SignIn
Kerala Kaumudi Online
Thursday, 18 September 2025 5.57 AM IST

ഇനി ഉപദ്രവിച്ചാൽ കൊല്ലാം, തിന്നാം

Increase Font Size Decrease Font Size Print Page
asd

കുടിയേറ്റകാലത്ത് വന്യമൃഗങ്ങളോടും മലമ്പനിയോടും പൊരുതിയാണ് മലയോര കർഷകർ മണ്ണിൽ കാലുറപ്പിച്ചത്. പിന്നീട് വന്യമൃഗങ്ങൾ കാടിറങ്ങുന്നത് കുറഞ്ഞു. പതിയെ തീരെ ഇല്ലാതായി. എന്നാൽ കഴിഞ്ഞ പത്തുവർഷത്തോളമായി വന്യജീവികളുടെ ആക്രമണം കുടിയേറ്റ കാലത്തിന് സമാനമായി രൂക്ഷമാണ്. ജീവനും സ്വത്തിനും ഒരു സുരക്ഷിതത്വമില്ലാത്ത സ്ഥിതി. കാട്ടാന, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങി മയിൽ വരെയാണ് നാട്ടിലിറങ്ങി ജനജീവിതം ദുസഹമാക്കുന്നത്. വർഷങ്ങളുടെ അദ്ധ്വാനം നിമിഷനേരം കൊണ്ട് നശിപ്പിക്കുന്നത് നിസഹായരായി നോക്കിനിൽക്കേണ്ട ഗതികേടിലാണ് കർഷകർ. അബദ്ധത്തിൽ ആനയടക്കമുള്ളവയുടെ മുന്നിൽപ്പെട്ട നിരവധി മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും കുറവല്ല. ഈ രൂക്ഷമായ വന്യമൃഗശല്യം പ്രതിരോധിക്കാൻ ഓരോ വർഷവും കോടികളുടെ പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കുന്നതെങ്കിലും ഒന്നും ഫലവത്തായില്ല. വന്യജീവികൾ ജനവാസ മേഖലയിലിറങ്ങുന്നത് തടയാൻ വനത്തിനുള്ളിൽ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനായി വനംവകുപ്പ് നടപ്പാക്കിയ പദ്ധതികളെല്ലാം പാഴ്‌‌‌വേലയായി. ഇതു കൂടാതെ എക്കോ റീസ്റ്റോറേഷൻ, കാടുവെട്ട്, ഫയർലൈൻ തെളിക്കൽ, ഫയർ ബ്രേക്കിംഗ്, ട്രഞ്ച് പാത്ത് തുടങ്ങിയ പേരുകളിലും ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. 2016ന് ശേഷം ജില്ലയിൽ 10 കോടിയിലേറെ രൂപയാണ് വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനായി ചെലവഴിച്ചത്.


കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താനായി കർഷകർ സ്വന്തം നിലയ്ക്ക് പല പരീക്ഷണങ്ങൾ നടത്തിയിട്ടും പരാജയമായിരുന്നു ഫലം. ഈ ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് മലയോര കർഷകരുടെ ദീ‌ർഘനാളായുള്ള ആവശ്യം അംഗീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. അങ്ങനെ ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗം ആരെയെങ്കിലും ആക്രമിച്ച് പരിക്കേൽപ്പിച്ചാൽ ഉടൻ തന്നെ ആ വന്യമൃഗത്തെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതിനുള്ള കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായ ജില്ലയിലെ വനമേഖലയോട് ചേർന്ന് അധിവസിക്കുന്ന കർഷകർക്കും ആദിവാസികൾക്കും ബിൽ നിയമമായാൽ വലിയ ആശ്വാസമാകും. വന്യജീവി ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കേറ്റാൽ ബന്ധപ്പെട്ട ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ അക്കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് ചെയ്താൽ അദ്ദേഹത്തിന് മറ്റ് നടപടിക്രമങ്ങൾക്ക് വേണ്ടി സമയം പാഴാക്കാതെ തന്നെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാം. നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറിലെയും നടപടിക്രമങ്ങൾ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാൻ സാദ്ധ്യമാക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകൾ. പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചാൽ ജനന നിയന്ത്രണം, നാടുകടത്തൽ എന്നിവയ്ക്കും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല. പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചുവെന്ന് കണ്ടാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ ഇപ്പോൾ കേന്ദ്ര സർക്കാരിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സർക്കാരിന് ഈ അധികാരം നൽകുന്നതിനും ബില്ലിൽ വ്യവസ്ഥ ചേർത്തിട്ടുണ്ട്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത്തരം വന്യജീവിയെ ആർക്ക് വേണമെങ്കിലും ഏതു വിധത്തിലും കൊല്ലാം. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസമുണ്ടാകില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന്റെ നിവേദനങ്ങൾ വഴിയും നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്ര സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഭേദഗതി ബിൽ കൊണ്ടുവന്നത്.

അഞ്ച് കൊല്ലം,

കൊല്ലപ്പെട്ടത് 486 പേർ

വനം പരിസ്ഥതി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2019 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തിനിടെ 486 പേരാണ് വന്യജീവി ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 124 എണ്ണം കാട്ടാനയുടെയും ആറെണ്ണം കടുവയുടെയും ആക്രമണത്തിലാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ നടക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി.

വേട്ട ഇവിടെ മാത്രമല്ല

മാനിന്റെ എണ്ണം പെരുകുന്നതിന് അനുസരിച്ച് അതിനെ കൊല്ലാൻ ആസ്‌ട്രേലിയയിലും അമേരിക്കയിലും അനുവാദമുണ്ട്. എല്ലാ ജീവികളുടെയും എണ്ണം നിയന്ത്രിക്കാനും സന്തുലിതമായി നിലനിറുത്താനും പ്രകൃതി തന്നെ നിശ്ചയിച്ച ഇരപിടിയൻ ക്രമമുണ്ട്. പന്നിതന്നെ ഉദാഹരണം. ഒറ്റ പ്രസവത്തിൽ നിരവധി കുഞ്ഞുങ്ങളുണ്ടാകുന്ന ജീവിയാണ് പന്നി. ഇടയ്ക്കിടെ പ്രസവിക്കാനുള്ള ശേഷിയുമുണ്ട്. സ്വാഭാവികമായും എണ്ണം കൂടും. പെരുമ്പാമ്പുകൾ ഉൾപ്പെടെ പന്നിക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന, ജീവികൾ പലതുമുണ്ട്. പ്രകൃതിയിൽത്തന്നെയുള്ള ആഹാര ശൃംഖലയുടെ ഭാഗമാണ് ഇവ. പക്ഷേ, കാട് കുറഞ്ഞപ്പോൾ ഇത്തരം ജീവികൾ ഇല്ലാതാവുകയോ കുറയുകയോ ചെയ്തു. ആഹാര ശൃംഖലയിലെ കണ്ണികൾ മുറിയുമ്പോൾ ചില ജീവികൾ മാത്രം ക്രമരഹിതമായി വർദ്ധിക്കുന്നത് സ്വാഭാവികം. കാട്ടുപന്നികളുടെ എണ്ണം അങ്ങനെ വർദ്ധിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവയ്ക്കുന്നതിന് കുറച്ചുകാലമായി കേരളത്തിൽ അനുമതിയുണ്ട്. എന്നാൽ ഒട്ടേറെ നിബന്ധനകൾ പാലിക്കേണ്ടതിനാൽ കർഷകർക്ക് ഇതിനു സാധിക്കുന്നില്ല. തോക്കുള്ള പലരുടെയും ലൈസൻസ് പുതുക്കി നൽകാൻ അധികൃതർ തയ്യാറാകാത്തതും പ്രശ്നമാണ്.

വീഴ്ച മറയ്ക്കാനെന്ന്

പ്രതിപക്ഷം

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ നിലവിലുള്ള കേന്ദ്ര നിയമത്തിൽ വകുപ്പുകൾ നിലനിൽക്കെ തന്നെ പുതിയ നിയമനിർമ്മാണത്തിന് സംസ്ഥാനം തുനിയുന്നത് സർക്കാരിന് വന്ന വീഴ്ചകൾ മറച്ചുവയ്ക്കാൻ വേണ്ടി മാത്രമാണെന്നാണ് ഡീൻ കുര്യാക്കോസ് എം.പിയുടെ അഭിപ്രായം. നിലവിലുള്ള നിയമത്തിന്റെ സെക്ഷൻ 11(1) എയും സെക്ഷൻ 11(1 ) ബിയും അനുസരിച്ച് മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്. പീരുമേട്ടിൽ കടുവയെ വെടിവെച്ചുകൊന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതും ഈ നിയമത്തിന്റെ പരിരക്ഷയിൽ തന്നെയാണ്. എന്നാൽ മറ്റൊരിടത്തും അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായതുമില്ല. ഈ ഘട്ടത്തിലുണ്ടായ വിമർശനങ്ങൾ തണുപ്പിക്കാൻ വേണ്ടിയാണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറിൽ (എസ്.ഒ.പി) കാര്യങ്ങൾ ലളിതവത്കരിക്കാൻ എന്ന രൂപത്തിൽ പുതിയ നിയമത്തിന് സർക്കാർ നേതൃത്വം നൽകുന്നത്. ഏതു ഘട്ടത്തിലും സർക്കാർ ഏതു മൃഗത്തെയും അപകടകാരിയാണെന്നും ജീവന് ഭീഷണിയാണെന്നും പ്രഖ്യാപിച്ചാൽ ഒരു നിയമതടസവും നിലവിൽ ഇല്ല. ഇതുവരെ സർക്കാർ പ്രകടിപ്പിച്ച മെല്ലെപ്പോക്ക് നയം ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തങ്ങൾ ചെയ്യുന്നതാണ് ശരി എന്ന് വരുത്തി തീർക്കലാണ് ഈ നീക്കത്തിന് പിന്നിൽ. ഈ നിയമ നിർമ്മാണത്തിന് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമയം കളയുകയും ചെയ്യുമെന്ന് എം.പി പറയുന്നു.

TAGS: WILD ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.