തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളാകെ എം.ജി.ആർ സ്റ്റൈലിലുള്ള യുവാക്കളേയും 90കളിലെ ബോളിവുഡ് സാരിയുടുത്ത യുവതികളെയും കൊണ്ട് നിറഞ്ഞു. ഒപ്പം പ്രമുഖരുടെ കുഞ്ഞൻ ത്രിഡി രൂപങ്ങളും. ഗൂഗിളിന്റെ എ.ഐ അസിസ്റ്റന്റായ ജെമിനിയുടെ ഏറ്റവും പുതിയ മോഡൽ വഴി യുവത തങ്ങളുടെ രൂപവും ഭാവവും അടിമുടി മാറ്രുകയാണ്. എന്നാൽ ഇത് സുരക്ഷയും ആശങ്കയും ഉയർത്തുന്നുണ്ട്.
ജെമിനി 2.5ഫ്ലാഷ് ഇമേജ് സംവിധാനം ഉപയോഗിച്ച് സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ചെറിയ രൂപങ്ങളുടെ ചിത്രം നിർമ്മിക്കുന്നതാണ് നാനോ ബനാന ട്രെൻഡ്. ഒറ്റക്കാഴ്ചയിൽ പ്ലാസ്റ്റിക്കിലോ തടിയിലോ നിർമ്മിച്ച യഥാർത്ഥ രൂപമെന്നേ തോന്നു. മോഹൻലാലിന്റെ മുതൽ യു.എസ് പ്രസിഡന്റിന്റെ വരെ നാനോ രൂപങ്ങളുണ്ട്. വിന്റേജ് സാരിലുക്ക് കുറേക്കൂടി അപകടകാരിയാണ്. മണിക്കൂറുകളെടുത്ത് മേക്കപ്പ് ചെയ്യേണ്ട. വലിയ വില കൊടുത്ത് വസ്ത്രം വാങ്ങേണ്ട. ഒറ്റ ക്ലിക്കിൽ ആഗ്രഹമുള്ള കോസ്റ്റ്യൂമും മേക്കപ്പും റെഡിയാകും. ജെമിനിയുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് സാധാരണചിത്രവും പുതിയ ലുക്കിന് ആവശ്യമായ പ്രോംപ്റ്റും(കമ്മാൻഡ്) നൽകിയാൽ മാത്രം മതി. മുഖത്തെ ചെറിയ മറുകുകൾ വരെ നിലനിറുത്തും. മറച്ചുവച്ചിരുന്ന മറുക് വരെ ജെമിനി കണ്ടെത്തിയെന്ന് ആരോപിച്ച് അടുത്തിടെ യുവതി രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ഇത്തരം ഫീച്ചറുകളിലൂടെ ദുരുപയോഗം ചെയ്യപ്പെടാം. ഹണിട്രാപ്പിനായി വ്യാജചിത്രങ്ങൾ നിർമ്മിക്കാം.
സുരക്ഷയിൽ ആശങ്ക
സുരക്ഷാനിബന്ധനകൾ വായിക്കാതെയാണ് പലരും തലവച്ചുകൊടുക്കുന്നത്. നമ്മൾ നൽകുന്ന ചിത്രം എത്ര കാലത്തേക്ക് സൈറ്റിൽ സൂക്ഷിക്കുമെന്നോ എപ്പോൾ ഡിലീറ്റാക്കുമെന്നോ ജെമിനി വ്യക്തമാക്കിയിട്ടില്ല. വ്യക്തിയുടെ സ്ഥലവും ഫോണിലെ വിവരങ്ങളും വരെ ജെമിനി ശേഖരിക്കും. നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ ലാംഗ്വേജ് മോഡലുകളെ പരിശീലിപ്പിക്കാനും അഭിപ്രായരൂപീകരണത്തിനും വിവരങ്ങൾ ഉപയോഗിക്കും. ഉദാഹരണത്തിന്,ചുവപ്പുനിറത്തിലുള്ള സാരിയിലുള്ള ചിത്രമാണ് യുവതി നിർമ്മിക്കാൻ പറയുന്നതെങ്കിൽ തുടർദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ ചുവപ്പുസാരിയുടെ പരസ്യം പ്രത്യക്ഷപ്പെടുത്തും. ഡീപ്ഫേക്കുമായി സംയോജിപ്പിച്ച് ആൾമാറാട്ടത്തിനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |