വെഞ്ഞാറമൂട്: കോഴി ഫാമുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. അനിയന്ത്രിതമായി ചൂട് കൂടിയതും കോഴിത്തീറ്റ വില കുത്തനെ ഉയർന്നതും കോഴിക്കർഷകരെ പ്രതിസന്ധിയിലാക്കി. 50 കിലോയുടെ ഒരുചാക്ക് കോഴിത്തീറ്റയ്ക്ക് മൂന്നുമാസത്തിനിടെ 300 രൂപയോളമാണ് കൂടിയത്.
രോഗങ്ങൾ കാരണം കോഴികൾ ചാകുന്നത് നഷ്ടം വർദ്ധിപ്പിക്കും. മരുന്ന്, വെള്ളം എന്നിവയ്ക്കും പണം വേറെ കണ്ടെത്തണം. വലിയ ഫാമുകളിൽ തൊഴിലാളികൾക്കുള്ള കൂലിയും വലിയ ബാദ്ധ്യതയാണ്. സ്വന്തമായി വളർത്തുന്നവർക്ക് പണിക്കൂലിപോലും പലപ്പോഴും ലഭിക്കാറില്ലെന്നും കർഷകർ പറയുന്നു. മണ്ഡലകാലമാകുന്നതോടെ കച്ചവടം ഇനിയും കുറയുമെന്ന ഭീതിയിലാണ് കച്ചവടക്കാർ.
പ്രീസ്റ്റാർട്ടർ മുതൽ ഫിനിഷർ വരെ
കോഴികൾക്ക് പ്രീസ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ എന്നിങ്ങനെയാണ് തീറ്റ നൽകുന്നത്. കുഞ്ഞായിരിക്കേ നൽകുന്ന തരിയില്ലാത്ത തീറ്റയാണ് പ്രീ സ്റ്റാർട്ടർ, പ്രോട്ടീൻ കൂടുതലുള്ളതാണ് സ്റ്റാർട്ടർ, അടുത്തത് ഫിനിഷർ. 45 ദിവസം വരെയാണ് കോഴികളെ വളർത്തേണ്ടത്. ഒരു കോഴിക്ക് കുറഞ്ഞത് 3കിലോ തീറ്റ വേണ്ടിവരും. വൈദ്യുതി, അറക്കപ്പൊടി എന്നിവയുടെ ചെലവ് കൂടി കൂട്ടിയാൽ നഷ്ടം പിന്നെയും കൂടും.
കോഴിവളർത്തൽ കുറയുന്നു
1.വേനൽക്കാലത്ത് കോഴിയെ വളർത്താൻ വലിയ ബുദ്ധിമുട്ടാണെന്ന് കർഷകർ പറയുന്നു. അതിനനുസരിച്ച് പരിചരിക്കണം. എന്നാൽ, കഷ്ടപ്പാടിനനുസരിച്ചുള്ള ലാഭം ലഭിക്കില്ല
2. ലാഭം ലഭിക്കാതായതോടെ കർഷകർ കോഴിവളർത്തൽ കുറച്ചു. ഇത് കോഴിവില കൂടാൻ ഇടയാക്കി. ഒരാഴ്ചകൊണ്ട് കോഴിവിലയിൽ 25 രൂപയോളമാണ് കൂടിയത്.135മുതൽ 140 രൂപവരെയാണ് ഇപ്പോഴത്തെ വില
3. ഒരാഴ്ചമുമ്പ് 20 മുതൽ 25 വരെ വിലയുണ്ടായിരുന്ന കൊഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 40 രൂപയാണ് വില. തമിഴ്നാട്ടിൽ നിന്നാണ് കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഗതാഗത ചെലവടക്കം വലിയ തുക ഈ ഇനത്തിൽ കർഷകർക്ക് നഷ്ടമാകും
കോഴിവില- 135- 140 വരെ
കോഴിത്തീറ്റ വില (നിലവിൽ, 3 മാസം മുമ്പ്)
പ്രീ സ്റ്റാർട്ടർ: 2250, 1950
സ്റ്റാർട്ടർ: 2200, 1900
ഫിനിഷർ: 2150, 1850
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |