തിരുവനന്തപുരം: ജനിതകരോഗം കാരണം കട്ടിലിൽ ജീവിതം തളയ്‌ക്കപ്പെട്ട അൽഷ അന്നയുടെ രണ്ട് പുസ്തകങ്ങൾ ഇന്നാരംഭിക്കുന്ന അക്ഷരക്കൂട്ടത്തിലെത്തുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവമായ അക്ഷരക്കൂട്ടിലേക്കാണ് അൽഷയുടെ സാഹിത്യ സൃഷ്ടികളായ 'മഞ്ഞപ്പാപ്പാത്തി"യും 'സ്നേഹസാഗരവും" ഇടം നേടിയത്.
ഏഴാംമാസത്തിൽ പിറന്ന അൽഷയ്ക്ക് ജീവിതത്തിന്റെ ആഘോഷങ്ങളെല്ലാം അന്യമാക്കിയത് മെക്കാർഡൽ ഡിസീസ് ടൈപ്പ് 5 എന്ന ജനിതകരോഗമാണ്. ഭക്ഷണം പോലും സ്വന്തമായി കഴിക്കാനാകാത്ത അൽഷ പറഞ്ഞുകൊടുക്കുന്ന കഥകളും കവിതകളും അമ്മ ഷിബിയാണ് പകർത്തിയെഴുതുന്നത്. സ്നേഹ സന്ദേശം വിളമ്പുന്ന കഥകളിൽ മനുഷ്യരും മൃഗങ്ങളുമാണ് കഥാപാത്രങ്ങൾ.
എറണാകുളം നായരമ്പലം ഭഗവതിവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അൽഷയെ ബി.ആർ.സിയിൽ നിന്ന് ടീച്ചർ വീട്ടിലെത്തിയാണ് പഠിപ്പിക്കുന്നത്. സംസാരത്തിൽ അൽപം വ്യക്തതക്കുറവുണ്ടെങ്കിലും ഇംഗ്ളീഷും മലയാളവും വായിക്കും, പഠിക്കും.
എൽ.കെ.ജിയിൽ ചേർന്നപ്പോൾ രോഗം തളർത്തി
എൽ.കെ.ജിയിൽ ചേർന്ന് ഒരുവർഷം പിന്നിട്ടപ്പോഴാണ് അൽഷയിൽ രോഗം പിടിമുറുക്കിയത്. തുടർന്നാണ് ടീച്ചർ വീട്ടിലെത്തി പഠിപ്പിക്കാനാരംഭിച്ചത്. ടീച്ചർ ചോദ്യങ്ങൾ ചോദിച്ചാണ് പരീക്ഷ നടത്തുന്നത്. ചേച്ചി ആൻലിൻ മേരി പ്ളസ് ടു വിദ്യാർത്ഥിയാണ്. അച്ഛൻ വർഗീസ് സാബു മാലിപ്പുറം പാലിയേറ്രീവ് കെയർ വാഹനത്തിന്റെ ഡ്രൈവറാണ്. അമ്മ ഷിബി അൽഷയ്‌ക്കൊപ്പം എപ്പോഴുമുണ്ടാകും. പുഴകളും കടലും ഇഷ്ടമായ അൽഷയെ ആ കാഴ്ചകൾ കാണിക്കാൻ അച്ഛനും അമ്മയും ചേച്ചിയും ചേർന്ന് ഇടയ്ക്ക് കാറിൽ പുറത്തേക്ക് കൊണ്ടുപോകാറുമുണ്ട്.
അൽഷയുടെ ആദ്യ കഥാസമാഹാരമായ മഞ്ഞപ്പാപ്പാത്തി 2021 ഡിസംബറിലാണ് പുറത്തിറങ്ങിയത്. പതിന്നാല് കഥകളും മൂന്ന് കവിതകളുമടങ്ങിയ കൃതി വൈപ്പിൻ ബി.ആർ.സിയാണ് പ്രസിദ്ധീകരിച്ചത്. 2024ൽ പുറത്തിറങ്ങിയ സ്നേഹസാഗരത്തിൽ മൂന്ന് കവിതകളും പതിനാറ് കഥകളുമുണ്ട്. വൈപ്പിൻ ബി.ആർ.സിയും കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറും ചേർന്നാണ് ഇത് പ്രസിദ്ധീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |