും ഇവ സേനയുടെ ഭാഗമാകുക എന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |