അല്ലലില്ലാതെ ഒരോണക്കാലം കൂടി കടന്നുപോയി. മുൻവർഷങ്ങളെ അപേക്ഷിച്ച് പരാതികൾക്കോ പരിഭവങ്ങൾക്കോ ഇടനൽകാത്തതായിരുന്നു ഇത്തവണത്തെ ഓണം. സദ്യ ഒരുക്കിയും പൂക്കളമിട്ടും പാരമ്പര്യത്തനിമയോടെ മലയാളികൾ വീടുകളിലും തൊഴിലിടങ്ങളിലും ഒത്തുചേർന്ന് ഓണത്തെ വരവേറ്റപ്പോൾ റീൽസെടുത്തും ഫോട്ടോ ഷൂട്ട് നടത്തിയും യുവതലമുറയും ഓണനാളുകൾക്ക് ആഘോഷത്തിന്റെ നിറം പകർന്നു. കൊറോണ, ഉരുൾപൊട്ടൽ, സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള ശനിദശകൾ മുൻ ഓണനാളുകളുടെ ശോഭ കെടുത്തിയപ്പോൾ മലയാളികൾ ഒത്തുചേർന്ന് ആഘോഷിച്ച ഓണമായിരുന്നു ഇത്തവണത്തേത്. സമസ്ത മേഖലകളിലും സജീവമാകുന്ന എ.ഐ സാങ്കേതികവിദ്യ, മുൻ ഓണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ഓണത്തിനും ശ്രദ്ധിക്കപ്പെട്ടു. തന്റെ പ്രിയജനങ്ങളെ കാണാൻ പാതാളത്തിൽ നിന്ന് കേരളത്തിലേക്കെത്തുന്ന മാവേലി, റോഡിലെ കുഴിയിൽ വീഴുന്നതും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതും ഉൾപ്പെടെയുള്ള സമകാലിക പ്രസക്തിയുള്ള സംഭവങ്ങളുടെ എ.ഐ വീഡിയോകളും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. വരും വർഷങ്ങളിലും എ.ഐ സ്വാധീനം ആഘോഷവേളകളിൽ എങ്ങനെ പ്രകടമാകുമെന്ന് കണ്ടറിയണം. വിലക്കയറ്റം, അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയ നിരന്തരമായ പരാതികൾക്ക് ശാപമോക്ഷം ലഭിച്ച ഓരോണക്കാലം കൂടിയായിരുന്നു കടന്നുപോയത്.
പൂക്കളം മുതൽ സദ്യ
വരെ റെഡിമെയ്ഡ്
പണ്ട് വീടുകളിലും പറമ്പുകളിലും പോയി പൂക്കൾ ശേഖരിച്ചായിരുന്നു പൂക്കളമിട്ടിരുന്നതെങ്കിൽ പിന്നീട്, തമിഴ്നാട്ടിലെ തോട്ടങ്ങളിൽ വിരിയുന്ന ജമന്തിയും ബന്തിയുമെല്ലാം മലയാളിയുടെ മുറ്റത്തെ പൂക്കളങ്ങളിൽ നിറഞ്ഞിരുന്നു. ഇന്ന് ഒരുപടി കൂടി കടന്ന് റെഡിമെയ്ഡായി വാങ്ങാവുന്ന പൂക്കളങ്ങളും വിപണിയിൽ ലഭിച്ചു തുടങ്ങി. സ്ഥല സൗകര്യമനുസരിച്ച് വ്യത്യസ്ത അളവിലുള്ള പൂക്കളങ്ങൾ ലഭിക്കും. പൂവിറുത്തും നല്ല ഡിസൈൻ കണ്ടെത്തിയും കഷ്ടപ്പെടേണ്ട കാര്യമില്ല. പൂക്കളമുണ്ടാക്കാനെടുക്കുന്ന സമയം മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കാം. പൂക്കളം കഴിഞ്ഞാൽ ഓണാഘോഷങ്ങളിൽ പ്രധാനം സദ്യയാണ്. പണ്ട് കുടുംബക്കാരെല്ലാം ഒത്തുകൂടി അടുക്കളയിൽ സൊറ പറഞ്ഞ് ഉണ്ടാക്കിയിരുന്ന സദ്യ ഇന്ന് ഒരുക്കുന്നത് കാറ്ററിംഗ് സ്ഥാപനങ്ങളും ഹോട്ടലുകാരുമാണ്.
ചിങ്ങം ഒന്നിന് കല്യാണ സീസൺ ആരംഭിച്ചെങ്കിലും ഓണസദ്യ കാറ്ററിംഗുകാർ കെങ്കേമമായി ഏറ്റെടുത്ത് നടത്തുന്നതാണ് പുതിയ കാലത്തെ കാഴ്ച. ഒരാൾക്കുള്ള സദ്യക്ക് 180 മുതൽ 740 രൂപവരെ മുടക്കാനുണ്ടെങ്കിൽ എവിടെ നിന്ന് വേണമെങ്കിലും ഓർഡർ ചെയ്യാവുന്ന സദ്യ വീട്ടിലെത്തും. വില കൂടുന്നതിനനുസരിച്ച് വിഭവങ്ങളുടെ എണ്ണവും ക്വാളിറ്റിയും കൂടുമെന്നതാണ് പ്രത്യേകത. ഇതുകൂടാതെ അണുകുടുംബങ്ങളെ മാത്രം ലക്ഷ്യം വച്ച് വിൽക്കപ്പെടുന്ന ഫാമിലി പാക്ക് ഓണസദ്യയും ഉണ്ടായിരുന്നു. മൂന്ന് മുതൽ അഞ്ചുവരെ അംഗങ്ങളുള്ള കുടുംബങ്ങൾക്കാണ് മുൻഗണന. 2000 രൂപയിൽ താഴെയായിരുന്നു റേറ്റ്. നഗരപ്രദേശങ്ങളിലുള്ളവരെയാണ് ലക്ഷ്യം വച്ചതെങ്കിലും സദ്യ വാങ്ങിയവരിൽ കൂടുതലും ഗ്രാമ പ്രദേശങ്ങളിലുള്ളവരായിരുന്നു എന്നത് മറ്റൊരു സത്യം.
കേരളത്തിൽ ഒതുങ്ങാതെ ആഘോഷം
മലയാളികൾ ഒത്തുകൂടുന്നിടത്തെല്ലാം ഓണം ആഘോഷിക്കാറുണ്ടെന്ന് പറയാറുണ്ട്. അതിനെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നടന്ന ഓണാഘോഷങ്ങൾ. കേരളത്തിൽ പാരമ്പര്യത്തനിമയോടെ ഓണം ആഘോഷിക്കുമ്പോൾ, അതിരുകൾക്കപ്പുറമുള്ള മലയാളികളും ഒട്ടും പിന്നിലായിരുന്നില്ല. ഗൾഫ് നാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള പ്രവാസി മലയാളികൾ, മലയാള സിനിമാതാരങ്ങളെ പ്രത്യേക അതിഥികളായി ക്ഷണിച്ച് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. കോടിയുടുത്തും ഓണത്തിന്റെ ഓർമ്മകൾ പങ്കിട്ടും പൂക്കളമിട്ടും അവർ സ്വന്തം ഇടങ്ങളെ മറ്റൊരു മലയാള നാടാക്കി മാറ്റി. ഡൽഹി, ഹൈദരാബാദ്, ബംഗളൂരു പോലുള്ള വൻകിട നഗരങ്ങളിലും ഓണം തിളക്കമേറിയതായിരുന്നു. നാട്ടിലെ മധുരമേറിയ ഓണത്തിന്റെ ഓർമ്മകൾ ഉൾക്കൊണ്ട് ഈ മലയാളിക്കൂട്ടങ്ങളും തങ്ങളുടെ ഓണം ആഘോഷമാക്കി.
തിരുത്തിക്കുറിച്ച റെക്കാഡുകൾ
മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് മദ്യക്കുപ്പിയുടെ പുറത്ത് വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ടെങ്കിലും ആരോടു പറയാൻ; ആര് കേൾക്കാൻ! 'ഓണമൊക്കെ ആയിട്ട് രണ്ടെണ്ണം അടിക്കുന്നില്ലേ" എന്ന ചോദ്യത്തോടെ തുടങ്ങുകയാണ് മലയാളിയുടെ ഓണാഘോഷം. പൂക്കളത്തിൽ പൂക്കൾ കുറഞ്ഞാലും സദ്യയിൽ കറികൾ കുറഞ്ഞാലും മദ്യത്തിന്റെ സ്റ്റോക്ക് കുറയാൻ മലയാളി അനുവദിക്കാറില്ല. ആഘോഷ വേളകളിൽ മദ്യം ക്ഷണിക്കപ്പെടാത്ത അതിഥിയാണെങ്കിലും ഇത്തവണത്തെ ഓണനാളുകളിൽ മദ്യഷോപ്പുകളിലെ തിരക്കും പുറത്തേക്കു നീണ്ടു. പലയിടത്തും ഒരു തവണ എത്തിയവർ വീണ്ടും വീണ്ടുമെത്തി സഹകരിക്കാനും മടി കാണിച്ചില്ല.
ഓണത്തിന് മുമ്പുതന്നെ ഓണം മൂഡ് ക്രിയേറ്റ് ചെയ്തു തുടങ്ങിയ മലയാളികൾ ഈ ദിവസങ്ങളിൽ മദ്യ വിൽപ്പനയിൽ തീർത്തത് പുതിയ റെക്കാഡാണ്. മുൻവർഷങ്ങളിൽ നിലനിന്ന റെക്കാഡുകൾ തകർത്തായിരുന്നു ഇത്തവണത്തെ മദ്യവിൽപ്പന. പത്തുദിവസംകൊണ്ട് 826.38 കോടിയുടെ മദ്യം മലയാളികൾ കുടിച്ചപ്പോൾ ഏറ്റവും കൂടുതൽ മദ്യം വിറ്റ വകയിൽ ഒന്നും രണ്ടും സ്ഥാനം കൊല്ലം ജില്ല തന്നെ സ്വന്തമാക്കി. ഉത്രാട ദിനത്തിൽ മാത്രം കേരളത്തിൽ 137 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. സംസ്ഥാനത്തെ ആറ് മദ്യഷോപ്പുകൾ ഇക്കഴിഞ്ഞ ഓണത്തിന് ഒരു കോടിയിലധികം കളക്ഷനും നേടി. എല്ലാത്തരത്തിലും മലയാളി ഇത്തവണ ഓണം ശരിക്കും ആഘോഷിച്ചു. എല്ലാത്തിനുമുപരി, മലയാളിയുടെ ഹൃദയത്തിൽ ഓണത്തിന്റെ സന്തോഷവും കൂട്ടായ്മയുമാണ് പ്രതിഫലിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |