അടിയന്തര പ്രമേയം അനുവദിച്ചില്ല
പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും നവീകരിച്ചതിലൂടെ നാലു കിലോ സ്വർണം അടിച്ചുമാറ്റിയെന്ന ആരോപണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണപ്പാളി കാണാതായതിൽ അടിയന്തര പ്രമേയാവതരണത്തിന് പ്രതിപക്ഷം നൽകിയ നോട്ടീസ് സ്പീക്കർ എ.എൻ.ഷംസീർ അനുവദിച്ചില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നാലെ പ്രതിപക്ഷം നിയമസഭയിൽ
നിന്നിറങ്ങിപ്പോയി.
ശില്പങ്ങൾ പൊതിഞ്ഞ സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും നവീകരിച്ച് തിരിച്ചെത്തിച്ചപ്പോൾ നാലു കിലോയോളം കുറഞ്ഞതും ചൂണ്ടിക്കാട്ടിയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയാവതരണത്തിന് നോട്ടീസ് നൽകിയത്. സ്പീക്കർ
അനുമതി തടഞ്ഞപ്പോൾ, കോടതിയുടെ പരിഗണനയിലുള്ള നിരവധി വിഷയങ്ങൾ നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ച കീഴ്‌വഴക്കമുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അയ്യപ്പന്റെ സ്വർണം കാണാതായത് ഭക്തരേയും വിശ്വാസികളേയും വിഷമത്തിലാക്കിയതാണ്. വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. പിന്നാലെയാണ്, പ്രതിപക്ഷം ബഹളം വച്ച ശേഷം സഭയിൽ നിന്നിറങ്ങിപ്പോയത്
മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച വിഷയമായതിനാലാണ് നോട്ടീസ് പരിഗണിക്കാൻ കഴിയാത്തതെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആഗോള അയ്യപ്പ സംഗമം അട്ടിമറിക്കാൻ ശ്രമിച്ചതു പരാജയപ്പെട്ടതിനാലുള്ള കൊതിക്കെറുവാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു. അയ്യപ്പ സംഗമത്തിന്
മങ്ങലേൽപ്പിക്കാനുള്ള ശ്രമമാണിതെന്നും, ഹൈക്കോടതി ഉത്തരവു പ്രകാരമുള്ള അന്വേഷണം നടക്കുന്നതിനിടെ നിയമസഭ ചർച്ച ചെയ്താലത് കോടതിയലക്ഷ്യമാവുമെന്നും മന്ത്രി വാസവനും പറഞ്ഞു.
സി.പി.എമ്മിലെ വിവാദത്തിന് തന്റെ
നെഞ്ചത്ത് കയറരുത്
സി.പി.എമ്മിൽ ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദം പോലുള്ള എന്ത് കേസുണ്ടായാലും തന്റെ നെഞ്ചത്തേക്ക് കയറുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്റെ വീട്ടിലേക്കാണ് മാർച്ച്. ഞാൻ എന്തു ചെയ്തിട്ടാണ്.
എങ്ങനെയാണ് ഈ സംഭവം ആദ്യം പുറത്തുവന്നതെന്ന് സി.പി.എം അന്വേഷിക്കട്ടെയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യാപകമായ പ്രചാരണം സി.പി.എം ഹാൻഡിലുകൾ നടത്തിയപ്പോൾ ഈ മാന്യതയൊന്നും ഉണ്ടായില്ലല്ലോ. അന്ന് മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സംരക്ഷണം തുടങ്ങിയ വാക്കുകളൊന്നും ഉണ്ടായില്ലല്ലോ. ന്യായീകരിക്കുന്നതല്ല. അങ്ങനെ ചെയ്യരുതെന്ന് കോൺഗ്രസ് അനുഭാവികളോട് പത്രസമ്മേളനം നടത്തി പറഞ്ഞതാണ്.
സി.പി.എമ്മിലെ ഇപ്പോഴത്തെ വിവാദം എങ്ങനെയാണ് പുറത്തു വന്നതെന്ന് കെ.എൻ. ഉണ്ണികൃഷ്ണന്റെ പ്രസ്താവനയിലുണ്ട്. കോൺഗ്രസ് ആസൂത്രിതമായല്ല ഇത് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ വേട്ടയാടുകയാണെന്നാണ് പറഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |