കോട്ടയം: ആറ് പതിറ്റാണ്ടായി രംഗപടമൊരുക്കി നാടക പ്രേമികളെ വിസ്മയിപ്പിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ ജീവിതത്തിലും വ്യത്യസ്ത വഴികളിലാണ്. വിവാഹശേഷം ഒരിക്കൽപ്പോലും താടി വടിക്കുകയോ മുടി വെട്ടുകയോ ചെയ്തിട്ടില്ല. 74-ാം വയസിനിടെ ഒരിക്കൽപ്പോലും നരയും കറുപ്പിച്ചിട്ടില്ല. വിവാഹശേഷം ശബരിമലയ്ക്ക് പോയപ്പോൾ വ്രതത്തിന്റെ ഭാഗമായി ഒഴിവാക്കിയ മാംസ ഭക്ഷണം പിന്നീട് തൊട്ടിട്ടുമില്ല.
1978 ഏപ്രിൽ 18ന് മുറപ്പെണ്ണ് ഐഷയെ ജീവിത സഖിയാക്കുന്നതിന്റെ ഭാഗമായാണ് അവസാനം ഷേവ് ചെയ്തത്. അവിടെ നിന്നിങ്ങോട്ട് സുജാതനെന്ന സൗമ്യശരീരത്തിന്റെ അഴകായി നീട്ടി വളർത്തിയ താടിയും മുടിയും. വേദികളിൽ നിന്ന് വേദികളിലേക്കുള്ള ഓട്ടത്തിനിടെ താടിയും മുടിയും മെരുക്കി ഒതുക്കാനുള്ള അസൗകര്യം പരിഗണിച്ചാണ് അവയെ പാട്ടിന് വിട്ടതെങ്കിലും പിന്നീടതൊരു ശീലമായി. ഇപ്പോൾ വർഷത്തിലൊരിക്കൽ നീളം കുറയ്ക്കും. കർമരംഗത്ത് സജീവമായ സുജാതൻ ഇനി മുടിയും താടിയും വടിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുമില്ല.
സുജാതന്റെ ഐഡന്റിറ്റി
നീണ്ട താടിയും മുടിയും സുജാതന്റെ ഐഡന്റിറ്റിയാണ്. വെള്ള ഷർട്ടും മുണ്ടും ഇഷ്ട വേഷവും. പലയിടങ്ങളിലും രൂപത്തിന്റെ പേരിൽ ഇരിപ്പിടം കിട്ടിയ ധാരാളം അനുഭവങ്ങളുമുണ്ട്. നിറങ്ങൾക്കായി ജീവിതം മാറ്റിവച്ചിട്ടും താടിയും മുടിയും കറുപ്പിക്കാനും മനസുവന്നില്ല. എണ്ണമില്ലാത്തത്ര നാടകങ്ങൾക്ക് രംഗമൊരുക്കുക മാത്രമല്ല, ആറ് സിനിമകളിലും 37 നാടകകങ്ങളിലും വേഷമിടുകയും ചെയ്തിട്ടുണ്ട്. സുജാതന്റെ താടിയും മുടിയും കണ്ട് വേഷം നൽകിയവരുമുണ്ട്.
ശീലങ്ങൾ ഒന്നും മാറ്റാൻ ആരും പറഞ്ഞിട്ടില്ല. വ്യക്തിപരമായി ഒരുബുദ്ധിമുട്ടും ഉണ്ടായിട്ടുമില്ല.
ആർട്ടിസ്റ്റ് സുജാതൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |