തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക,അനദ്ധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം അട്ടിമറിയ്ക്കാൻ ചില മാനേജ്മെന്റുകൾ ശ്രമിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമനം സംബന്ധിച്ച ഓൺലൈൻ സംവിധാനമായ സമന്വയ റോസ്റ്റർ പ്രകാരം 7,000 ഒഴിവുകൾ ഭിന്നശേഷി നിയമനത്തിന് മാനേജർമാർ മാറ്റിവെയ്ക്കേണ്ടിടത്ത് 1,400 ഒഴിവുകൾ മാത്രമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവ് റിപ്പോർട്ട് ചെയ്യാതെ കാത്തിരുന്ന് ഭാവിയിൽ നോൺ അവയിലബിലിറ്റി
സർട്ടിഫിക്കറ്റ് വാങ്ങി മറ്റുള്ളവരെ ഈ തസ്തികയിൽ നിയമിക്കാനാണ് ശ്രമമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷനുകളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാതല സമിതി മുഖേനയുള്ള എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങളുടെ ആദ്യഘട്ടം അടുത്തമാസം 25നകം പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. സമിതി പരിശോധിക്കുന്ന അപേക്ഷകൾക്ക് ശേഷവും നിലനിൽക്കുന്ന പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാനതലത്തിൽ നവംബർ 10നകം അദാലത്ത് സംഘടിപ്പിക്കും. അദാലത്തിലേക്കുള്ള അപേക്ഷകൾ ഒക്ടോബർ 30നകം സംസ്ഥാനതല സമിതി കൺവീനറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. ജില്ലാതല സമിതി മുഖേനയുള്ള നിയമനം ആവശ്യമെങ്കിൽ വർഷത്തിൽ രണ്ട് തവണ നടത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
16,008 സ്കൂളുകൾക്ക് 1,35,551 ലാപ്ടോപ്പുകൾ നൽകി
തിരുവനന്തപുരം : ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16,008 സ്കൂളുകളിലായി 1,35,551 ലാപ്ടോപ്പുകൾ വിതരണം ചെയ്തെന്ന് മന്ത്രി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രൊജക്ടർ, സ്ക്രീൻ, ടി.വി, പ്രിന്റർ, ക്യാമറ, വെബ് ക്യാമറ, സ്പീക്കർ ഉൾപ്പെടെയുള്ളവ ഇതിനോടകം വിതരണം ചെയ്ത് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് കിഫ്ബി വഴി 683 കോടി രൂപയും പ്രാദേശിക കൂട്ടായ്മയിൽ നിന്നും 135.5കോടി രൂപയുമാണ് വിനിയോഗിച്ചത്. 2.39 കോടി രൂപ ചിലവഴിച്ച് 21,000 റോബോട്ടിക് കിറ്റുകൾ സ്കൂളുകളിൽ വിന്യസിച്ചിട്ടുണ്ട്. 5,000 കിറ്റുകൾ കൂടി കുട്ടികൾക്ക് എത്തിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ ബസുകളിൽ ക്യാമറ നിർബന്ധം
സ്കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാണെന്നും അത് പിൻവലിക്കില്ലെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെ സുരക്ഷയെ മുൻനിറുത്തിയാണ് സ്ക്കൂൾ വാഹനങ്ങളിൽ മുൻവശത്തും പുറകിലും അകത്തും ക്യാമറ സ്ഥാപിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ ഓപ്പൺ ഹാർഡ്വെയറുകൾക്കും
പ്രാധാന്യം നൽകും
സ്വതന്ത്ര സോഫ്റ്റ്വെയറുകൾക്ക് നൽകിവരുന്ന പ്രാധാന്യം ഇനി ഓപ്പൺ ഹാർഡ്വെയറുകൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുമെന്നും സ്കൂളുകളിൽ വിന്യസിച്ചിട്ടുള്ള 29,000 റോബോട്ടിക് കിറ്റുകൾ ഇതിനുദാഹരണമാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗം മനസ്സിലാക്കുന്നതിനായി അടുത്ത ആഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഇൻസ്റ്റാൾ ഫെസ്റ്റുകൾ സംഘടിപ്പിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് പറഞ്ഞു. ഡി.എ.കെ.എഫ് സംസ്ഥാന സെക്രട്ടറി ബിജു എസ്.ബി സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രസക്തി എന്ന വിഷയം അവതരിപ്പിച്ചു. തുടർന്ന് "ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നന്മയും തിന്മയുമെന്ന" വിഷയത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സംവാദവും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |