ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ പ്രവചിച്ചയാളാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി, റഷ്യൻ അന്തർവാഹിനി കർസ്‌ക് മുങ്ങിയത്, കിഴക്കൻ ബൾഗേറിയയിലുണ്ടായ ഭൂകമ്പം, യുഎസിലെ സെപ്തംബർ 11 ആക്രമണം, 2004ലെ സുനാമി എന്നീ സംഭവങ്ങളൊക്കെ ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു. ഇപ്പോഴിതാ 2026ൽ നടക്കാൻ പോകുന്ന കുറച്ച് കാര്യങ്ങളെക്കുറിച്ച് ബാബ വാംഗ നടത്തിയ പ്രവചനമാണ് ശ്രദ്ധനേടുന്നത്.
2026ൽ പ്രകൃതിദുരന്തങ്ങളുടെ പരമ്പര തന്നെയുണ്ടാകുമെന്നാണ് ബാബ വാംഗ പറയുന്നത്. ഭൂകമ്പങ്ങൾ, അഗ്നിപർവത സ്‌ഫോടനങ്ങൾ, കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഇതിൽപ്പെടുന്നുണ്ട്. ഭൂമിയുടെ കരഭാഗത്തിന്റെ ഏഴ് മുതൽ എട്ട് ശതമാനത്തെ വരെ ഈ പ്രകൃതിദുരന്തം ബാധിക്കുമെന്നാണ് വംഗയുടെ പ്രവചനം. കൂടാതെ 2026ൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്നും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. മാത്രമല്ല, 2026ൽ നിർമിതബുദ്ധി ശക്തിപ്രാപിക്കുമെന്നും മനുഷ്യരെ തന്നെ നിയന്ത്രിക്കുന്ന ശക്തിയായി അത് മാറുമെന്നും ബാബ വാംഗയുടെ പ്രവചനത്തിൽ പറയുന്നുണ്ട്.
ആരാണ് ബാബ വാംഗ?
വാംഗെലിയ പാണ്ഡെവ ഗുഷ്‌ട്ടെറോവ എന്നാണ് ബാബ വാംഗയുടെ യഥാർത്ഥ പേര്. 1911 ജനുവരി 31ന് ആണ് ജനനം. ദാരിദ്ര്യമടക്കമുള്ള പ്രയാസങ്ങൾ നേരിട്ടാണ് വളർന്നത്. പന്ത്രണ്ടാം വയസിൽ ചുഴലിക്കാറ്റിൽ കാഴ്ചശക്തി പൂർണമായും നഷ്ടമായി. കാഴ്ച പോയതിന് ശേഷമാണ് അവർക്ക് ഭാവി പ്രവചിക്കാനുള്ള അത്ഭുത സിദ്ധി ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്.
വിപ്ലവകാരി എന്ന് മുദ്രകുത്തി ബാബ വാംഗയുടെ അച്ഛനെ അധികൃതർ ജയിലിലടച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ അമ്മയേയും നഷ്ടമായി. ഇതോടെ ബന്ധുവീടുകളിൽ മാറി മാറിത്താമസിച്ചു. പിന്നീട് ബൾഗേരിയൻ സൈനികനെ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് വാംഗ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ബൾഗേറിയൻ രാജാവ് അടക്കം അവരെ കാണാനെത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. 1996ലാണ് ബാബ വാംഗ അന്തരിച്ചത്. വാംഗയുടെ മരണശേഷം അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡായി. ഇതെങ്ങനെ സംഭവിച്ചുവെന്ന് പലർക്കും അത്ഭുതമായി. പല സന്ദർഭങ്ങളിലുള്ള അവരുടെ പ്രവചനങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |