തുടർച്ചയായ നാലാം ലോക ചാമ്പ്യൻഷിപ്പിലും 200 മീറ്ററിൽ സ്വർണം നേടി നോഹ ലൈൽസ് ബോൾട്ടിനൊപ്പം
ടോക്യോ : തുടർച്ചയായ നാലാം ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും 200 മീറ്ററിൽ സ്വർണം നേടി അമേരിക്കൻ സ്പ്രിന്റർ നോഹ ലൈൽസ് സാക്ഷാൽ ഉസൈൻ ബോൾട്ടിന്റെ നേട്ടത്തിനൊപ്പമെത്തി. ഇന്നലെ 19.52 സെക്കൻഡിലാണ് നോഹ ഫിനിഷ് ചെയ്തത്. 2019ലെ ദോഹ ലോക ചാമ്പ്യൻഷിപ്പുമുതൽ നോഹ 200 മീറ്റർ തന്റെ തട്ടകമാക്കിയിരിക്കുകയാണ്. 2009,11,13,15 ലോക ചാമ്പ്യൻഷിപ്പുകളിൽ ബോൾട്ട് 200 മീറ്ററിൽ സ്വർണം നേടിയിരുന്നു. ഈ ലോക മീറ്റിലെ നോഹയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തേ 100 മീറ്ററിൽ വെങ്കലം നേടിയിരുന്നു. പാരീസ് ഒളിമ്പിക്സിലെ 100 മീറ്റർ സ്വർണമെഡൽ ജേതാവായ നോഹയെ അട്ടിമറിച്ച് ജമൈക്കൻ താരമായ ഒബ്ളിക് സെവില്ലെയാണ് ടോക്യോയിലെ 100 മീറ്ററിൽ സ്വർണം നേടിയത്. 19.58 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ തന്നെ കെന്നത്ത് ബെഡ്നാരകിനാണ് 200 മീറ്ററിലെ വെള്ളി. ജമൈക്കയുടെ ബ്രയാൻ ലെവൽ 19.64 സെക്കൻഡിൽ വെങ്കലത്തിലെത്തി. ഇന്ത്യയുടെ 200 മീറ്റർ താരം അനിമേഷ് കുജൂർ ഹീറ്റ്സിൽ തന്നെ പുറത്തായിരുന്നു.
മെലിസയ്ക്ക് സ്പ്രിന്റ്ഡബിൾ
ടോക്യോയിൽ വനിതകളുടെ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വർണം നേടി അമേരിക്കൻ താരം മെലീസ ജെഫേഴ്സൺ. 21.68 സെക്കൻഡിലാണ് മെലിസയുടെ ഫിനിഷ്. 22.14 സെക്കൻഡിൽ ഓടിയെത്തിയ ബ്രിട്ടന്റെ അമി ഹണ്ട്
വെള്ളിയും 200 മീറ്ററിലെ നിലവിലെ ലോകചാമ്പ്യനായ ജമൈക്കയുടെ ഷെറീക്ക ജാക്സൺ 22.18 സെക്കൻഡിൽ മൂന്നാമതായി. 2013ൽ ഷെല്ലി ആൻഫ്രേസറിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ സ്പ്രിന്റ് ഡബിൾ നേടുന്ന ആദ്യ വനിതാ താരമാണ് മെലിസ.
വനിതകളുടെ 400 മീറ്റർ ഹഡിൽസിൽ ഹോളണ്ടിന്റെ ഫെംകെ ബോൽ സ്വർണം നിലനിറുത്തി. 51.54 സെക്കൻഡാണ് ബോലിന്റെ സമയം. 52.08 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ ജാസ്മിൻ ജോൺസ് വെള്ളിയും 53 സെക്കൻഡിൽ ഫിനിഷ് ചെയ്ത സ്ളൊവാക്യയുടെ എമ്മ വെങ്കലവും നേടി.പുരുഷ 400 മീറ്റർ ഹഡിൽസിൽ അമേരിക്കയുടെ റായ് ബെഞ്ചമിനാണ് സ്വർണം. സമയം 46.52 സെക്കൻഡ്. പുരുഷ ട്രിപ്പിൾ ജമ്പിൽ 17.91 മീറ്റർ ചാടിയ പോർച്ചുഗലിന്റെ പെഡ്രോ പിച്ചാഡോ സ്വർണം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |