മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീനോട് മന്ത്രി വീണാ ജോർജിന്റെ ഒരൊറ്റ ചോദ്യം! അതു മതിയായിരുന്നു, ഇന്നലെ നിയമസഭാ സമ്മേളനത്തിന്റെ കലാശത്തിന് വഴിതെളിയാൻ. 'അങ്ങ് മണ്ഡലത്തിലൊന്നുമില്ലേ?"എന്ന പരിഹാസത്തിൽ ചാലിച്ച ചോദ്യം, പൊതുവെ ശാന്തസ്വഭാവിയായ ഷംസുദ്ദീനെ വല്ലാതെ ചൊടിപ്പിച്ചു. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് സ്പീക്കറുടെ ഡയസിന് അടുത്തേക്കു നീങ്ങിയ ഷംസുദ്ദീൻ ഇതിനിടെ പറഞ്ഞ ഏതോ വാക്ക് സഭയിൽ പറയാവുന്നതല്ലെന്ന് ഓർമ്മിപ്പിച്ച് സ്പീക്കർ വിലക്കി. ഏതായാലും ഞൊടിയിടയ്ക്കുള്ളിലാണ് സഭാന്തരീക്ഷം പ്രക്ഷുബ്ദ്ധമായതും ബഹിഷ്കരണത്തിന് വഴിതുറന്നതും.
അമീബിക് മസ്തിഷ്ക ജ്വരം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന ഉപക്ഷേപം കൊണ്ടുവന്നത് ഷംസുദ്ദീനാണ്. തന്റെ പതിവ് അംഗവിക്ഷേപങ്ങളോടെ ചാഞ്ഞും ചരിഞ്ഞുമൊക്കെ ആരോഗ്യവകുപ്പിനെ തോണ്ടിയും പരിഹസിച്ചും അദ്ദേഹം വിഷയം നന്നായി അവതരിപ്പിച്ചു. എല്ലാത്തിലും ഒന്നാമതെന്ന തള്ള് ആരോഗ്യകരമല്ലെന്ന മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റെ വാക്കുകളും ഉദ്ധരിച്ചു. നിപ്പ മണ്ണാർക്കാട്ട് വിസിറ്റ് നടത്തിയ കാര്യവും പരാമർശിച്ചു. നിവർന്നു നിൽക്കാൻ കഴിയാത്ത വിധം തകർന്ന ആരോഗ്യവകുപ്പാണെന്നും, ശരിയായ രീതിയിൽ ഒന്നും നടക്കുന്നില്ലെന്നുമൊക്കെ പറഞ്ഞു വച്ചപ്പോൾ അദ്ദേഹം കരുതിയില്ല, മന്ത്രി വീണാജോർജിന്റെ കൈവശം വലിയ വടിയുണ്ടാവുമെന്ന്. മറുപടി പ്രസംഗത്തിൽ പാലക്കാട് ജില്ലയിൽ നടന്ന ആരോഗ്യ വകുപ്പിന്റെ യോഗങ്ങളുടെയും നടപടികളുടെയും കണക്ക്, രേഖകൾ സഹിതം സഭയിൽ നിരത്തിയിട്ടായിരുന്നു ആ ഒന്നൊന്നര ചോദ്യം.
താത്വിക ഭാവക്കാരനായ പി.സി വിഷ്ണുനാഥിന് മന്ത്രിയെ ഓർമിപ്പിക്കാനുണ്ടായിരുന്നത് ഒറ്റ കാര്യമാണ്, അധികാരം ഔചിത്യത്തെ ഇല്ലാതാക്കുമെന്ന്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ബിന്ദു എന്ന വീട്ടമ്മ മരണപ്പെട്ട സംഭവം അനുസ്മരിച്ചായിരുന്നു ഈ തത്വചിന്ത. ട്രോപ്പിക്കൽ ഡിസീസസിന്റെ ഗാലറിയായി കേരളം മാറിയെന്നും ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്നതിലും അദ്ദേഹത്തിന് തെല്ലും സംശയമില്ല. കൊവിഡ് കാലത്ത് പി.പി കിറ്റും ഗ്ളൗസും മാസ്കുമൊക്കെ വാങ്ങിയതിൽ ആരോപിക്കപ്പെട്ട അഴിമതി ഓർമ്മിപ്പിച്ച്, മരണവീട്ടിൽ പോക്കറ്റടിക്കാത്ത മോഷ്ടാവിന്റെ ധാർമ്മികത പോലും ഇക്കാര്യത്തിൽ കാട്ടിയില്ലെന്നും ആക്ഷേപിച്ചു.
ആന്ധ്രയിൽ സ്ത്രീശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്ത് ആശയപരമായ ഉൾക്കരുത്ത് വർദ്ധിപ്പിച്ചെത്തിയ കെ.ശാന്തകുമാരിക്ക് നിയമസഭാ കവാടത്തിൽ മെത്തവിരിച്ച് സത്യഗ്രഹം കിടക്കുന്ന രണ്ട് പ്രതിപക്ഷ സാമാജികരെ കണ്ടപ്പോൾ ധാർമ്മികരോഷം ഉണർന്നു. സഭാകവാടത്തിലല്ല പാലക്കാട്ടാണ് ഇവർ പോയി സമരം കിടക്കേണ്ടതെന്ന് അവർ അടിയന്തരപ്രമേയ ചർച്ചയിൽ രോഷത്തോടെ പറഞ്ഞു. സഭയിൽ ഇല്ലാതിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനായിരുന്നു അവരുടെ പരിഹാസം. ജന്മിത്ത കാലത്ത് സംബന്ധം കൂടാൻ നടക്കുന്നതു പോലുള്ള സമീപനമാണ് മാങ്കൂട്ടത്തിലിന്റേതെന്നും ആന്ധ്രയിലെ സമ്മേളനത്തിൽ തല കുനിച്ചാണ് തങ്ങൾ പങ്കെടുത്തതെന്നും ശാന്തകുമാരി വിസ്തരിച്ചു.
കാര്യങ്ങൾ വേഗത്തിൽ മനസിലാക്കാൻ കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിന് പ്രത്യേക സിദ്ധിയാണ്. അമീബിക് മസ്തിഷ്ക ജ്വരം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടാൻ കാരണം വിഷയദാരിദ്ര്യമാണെന്നതിൽ അദ്ദേഹത്തിന് സംശയമേയില്ല. ആരോഗ്യ മന്ത്രിയെ താഴ്ത്തിക്കെട്ടാനും സർക്കാരിനെ ഇകഴ്ത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തോമസ് തുറന്നടിച്ചപ്പോൾ പ്രതിപക്ഷ നിരയിൽ നിന്ന് ഒരു 'ശോ" ശബ്ദം. 'എന്താ ശോ എന്നു വയ്ക്കുന്നത്; നിങ്ങൾക്ക് കൊള്ളും" എന്ന് മറുപടി. പത്തു വർഷമായി അധികാരത്തിൽ നിന്ന് മാറിനിൽക്കുന്നതു കൊണ്ടാണ്. ഇനിയും ഒത്തിരി വർഷം മാറിനിൽക്കണം; കാരണം നിങ്ങൾക്ക് പ്രവൃത്തിയില്ലെന്നും കുട്ടനാടൻ ശൈലിയിൽ തോമസ് കാച്ചി.
തള്ളിയാലും നീങ്ങാത്ത തല്ലിപ്പൊളി വണ്ടിയാണ് യു.ഡി.എഫ് എന്നായിരുന്നു എച്ച്. സലാമിന്റെ പരിഹാസം. സ്വകാര്യ ആശുപത്രികളെ പ്രകീർത്തിക്കുന്ന ക്വട്ടേഷൻ പണി ആർക്കു വേണ്ടിയെന്ന് വ്യക്തമാക്കണമെന്നും സലാം ചോദിച്ചു. മന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ ഭരണപക്ഷത്തെ ചില അംഗങ്ങൾ മന്ത്രിയെ പ്രോത്സാഹിപ്പിക്കും മട്ടിൽ ശബ്ദമുണ്ടാക്കിയത് സ്പീക്കർ ഷംസീറിന് അത്ര ദഹിച്ചില്ല, 'മന്ത്രി നന്നായി കാര്യങ്ങൾ പറയുന്നുണ്ട്; അവർ പറഞ്ഞോളും, ആരും കോറസ് പാടേണ്ട' എന്നു പറഞ്ഞ് തന്റെ നീരസം അദ്ദേഹം പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |