തിരുവനന്തപുരം: തൃശൂർ വടക്കാഞ്ചേരിയിൽ കെ.എസ്.യു പ്രവർത്തകരെ വിലങ്ങു വച്ചതിനോട് സർക്കാരിന് യോജിപ്പില്ലെന്നും എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. തിരിച്ചറിയൽ പരേഡ് വേണ്ടിവരുമെന്നതിനാലാണ് കറുത്ത തുണികൊണ്ട് മുഖം മറച്ച് കോടതിയിൽ ഹാജരാക്കിയതെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വി.എൻ.വാസവൻ മറുപടി നൽകി.
തീവ്രവാദികളോട് പോലും ചെയ്യാത്ത രീതിയിലാണ് കെ.എസ്.യുക്കാരെ മുഖംമൂടിയണിയിച്ച് കൈവിലങ്ങിട്ട് കോടതിയിൽ ഹാജരാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സബ്മിഷനിൽ ചൂണ്ടിക്കാട്ടി. ഇതിനെ കോടതി അതിശക്തമായി വിമർശിച്ചു. എസ്.എച്ച്.ഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കുട്ടികളുടെ വീടുകളിലെത്തി മാതാപിതാക്കളെ ആറുവട്ടം എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തി.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് മർദ്ദനമേറ്റപ്പോൾ അവിടെയുണ്ടായിരുന്ന എസ്.എച്ച്.ഒയാണ് വടക്കാഞ്ചേരിയിലും ഉണ്ടായിരുന്നത്. വിദ്യാർത്ഥി സംഘർഷത്തിൽ പ്രതിയാക്കിയവരോട് കൊടും കുറ്റവാളികളെപ്പോലെയാണ് പൊലീസ് പെരുമാറിയത്. കെ.എസ്.യു, എസ്.എഫ്.ഐ സംഘർഷമായിരുന്നെങ്കിലും കെ.എസ്.യുക്കാരെ മാത്രമാണ് പ്രതികളാക്കിയതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |