ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ പത്തുപേരെ കാണാതായി. ആറ് കെട്ടിടങ്ങൾ തകർന്നു. സ്ഥലത്ത് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്തെ നന്ദ നഗറിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. മെഡിക്കൽ സംഘവും ആംബുലൻസും ഉൾപ്പെടെ ദുരന്തബാധിത പ്രദേശത്തുണ്ട്.
തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽപ്പെട്ട നിരവധിപേരെ രക്ഷപ്പെടുത്തി. കാണാതായ പത്തുപേരിൽ ആറുപേർ കുന്ത്രി ലഗ ഫലി ഗ്രാമത്തിലും രണ്ടുപേർ സർപാനിയിലും രണ്ടുപേർ ധർമ്മയിലും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ പത്ത് വയസ് മുതൽ 75 വയസ് വരെ പ്രായമുള്ളവരുണ്ട്. സ്ഥലത്തെ പ്രതികൂല കാലാവസ്ഥ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും തടസമാകുന്നുണ്ട്. ചമോലിയിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മേഘവിസ്ഫോടനത്തിന്റെ ഫലമായി നിരവധിപേർ ഇപ്പോഴും വീടുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഉത്തരാഖണ്ഡിൽ അടിക്കടി മേഘവിസ്‌ഫോടനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിൽ നാല് ദിവസം മുമ്പുണ്ടായ മേഘവിസ്‌ഫോടനത്തിൽ 13പേർ മരിച്ചു. റോഡുകളും വീടുകളും കടകളും ഉൾപ്പെടെ ഒലിച്ചുപോയി. രണ്ട് പ്രധാന പാലങ്ങൾ തകർന്നു. നഗരത്തെ ചുറ്റുമുള്ള പ്രദേശങ്ങളുമായി ബന്ധിപ്പിച്ചിരുന്ന വഴികൾ തകർന്നു.
സെപ്‌തംബർ 20 വരെ അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഡെറാഡൂൺ, ചമ്പാവത്, ഉധം സിംഗ് നഗർ എന്നിവിടങ്ങളിൽ സംസ്ഥാന സർക്കാർ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 15പേരെ കാണാതായിട്ടുണ്ട്. 900പേരാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |