ആലപ്പുഴ: വനിതകൾക്ക് ജീവിതശൈലീരോഗങ്ങളിൽ നിന്ന് കരുതലേകാൻ പുന്നപ്ര തെക്ക് പഞ്ചായത്ത് ആരംഭിച്ച വനിതാ ജിംനേഷ്യം ഹിറ്റ്. പ്രസിഡന്റ് പി.ജി.സൈറസിന്റെ മനസിലുദിച്ച ആശയം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് യാഥാർത്ഥ്യമാക്കിയത്. മൂന്നുമാസം മുമ്പ് ആരംഭിച്ച ജിമ്മിൽ ഇതിനോടകം 150 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ, കർഷകർ, വീട്ടമ്മമാർ, ഉദ്യോഗസ്ഥർ എന്നിങ്ങനെ 90ലധികം പേർ സ്ഥിരമായി എത്തുന്നുണ്ട്.
രാവിലെ 5.30 മുതൽ 11 വരെയാണ് പരിശീലനം. ഒക്ടോബർ ഒന്നുമുതൽ വൈകിട്ടും ജിം പ്രവർത്തിക്കും. കൂടുതൽ പേർ പരിശീലനത്തിന് എത്തിയതോടെയാണിത്. വൈകിട്ട് നാലു മുതൽ ഏഴു വരെയാകും പ്രവർത്തനം. പുന്നപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നിലയിലാണ് 2,000 ചതുരശ്ര അടിയിലുള്ള ശീതീകരിച്ച ജിംനേഷ്യം. 32 ലക്ഷം രൂപയായിരുന്നു നിർമ്മാണച്ചെലവ്. ആർ.ശ്രീലക്ഷ്മിയാണ് മുഖ്യപരിശീലക. 500 രൂപയാണ് പ്രതിമാസ ഫീസ്.
65 വയസുകാരി വരെ
ഒമ്പതാം ക്ലാസുകാരി മുതൽ 65 വയസുകാരി വരെ പരിശീലനത്തിനെത്തുന്നുണ്ട്
കാർഡിയോ വർക്കൗട്ട്, സ്‌ട്രെംഗ്തനിംഗ്, വെയിറ്റ് ട്രെയിനിംഗ് തുടങ്ങിയ പരിശീലനം
ചെസ്റ്റ് പ്രസ്, ഷോൾഡർ പ്രസ്, സ്മിത്ത്, ലാറ്റ് പുൾഡൗൺ, സൈക്കിൾ, റോവിംഗ് മെഷീൻ തുടങ്ങിയ സംവിധാനം
എല്ലാ മാസവും കുടുംബാരോഗ്യത്തിലെ ഡോക്ടർ ആരോഗ്യം പരിശോധിക്കും
'ഫിറ്റ്നസ് കേന്ദ്രത്തിലേക്ക് സ്ത്രീകൾ കൂടുതൽ എത്തുന്നതിനാൽ വൈകിട്ടും പരിശീലനം ദീർഘിപ്പിക്കും".
- പി.ജി.സൈറസ്,
പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |