അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷൻ നിർദ്ദേശങ്ങൾ അഭ്യസ്തവിദ്യരായ യുവതി യുവാക്കളെയും, അമേരിക്കയിൽ അടുത്ത കാലത്തായി തൊഴിലിൽ പ്രവേശിച്ചവരെയും പ്രതികൂലമായി ബാധിക്കും.
H1B വിസയിൽ തൊഴിലിനെത്തുന്നവരെയാണ് പുതിയ വിസ പരിഷ്കാരങ്ങൾ ബാധിക്കാൻ പോകുന്നത്. വാർഷിക H1B വിസ പുതുക്കൽ ഫീസ് 215 ഡോളറിൽ നിന്നും ഒരു ലക്ഷം ഡോളറായി ഉയർത്തിയിട്ടുണ്ട്. ഇത് ഉദ്യോഗാർഥി തൊഴിൽ ചെയ്യുന്ന കമ്പനി അടയ്ക്കണം. പ്രതിവർഷം 90000 ത്തോളം H1B വിസയാണ് അമേരിക്ക അനുവദിക്കുന്നത്. ഇതിൽ 75 ശതമാനത്തോളം ഇന്ത്യക്കാരാണ്. പുതിയ പരിഷ്കാരങ്ങൾ ഇന്ത്യയിലെയും, ചൈനയിലെയും ഉദ്യോഗാർഥികളെ ബാധിക്കും.
ഇനി മുതൽ H1B വിസക്ക് ബിരുദവും, സ്കില്ലും നിർബന്ധമാണ്. ഉയർന്ന സ്കില്ലുള്ളവരെ ലഭിക്കാനും, തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു വരുത്താനും ഉപകരിക്കുമെന്ന് ട്രമ്പ് കരുതുന്നു. 10 ലക്ഷം ഡോളറടച്ചുള്ള ഗോൾഡ് കാർഡ് വിസയും അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ ഐ ടി കമ്പനികൾ സ്പോൺസർ ചെയ്യുന്ന ഉദ്യോഗാർഥികളാണ് അമേരിക്കയിലേറെയുള്ളത്. വിസ പുതിയ നിരക്കിൽ പുതുക്കാൻ കമ്പനികൾ വിസമ്മതിച്ചാൽ അവർക്ക് ഇന്ത്യൻ കമ്പനികളിലേക്ക് തിരിച്ചു വരേണ്ടി വരും. ഇൻഫോസിസ്, ടി സി എസ് അടക്കമുള്ള ഇന്ത്യൻ കമ്പനികൾ ഇതിനെതിരായി പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യൻ
ഐ ടി കമ്പനി വഴി അമേരിക്കയിൽ തൊഴിൽ നേടാമെന്ന ഉദ്യോഗാർഥികളുടെ സ്വപ്നമാണ് ഇതിലൂടെ പൊലിയുന്നത്. മികച്ച സ്കിൽ സ്വായത്തമാക്കാനാണ് ഉദ്യോഗാർഥികൾ ഇനി ശ്രമിക്കേണ്ടത്.
അമേരിക്കയിൽ തൊഴിൽ ചെയ്യുന്ന ടെക്കികളിൽ മൂന്നു ലക്ഷത്തോളം മലയാളികളുണ്ട്. ഇവരിൽ 75 ശതമാനവും ഇന്ത്യൻ കമ്പനികൾ വഴി സ്പോൺസർ ചെയ്തവരാണ്. അവരുടെ സുസ്ഥിര തൊഴിലിനെ വിസ പരിഷ്കാരങ്ങൾ ബാധിക്കും. ഇതിനാനുപാതികമായി ക്യാമ്പസ് റിക്രൂട്ട്മെന്റിലും കുറവുണ്ടാകും. പ്ലേസ്‌മെന്റ് ഓഫർ ലഭിച്ചവർക്ക് തൊഴിൽ ലഭിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |