പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നടക്കുന്നതിന് മുമ്പ് വിമർശിക്കുന്നത് ശരിയല്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം പത്തനംതിട്ട, പന്തളം യൂണിയനുകളിലെ ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്താണ് പരിപാടി, എന്താണ് മാസ്റ്റർ പ്ളാൻ എന്നൊക്കെ അവിടെപ്പോയി കണ്ടും കേട്ടും അറിഞ്ഞ ശേഷം വിമർശിക്കുന്നത് ഉൾക്കൊള്ളാം. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ ചിന്തകളനുസരിച്ച് ചിലർ അഭിപ്രായങ്ങൾ തട്ടിവിടുകയാണ്. ദേവസ്വം ബോർഡും അയ്യപ്പന്റെ പൂങ്കാവനവും വലിയ ചർച്ചാ വിഷയമാണ്. പ്രാക്കുളം ഭാസി ചെയർമാനായിരുന്ന കാലത്ത് പണം പിരിച്ചാണ് ദേവസ്വം ബോർഡ് മുന്നോട്ടു പോയിരുന്നത്. ബോർഡിന് കീഴിലുള്ള ആയിരത്തിലേറെ ക്ഷേത്രങ്ങൾ നഷ്ടത്തിലാണ്. ഇതിനെല്ലാം അറുതി വരുത്താൻ ലോകത്തെങ്ങുമുള്ള ഭക്തരെ വിളിച്ചു കൂട്ടി ബോർഡിന് വരുമാനമുണ്ടാക്കാൻ നല്ല
ഉദ്ദേശ്യത്തോടെ തുടങ്ങിയതാണ് അയ്യപ്പ സംഗമം. ആര് ചെയ്യുന്നുവെന്നു നോക്കാതെ നല്ലത് ചെയ്യുന്നത് അംഗീകരിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, സെക്രട്ടറി ഡോ. എ.വി ആനന്ദരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |