തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുമ്പോഴും ഉറവിടം കണ്ടെത്തുന്നതിൽ കൂട്ടായ പരിശ്രമമോ ഗൗരവകരമായ ചർച്ചയോ നടക്കുന്നില്ലെന്ന് ഡോക്ടർമാർക്കിടയിൽ വിമർശനം. ചില ഡോക്ടർമാർ പറയുന്നതുമാത്രം വിശ്വസിച്ചാണ് അധികൃതർ മുന്നോട്ടുപോകുന്നതെന്നും വിമർശനമുണ്ട്. അമീബ സാന്നിദ്ധ്യം സംശയിക്കുന്ന വെള്ളം കൾച്ചർ ചെയ്യുന്നതിൽ പോലും വീഴ്ചയുണ്ടെന്ന് മൈക്രോബയോളജിസ്റ്റുകൾ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും കൂട്ടായി സ്വകാര്യ മേഖലയിലെ വിദഗ്ദ്ധരുടെ സഹകരണത്തോടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ ആരായുന്നതിന് പകരം. ചില ഡോക്ടർമാരും ഉദ്യോഗസ്ഥരും തുടർച്ചയായി യോഗം ചേരുന്നതല്ലാതെ കാര്യമായ നടപടികളില്ലെന്നും ആക്ഷേപമുണ്ട്. ആദ്യഘട്ടത്തിൽ രോഗബാധയ്ക്ക് കാരണമായിരുന്ന അമീബയല്ല ഇപ്പോഴത്തെ രോഗത്തിന് കാരണം. പ്രതിരോധ നടപടികൾ രണ്ടു വർഷം മുൻപ് രോഗകാരണമായ അമീബ കേന്ദ്രീകരിച്ചാണെന്നും ഒരുവിഭാഗം ഡോക്ടർമാർ പറയുന്നു.
നെഗ്ലേരിയ ഫൗളേരി അമീബകളിൽ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസാണ് ആദ്യം കണ്ടിരുന്നത്. ഇപ്പോൾ ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എൻസെഫലൈറ്റിസാണ്.
നേരത്തെ മലിനവെള്ളത്തിൽ മുങ്ങി കുളിയ്ക്കുമ്പോൾ നെഗ്ലേരിയ ഫൗളേരി അമീബ അമീബ മൂക്കിലൂടെ തലച്ചോറിലെത്തിയാണ് രോഗം ബാധിച്ചിരുന്നത്.
ഇപ്പോൾ തൊലിപ്പുറത്തെ മുറിവുകളിലൂടെ രക്തത്തിൽ കലർന്ന തലച്ചോറിലെത്തുന്ന അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതുണ്ടാക്കുന്നത്. കോളിഫോം ബാക്ടീരിയ കൂടുതലുള്ള വെള്ളത്തിൽ സാന്നിദ്ധ്യം കൂടുതലാണെന്നും കൃത്യമായ ഓവുചാൽ സംവിധാനമില്ലാത്തതും അടുത്തടുത്ത് വീടുകളുള്ളതിനാൽ സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള വെള്ളം കിണറുകളിൽ കലരാൻ ഇടയാകുന്നതും അപകടകരമാണെന്നും ഡോക്ടർമാർ പറയുന്നു.
ഉറവിടം കണ്ടെത്താൻ
സംയുക്ത പഠനം
ഐ.സി.എം.ആർ ഉൾപ്പെടെയുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് ഉറവിടം കണ്ടെത്താനുള്ള പഠനം ആരോഗ്യവകുപ്പ് ആരംഭിക്കുന്നു. പ്രാഥമിക രൂപരേഖ ഇന്നലെ തയ്യാറാക്കി. ആരോഗ്യവകുപ്പ് അഡി.ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയ്ക്കാണ് ഏകോപന ചുമതല. ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്,ചണ്ഡീഗഡ് പോസ്റ്റ് ഗ്രോജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച്, പുതുച്ചേരി എ.വി.എം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് പഠനങ്ങൾ നടത്താനാണ് ശ്രമം.
കൂടുതൽ പഠനം നടത്തുകയും ഇത്തരം അമീബകളുടെ വ്യാപനത്തിന് കാരണമായവ ഇല്ലാതാക്കുകയും ചെയ്താൽ മാത്രമേ കൃത്യമായ പരിഹാരം കണ്ടെത്താനാകൂ.
-ഡോ.അനൂപ് കുമാർ.എ.എസ്
ഡയറക്ടർ,ക്രിട്ടിക്കൽ കെയർ ആസ്റ്റർ നോർത്ത് ക്ലസ്റ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |