പ്രായമായവരെ ബാധിക്കുന്ന മസ്‌തിഷ്‌ക സംബന്ധമായ മറവിരോഗങ്ങളിൽ പ്രധാനമാണ് അൽഷിമേഴ്സ്. മറവിക്കു പുറമേ ഭാഷാപരമായും സ്ഥലകാലബോധം സംബന്ധിച്ചും ധാരാളം വ്യതിയാനങ്ങൾ അൽഷിമേഴ്സ് രോഗികൾക്കുണ്ടാകും. പെരുമാറ്റപരമായ വൈകല്യങ്ങളും രോഗീപരിചരണത്തെ ശ്രമകരമാക്കാറുണ്ട്. ശാരീരിക ശുചിത്വം പാലിക്കാതിരിക്കുക, പരിചരിക്കുന്നവരോടും ബന്ധുക്കളോടും സഹകരിക്കാതിരിക്കുക തുടങ്ങിയവയും രോഗീപരിചരണം ദുഷ്‌കരമാക്കുന്നുണ്ട്. മറവിരോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിലില്ലാത്തതും രോഗലക്ഷണങ്ങളുമായി വർഷങ്ങളോളം രോഗി ജീവിച്ചിരിക്കുന്നതും ദുരിതാവസ്ഥ ദീർഘകാലം തുടരുന്നതിന് കാരണമാണ്.
അമ്പതു വർഷത്തിലധികമായി ഗവേഷണം തുടരുമ്പോഴും അൽഷിമേഴ്സിന് ഫലപ്രദമായ മരുന്ന് കണ്ടെത്താനായിട്ടില്ല. പ്രതിരോധ കുത്തിവയ്‌പും നിലവിലില്ല. രോഗിക്ക് നല്ല പരിചരണം നൽകുകയെന്ന പരിമിതമായ രീതിയിലേക്ക് മറവി ചികിത്സ തത്കാലം ചുരുങ്ങിയിരിക്കുന്നു. വാർദ്ധക്യത്തിൽ മറവിരോഗത്തിന് സാദ്ധ്യത കൂടുതലാണെന്നും പെരുമാറ്റ വൈകല്യങ്ങൾ കാരണം പരിചരണം ദുഷ്‌കരമാണെന്നും സമൂഹത്തിൽ ഓരോരുത്തരും മനസിലാക്കേണ്ടതാണ്. രോഗിയുടെ പരിചരണം ഒരു കുടുംബത്തിനു മാത്രം സാധിക്കുന്നതല്ല എന്നതിനാൽ അത് സമൂഹം ഏറ്റെടുക്കണം എന്ന അവബോധത്തിലേക്കും എത്തിച്ചേരണം.
മറവിരോഗി പരിചരണത്തിനായുള്ള സ്ഥാപനങ്ങളുടെ പ്രസക്തി അനുദിനം വർദ്ധിക്കുകയാണ്. രോഗത്തെക്കുറിച്ച് മികച്ച അവബോധമുള്ളവർ നടത്തുന്ന ഇത്തരം സ്‌ഥാപനങ്ങൾ രോഗിക്കും കുടുംബത്തിനും നൽകുന്ന ആശ്വാസം ചെറുതല്ല. കേരളത്തിൽ അണുകുടുംബങ്ങളുടെ എണ്ണം കൂടുന്നതിനാലും പുതിയ തലമുറ വർദ്ധിച്ച നിരക്കിൽ വിദേശ ജോലി തേടി പോകുന്നതിനാലും മറവിരോഗിയെ വീട്ടിൽ പരിചരിക്കാൻ പലപ്പോഴും പ്രായോഗിക ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ചുള്ള തെറ്റിദ്ധാരണകളും കുറ്റബോധവും ബോധവത്കരണത്തിലൂടെ മാറണം. അതേസമയം, രോഗിക്ക് ശരിയായ പരിചരണം നിഷേധിക്കുവാനുള്ള മാർഗമായി ഇതു മാറാതിരിക്കാനും ശ്രദ്ധിക്കണം.
മറവിരോഗം ഒരു മാറാരോഗമാണെന്ന തിരിച്ചറിവിലൂടെ, അനാവശ്യമായ വൈദ്യപരിചരണ ചെലവുണ്ടാകാതെ നോക്കാവുന്നതാണ്. സാന്ത്വന പരിചരണം മാത്രം ആവശ്യമായ മാറാരോഗമായി ഇതിനെ തിരിച്ചറിയണം. നീണ്ടുനിൽക്കുന്ന സാന്ത്വന പരിചരണത്തിന് വേണ്ടിവരുന്ന തുക, ഏതെങ്കിലും ഒരു പ്രത്യേക വൈദ്യ ചികിത്സയ്ക്കു മാത്രമായി ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മറവിരോഗികളുടെ പ്രശ്‌നങ്ങൾ മറ്റ് മാനസിക രോഗികളുടെ പ്രശ്നങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണേണ്ടതാണ്. സർക്കാർ തലത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ മറവിരോഗം, മറ്റ് മാനസിക രോഗങ്ങളുടെ കൂട്ടത്തിൽപ്പെടുന്നതുകൊണ്ട് അതിന് പലപ്പോഴും ശരിയായ ശ്രദ്ധ ലഭിക്കാതെ പോകുന്നു. മറവിരോഗത്തെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളിൽ തളരാതിരിക്കാനും നാം തയ്യാറാകണം.
(ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മുൻ മേധാവിയും, തിരുവനന്തപുരം അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസ്‌ഓർഡർ (ARDST) പ്രസിഡന്റുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |