വിനോദസഞ്ചാരത്തിന് പേരുകേട്ട രാജ്യമാണ് മാലദ്വീപ്. മനോഹരമായ ബീച്ചുകളും വെളളത്തിനടിയിലുളള ബംഗ്ലാവുകളും മറ്റുരാജ്യങ്ങളിൽ നിന്നും മാലദ്വീപിനെ വ്യത്യസ്തമാക്കുന്നു. അതിനാൽത്തന്നെ ഇന്ത്യ ഉൾപ്പെടെ പല വിദേശരാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് സഞ്ചാരികളാണ് മാലദ്വീപിലേക്കെത്തുന്നത്. പലരും ഹണിമൂൺ പാക്കേജായും ഇവിടേക്കെത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി മാലദ്വീപിന്റെ സൗന്ദര്യത്തെ തന്നെ ബാധിക്കുന്ന തരത്തിലുളള ചില പ്രശ്നങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇത്തരം ദ്വീപസമൂഹങ്ങളെ കടൽ വിഴുങ്ങുമെന്ന ഭീഷണി ഉയരുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഒരു മീറ്ററിൽ താഴെ സ്ഥിതി ചെയ്യുന്ന മാലദ്വീപിന്റെ ഭൂപ്രദേശത്തുണ്ടാകുന്ന മണ്ണൊലിപ്പ് ദ്വീപിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുകയാണ്. ഇത്തരത്തിലുളള വ്യതിയാനങ്ങൾ മാലദ്വീപ് ഉൾപ്പെടെ ടുവാലു, കിരിബതി, മാർഷൽ തുടങ്ങിയ ചെറിയ ദ്വീപ് രാഷ്ട്രങ്ങൾ കടലിനടിയിലാകാൻ കാരണമാകും. പൂർണമായും ഇത്തരം രാഷ്ട്രങ്ങൾ മുങ്ങിപ്പോകുമെന്നല്ല പറയുന്നത്. 1900ൽ ആഗോള സമുദ്രനിരപ്പ് 20 സെന്റീമീറ്ററായി വർദ്ധിച്ചു. മഞ്ഞുപാളികൾ ഉരുകുന്നതും ചൂടുജലത്തിന്റെ വികാസവും കാരണം സമുദ്രനിരപ്പ് പ്രതിവർഷം നാല് മില്ലീമീറ്റർ വീതം ഉയരാൻ കാരണമായിട്ടുണ്ട്.
മാലദ്വീപിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്തിന്റെ ഉയരം 2.4 മീറ്ററാണ്. ഇതിനും മുകളിൽ സമുദ്രനിരപ്പ് ഉയർന്നാൽ മാലദ്വീപ് പൂർണമായും മുങ്ങും. 2050ഓടെ സമുദ്രനിരപ്പിൽ 30 മുതൽ 50 സെന്റീമീറ്റർ വരെ ഉയരുമെന്നും മാലദ്വീപിന്റെ 70 ശതമാനം വെളളത്തിനടിയിലാകുമെന്ന് റിപ്പോർട്ടുകളിൽ പരാമർശിക്കുന്നുണ്ട്. 2100 ആകുമ്പോഴേയ്ക്കും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകാനാണ് സാദ്ധ്യത. കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും മാലദ്വീപിലെ കടൽത്തീരങ്ങളെ കൂടുതൽ മലിനീകരിക്കുകയും കരയിലുളള ശുദ്ധജലത്തെ നശിപ്പിക്കുകയും ചെയ്യും. ഇതോടെ മാലദ്വീപിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ചെയ്യും.
കഴിഞ്ഞ വർഷം മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചതോടെ വലിയ വെളളപ്പൊക്കമുണ്ടായതും ജനങ്ങളെ മാറ്റിപാർപ്പിച്ചതും നാശനഷ്ടങ്ങളുണ്ടായതും നാം കണ്ടതാണ്. ദ്വീപിനെ കടലിൽ നിന്ന് വേർതിരിക്കാൻ സഹായിക്കുന്ന പവിഴപ്പുറ്റുകൾ ചൂടുവെളളത്തിൽ നശിക്കുകയും തീരത്തേക്ക് കൂടുതൽ തിരമാലകൾ അടിച്ചുകയറിയതോടെയാണ് ഈ നാശനഷ്ടങ്ങളുണ്ടായത്. ഇതോടെ മാലദ്വീപിലെ കൃഷി നശിക്കുകയും ടൂറിസത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വരുമാനം കുറയുകയും ചെയ്തു.
ഇത് മാലദ്വീപ് മാത്രം നേരിടുന്ന പ്രശ്നങ്ങളല്ല. ഇന്ത്യൻ മഹാസമുദ്രത്തിനും പസഫിക് സമുദ്രത്തിനും ചുറ്റുമുളള ദ്വീപ്‌രാഷ്ട്രങ്ങളുടെ അവസ്ഥയാണ്. 11,000 പേർ താമസിക്കുന്ന ടുവാളുവിന്റെ ഒമ്പത് ഭാഗങ്ങളും 2050ഓടെ വാസയോഗ്യമല്ലാത്ത സ്ഥലമായി മാറിയേക്കാം. കിരിബതിയിലെ പ്രസിഡന്റ് ഇതിനകം തന്നെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനായി ഫിജിയിൽ ഭൂമി വാങ്ങിയിട്ടുണ്ട്. സമുദ്രനിരപ്പ് ഉയരുന്നത് മാത്രമല്ല ഇത്തരം രാഷ്ട്രങ്ങൾ നേരിടുന്ന പ്രശ്നം. യുഎസ് ആണവനിലയങ്ങളിൽ നിന്നുള്ള റേഡിയോ ആക്ടീവ് കിരണങ്ങളും സമുദ്രത്തിന്റെ സ്വാഭാവികതയെ തകർക്കുന്നതാണ്.
ഇത്തരത്തിൽ മാലദ്വീപിലെ വാസയോഗ്യമായ സ്ഥലങ്ങളിൽ വെളളം കയറിയാൽ ഇവിടെ താമസിക്കുന്ന 540,000 ജനങ്ങൾ മറ്റുരാജ്യങ്ങളിലേക്ക് പാലായനം ചെയ്യേണ്ടിവരും. ഇന്ത്യ, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കായിരിക്കും പാലായനം ചെയ്യേണ്ടിവരുന്നത്. സ്വന്തം സംസ്‌കാരത്തിൽ നിന്നും കുലത്തൊഴിലുവരെ വിട്ടുപോകേണ്ട അവസ്ഥ ജനങ്ങൾക്ക് ഉണ്ടാകും. സാമ്പത്തികമായി ഒരുപാട് പ്രതിസന്ധികളും നേരിടേണ്ടി വരും. മാലദ്വീപിലെ 60 ശതമാനം ആളുകളും തൊഴിലിനായി ആശ്രയിക്കുന്നത് ടൂറിസത്തെയാണ്. ബീച്ചുകളും റിസോർട്ടുകളും അടച്ചുപൂട്ടുന്നതോടെ ഒരു വിഭാഗം ജനതയുടെ ജോലി നഷ്ടപ്പെടുന്നു.
മറ്റൊരു പ്രധാന വരുമാന മാർഗം മത്സ്യബന്ധനമാണ്. സമുദ്രനിരപ്പ് ഉയരുന്നതോടെ മത്സ്യബന്ധനവും പ്രതിസന്ധിയിലാകും. മാലദ്വീപിന് ചുറ്റുമുളള 900,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുളള സമുദ്രം ചൂര മത്സ്യമാൽ സമ്പന്നാണ്. വാസയോഗ്യമായ സ്ഥലങ്ങളിൽ ഉപ്പുജലം കയറുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഇത് കോളറ പോലുളള രോഗത്തിന് ഇടയാകും. കൂടാതെ സോളാൾസ്റ്റിയ പോലുളള മാനസിക പ്രശ്നങ്ങളും ഉണ്ടാകും. ഇത്തരത്തിലുളള കുടിയൊഴിപ്പിലുകൾ മാലദ്വീപിലെ യുവതലമുറയുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും ബാധിക്കുന്നതാണ്.
എങ്ങനെ നേരിടും?
ഇത്തരം പ്രതിസന്ധികളെ നേരിടാൻ മാലദ്വീപ് പല മാർഗങ്ങളും സ്വീകരിച്ചുവരുന്നുണ്ട്. കൂറ്റൻതിരമാലകൾ ദ്വീപുകളെ തകർക്കാതിരിക്കാൻ മണലെത്തിച്ച് പമ്പ് ചെയ്ത് ഉയരമുളള കടൽഭിത്തി നിർമിക്കുകയാണ് ചെയ്യുന്നത്.മാലെയ്ക്ക് സമീപമുള്ള മനുഷ്യനിർമ്മിത ദ്വീപായ ഹുൽഹുമലെയിൽ 100,000 പേർ താമസിക്കുന്നുണ്ട്. ഇത് സമുദ്രനിരപ്പിൽ നിന്ന് രണ്ട് മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു 'കാലാവസ്ഥാ പ്രതിരോധശേഷിയുള്ള" ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |