തിരുവനന്തപുരം: പാലായിൽ മാണി സി.കാപ്പന് അട്ടിമറി വിജയം നൽകിയ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ജനക്ഷേമവികസന പരിപാടികളുമായി മുമ്പോട്ടുപോകാൻ എൽ.ഡി.എഫ് ഗവൺമെന്റിനു ജനങ്ങൾ നൽകിയ ജനകീയ മാൻഡേറ്റാണ് പാലായിലെ ജനവിധി. അരനൂറ്റാണ്ടിലേറെക്കാലം ഒരു പ്രത്യേക രീതിയിൽ ചിന്തിക്കുകയും വോട്ടുചെയ്യുകയും ചെയ്ത പാലാ മണ്ഡലത്തിലെ ചിന്താമാറ്റം അവിടെ ഒതുങ്ങുന്നതല്ല. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതാവും പ്രതിഫലിക്കുക. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം ഇല്ലാതിരുന്ന ജനവിഭാഗം കൂടിയതോതിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം അണിനിരക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 33,472 വോട്ട് യു.ഡി.എഫ് അധികം നേടിയ മണ്ഡലത്തിലാണ് എൽ.ഡി.എഫ് ഇത്രയധികം വോട്ട് അധികമായി നേടിയിട്ടുള്ളത്. പ്രതിപക്ഷത്തിന്റെ വാക്കുകൾ ജനങ്ങൾ ഒട്ടും വിശ്വാസത്തിലെടുക്കാത്ത നിലയായി. പാലാരിവട്ടം പാലം പോലുള്ള മൂർത്തമായ അഴിമതികളെക്കുറിച്ച് തെളിവുവെച്ച് ഞങ്ങൾ ജനങ്ങളോടു പറഞ്ഞു. അപ്പോൾ അടിസ്ഥാനരഹിതമെന്നു ജനങ്ങൾക്കാകെ ഉറപ്പുള്ള കിഫ്ബി - ട്രാൻസ്ഗ്രിഡ് ആരോപണങ്ങളുമായി പുകമറ ഉയർത്തി പ്രതിരോധിക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷ നേതാവിന്റെ വാക്കുകൾക്ക് ഇത്രമേൽ വിലയില്ലാതായ കാലം വേറെയില്ല.
കെ.എം. മാണിയെപ്പോലെ സമുന്നതനായ ഒരു നേതാവ് മരണമടഞ്ഞു മാസങ്ങൾക്കുള്ളിൽ സഹതാപത്തിനുപോലും ഇടമില്ലാത്ത തരത്തിൽ വെറുക്കപ്പെട്ട നിലയിലേക്ക് യു.ഡി.എഫും പ്രതിപക്ഷവും സ്വന്തം ദുഷ്‌ചെയ്തികളാൽ വീണുപോയി. കോൺഗ്രസാണ് ബദൽ എന്നും രാഹുൽഗാന്ധിയാണു പ്രധാനമന്ത്രിയാവുക എന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണ, കിട്ടിയ ആദ്യ അവസരത്തിലിതാ ജനങ്ങൾ തിരുത്തിയിരിക്കുന്നു. നവകേരളമടക്കമുള്ള കർമ്മപദ്ധതികളുമായി മുമ്പോട്ടുപോവുന്ന, രണ്ടു പ്രളയങ്ങളെ പ്രതിബന്ധതയോടെ അതിജീവിക്കാൻ മുൻനിന്നു പ്രവർത്തിച്ച എൽഡിഎഫ് സർക്കാരിനൊപ്പം നിൽക്കുകയാണു വേണ്ടത് എന്ന ജനങ്ങളുടെ വിശ്വാസമാണു വോട്ടിങ്ങിൽ പ്രതിഫലിച്ചത്.
വർഗീയപ്രശ്‌നങ്ങൾ കുത്തിപ്പൊക്കി സമുദായത്തിൽ ധ്രുവീകരണമുണ്ടാക്കാനും ധ്രുവീകരണത്തെ ശാശ്വതീകരിക്കാനും ബി.ജെ.പി ശ്രമിച്ചു. പലപ്പോഴും അതേ തന്ത്രം യു.ഡി.എഫും പയറ്റി. ഈ കുത്സിത നീക്കങ്ങളെ കേരളത്തിന്റെ മണ്ണിൽ അനുവദിക്കില്ല എന്ന ജനങ്ങളുടെ നിശ്ചയദാർഢ്യം കൂടി ഈ ജനവിധിയിൽ പ്രതിഫലിക്കുന്നു. ജാതിജീർണതകൾ തിരിച്ചുകൊണ്ടുവരാനും നവോത്ഥാന മുന്നേറ്റശ്രമങ്ങളെ കൈയൊഴിയിക്കാനും ശ്രമിച്ചവർക്കുള്ള മറുപടിയുമുണ്ട് ഈ വിധിയിൽ. ബി.ജെ.പിക്ക് പോയ ഘട്ടത്തിലേതിനെ അപേക്ഷിച്ച് കുറഞ്ഞ വോട്ടാണു കിട്ടിയത്. പാലായിലെ ജനങ്ങൾ സംസ്ഥാന ഭരണത്തെ വിലയിരുത്തിത്തന്നെ പ്രതികരിക്കുമെന്നാണ് ഞങ്ങൾ പറഞ്ഞത്. അവർ അതിഗംഭീരമായി ഭരണത്തെ പിന്തുണക്കുന്ന വിധത്തിൽ പ്രതികരിച്ചു.
യു.ഡി.എഫിന്റെ സമ്പൂർണ തകർച്ചയുടെ തുടക്കമാണിത്. പരസ്പര അവിശ്വാസത്തിന്റെയും കാലുവാരലിന്റെയും കുതികാൽവെട്ടിന്റെയും വഴിയിലൂടെ സമ്പൂർണ നാശത്തിലേക്കെത്തുക എന്നതല്ലാതെ അവർക്കിനി ഒന്നും ചെയ്യാനില്ല. ബി.ജെ.പിയുമായി സന്ധിചെയ്തു നീങ്ങുന്ന യു.ഡി.എഫിനെ ന്യൂനപക്ഷങ്ങളടക്കം മതനിരപേക്ഷ ജനവിഭാഗങ്ങളാകെ വർധിച്ചതോതിൽ കൈയൊഴിയുകയാണ്. ഈ പ്രക്രിയ കൂടുതൽ ശക്തിയോടെ തുടരുകയേ ഉള്ളു. ചില മാദ്ധ്യമ മുതലാളിമാരുടെ താൽപര്യങ്ങൾക്കും അവരുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുമപ്പുറം വസ്തുതകൾ മനസ്സിലാക്കാനും സാഹചര്യങ്ങൾ വിലയിരുത്താനും കേരളത്തിലെ ജനങ്ങൾക്കുള്ള കഴിവിനെ വ്യക്തമാക്കുന്നതു കൂടിയാണ് ഉപതെരഞ്ഞെടുപ്പു ഫലം. പാലായിലെ ജനങ്ങളെയാകെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |