SignIn
Kerala Kaumudi Online
Tuesday, 23 September 2025 4.08 PM IST

സഖാവിന്റെ 'ഗീതാവിചാര'വും കലിപ്പ് സംവാദവും

Increase Font Size Decrease Font Size Print Page
gst

ഭഗവദ്ഗീതയുടെ പന്ത്രണ്ടാം അദ്ധ്യായത്തിൽ (13 മുതൽ 20 വരെ ശ്ലോകങ്ങൾ) ഭക്തനെ വർണിക്കുന്നത് ഇങ്ങനെയാണ്: 'ഒന്നിനോടും ദ്വേഷിക്കാത്തവനും എല്ലാത്തിനോടും മിത്രമായിരിക്കുന്നവനും സുഖ- ദുഃഖ ഭേദമില്ലാത്തവനും കരുണയും ദയയുമുള്ളവനും എന്തും സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവനുമാണ് യഥാർത്ഥ ഭക്തൻ!" കല്ലും മുള്ളും കാലിന് മെത്തയാക്കി, യാതനകൾ സഹിച്ച് ശരണം വിളികളുമായി മല ചവിട്ടി ശബരിമലയിലെത്തുന്ന ഭക്തനെ വരവേൽക്കുന്നത് 'തത്ത്വമസി" (അത് നീ തന്നെ)​ എന്ന ഉപനിഷദ് സന്ദേശമാണ്.

പമ്പാ മണപ്പുറത്തെ അലങ്കരിച്ച പന്തലിൽ നിന്ന് ഉയർന്നുകേട്ട ഈ വാക്കുകൾ ഏതെങ്കിലും തന്ത്രി മുഖ്യന്റേതോ, സന്യാസി വര്യന്റേതോ, ഹിന്ദു മത പ്രഭാഷകന്റേതോ അല്ല; കമ്മ്യൂണിസ്റ്റുകാരനായ കേരള മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്! ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു വ്യാഖ്യാനം. പിന്നാലെ, അയ്യപ്പ ചരിതവും. വേദങ്ങളും ഉപനിഷത്തുകളും പഠിക്കാനും ഉച്ചരിക്കാനും ഉന്നതകുല ജാതർക്കു മാത്രമേ അവകാശമുള്ളൂ എന്നും, അല്ലാത്തവർ അതിനു ശ്രമിച്ചാൽ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്നുമുള്ള പഴയ ചാതുർവർണ്യ സംസ്കാരമൊക്കെ മൺമറഞ്ഞിട്ട് കാലങ്ങളായി. ഇപ്പോൾ ആർക്കും വേദങ്ങളും മന്ത്രങ്ങളും ഉപനിഷത്തുകളും പുരാണങ്ങളുമൊക്കെ പഠിക്കാം, വ്യാഖ്യാനിക്കാം.

ഒരു നിരീശ്വരവാദിക്ക് ഈശ്വര വിശ്വാസത്തെപ്പറ്റി പറയാൻ എന്തു കാര്യം എന്നാണ് ചിലരുടെ ചോദ്യം! 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന് പ്രചരിപ്പിച്ചു നടന്ന സഹോദരൻ അയ്യപ്പൻ നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയുമായി ഒരിക്കൽ ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യർ ഗുരുവിനെ സമീപിച്ചു. 'സഹോദരന്റെ വാക്കുകളിൽ ദൈവ വിശ്വാസമില്ലായിരിക്കാം. എന്നാൽ, മിശ്ര ഭോജനവും സാധുജന പരിപാലനവുമൊക്ക നടത്തുന്ന അയ്യപ്പന്റെ കർമ്മങ്ങളിൽ ഈശ്വരഭാവം കാണാം" എന്നായിരുന്നു ഗുരുദേവന്റെ മറുപടി.

കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ അയ്യപ്പ സംഗമത്തിന്റെയും കമ്മ്യൂണിസ്റ്റായ മുഖ്യമന്ത്രി അതിന്റെ ഉദ്ഘാടകനായതിന്റെയും സാംഗത്യമല്ല ചിന്തിക്കേണ്ടത്; അതിനു പിന്നിലെ കർമ്മ ശുദ്ധിയാണ്. കർമ്മശുദ്ധി തെളിയിക്കപ്പെടേണ്ടതും അയ്യപ്പ സന്നിധാനത്തിൽ തന്നെ. ഉദ്ദേശ്യശുദ്ധി നല്ലതാണെങ്കിൽ കർമ്മഫലവും നന്നാവും. എല്ലാം അയ്യപ്പൻ സാക്ഷി!



പിണറായി വിജയൻ അയ്യപ്പ ഭക്തനാണെന്നും അദ്ദേഹം തന്നെ വീണ്ടും മുഖ്യമന്ത്രിയാവും എന്നുമാണ് അയ്യപ്പസംഗമത്തിൽ ഒപ്പം പങ്കെടുത്ത എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം. കമ്മ്യൂണിസ്റ്റുകാർ നിരീശ്വരവാദം പറയുമെങ്കിലും അയ്യപ്പനെ കാണാൻ വരുന്നവരിൽ തൊണ്ണൂറു ശതമാനം പേരും അവരാണ്. അയ്യപ്പനെ പിണറായി വിജയൻ ഹൃദയംകൊണ്ട് സ്വീകരിച്ചില്ലേയെന്നും വെള്ളാപ്പള്ളി സമർത്ഥിക്കുന്നു. അപ്പോൾ, യഥാർത്ഥ ഭക്തനാവാൻ പിണറായി ഇനി എന്തൊക്കെ കടമ്പകൾ കൂടി കടക്കണമെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

എന്നാൽ, സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ ശബരിമലയിൽ രണ്ടു യുവതികളെ കയറ്റാൻ കൂട്ടുനിന്ന മുഖ്യമന്ത്രി, തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കാട്ടുന്ന കപടഭക്തിയാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ സംഗമത്തിൽ ആളുകൾ തീരെ കുറഞ്ഞതിനു കാരണം കലിയുഗ വരദനായ അയ്യപ്പ സ്വാമിയുടെ അനിഷ്ടമാണെന്ന് രമേശ് ചെന്നിത്തല സ്വാമിയുടെ കണ്ടുപിടിത്തം. അമ്പതു രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ വരുമെന്നു പറഞ്ഞിട്ട് ആരും വന്നില്ലെന്നും. ഭക്തരെ കൊള്ളയടിക്കാനാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റ് നേതാവിന്റെ കാപട്യം നിറഞ്ഞ പ്രസംഗം വിശ്വാസി സമൂഹം തള്ളിക്കളഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ...

വിമർശനങ്ങളൊന്നും കൂസാതെ സാർത്ഥവാഹക സംഘം മുന്നോട്ട് എന്നാണ് സർക്കാരിന്റെ ലൈൻ. ശബരിമലയിൽ മണ്ഡല- മകരവിളക്ക് സീസൺ ഉത്തരേന്ത്യയിലെ കുംഭമേള മാതൃയിലാക്കണമെന്നാണ് അയ്യപ്പ സംഗമത്തിലെ

പാനൽ ചർച്ചയിൽ ഉയർന്ന നിർദ്ദേശം. അതിനും വേണമെങ്കിൽ ഒരുകൈ നോക്കാൻ റെഡി. പക്ഷേ, അതിന് വീണ്ടും ഇടതു സർക്കാർ വരണം. പിണറായി മുഖ്യമന്ത്രിയാവണം. അയ്യപ്പ ശരണം!



കേന്ദ്ര മന്ത്രിയായ ശേഷവും സുരേഷ് ഗോപിയിൽ ചിലപ്പോൾ സിനിമയിലെ ആക്ഷൻ ഹീറോ വേഷങ്ങൾ പരകായ പ്രവേശം നടത്താറുണ്ടെന്നാണ് കേൾവി. അപ്പോൾ, കേന്ദ്രമന്ത്രിയും എം.പിയുമാണെന്ന കാര്യം മറന്ന് കമ്മിഷണറാവും. 'വില്ലൻ" ചോദ്യം ചോദിക്കാനെത്തുന്ന പത്രക്കാർ. അല്ലെങ്കിൽ നിവേദനം നൽകാനെത്തുന്ന പാവങ്ങൾ. യാഥാർത്ഥ്യ ബോധം തിരിച്ചുകിട്ടുമ്പോൾ പിന്നെ, ക്ഷമ പറച്ചിലായി. പഴയ നാട്ടുകൂട്ടം മോഡലിൽ സുരേഷ് ഗോപി തന്റെ മണ്ഡലമായ തൂശൂരിൽ നടത്തിവരുന്ന കലുങ്ക് സംവാദം കലിപ്പ് സംവാദമായി മാറുന്നുവെന്നാണ് റിപ്പോർട്ടുകൾ.

തെങ്ങുവീണ് വീട് തകർന്നതിനെത്തുടർന്ന്, പുതിയ വീടിനായി കലുങ്ക് സംവാദത്തിനെത്തിയ നിർദ്ധനനായ കൊച്ചു വേലായുധന്റെ അപേക്ഷ കൈപ്പറ്റാൻ പോലും കേന്ദ്രമന്ത്രി തയ്യാറായില്ല. പഞ്ചായത്തിൽ പോയി പറയാൻ ആവശ്യപ്പെട്ട് ആട്ടിയോടിച്ചു. തക്കം മുതലാക്കിയ സി.പി.എം പ്രവർത്തകർ കൈയോടെ കൊച്ചുവേലായുധനെ സമീപിച്ച് പുതിയ വീട് നിർമ്മിച്ചു നൽകാമെന്നേറ്റു. അപ്പോഴാണ് സുരേഷ് ഗോപിക്ക് കത്തിയത്. കൊച്ചുവേലായുധന്റെ അപേക്ഷ വാങ്ങാതിരുന്നത് തനിക്കു പറ്റിയ കൈപ്പിഴയാണെന്നാണ് ക്ഷമാപണം.

കരുവന്നൂർ സഹകരണ ബാങ്കിൽ നടത്തിയ നിക്ഷേപം തിരികെ ലഭിക്കാതെ വലയുന്ന വൃദ്ധയാണ് കലിപ്പിന്റെ അടുത്ത ഇര. പണം കിട്ടാൻ ഇടപെടണമെന്ന് കലുങ്ക് സംവാദത്തിൽ അപേക്ഷിച്ച വൃദ്ധയോട് അദ്ദേഹം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയെയോ, മന്ത്രിയെയോ പോയി കാണാനാണ്. അവരെ തനിക്ക് കാണാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ, 'പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ" എന്നായി. സദസിൽ പരിഹാസച്ചിരി. അവിടെയും ദേവദൂതന്മാരായി പ്രത്യക്ഷപ്പെട്ടു,​ സഖാക്കൾ. ആ വൃദ്ധ തന്നെ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച 1.75 ലക്ഷം രൂപയിൽ 10,000 രൂപ വാങ്ങിക്കൊടുക്കാൻ അവർ 'സൗമനസ്യം" കാട്ടി. തന്റെ കലുങ്ക് സംവാദം പൊളിക്കാൻ എതിരാളികൾ നടത്തുന്ന ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് സുരേഷ് ഗോപി. അദ്ദേഹം വെള്ളിത്തിരയിൽ നിന്ന് ഇറങ്ങി വന്നില്ലെങ്കിൽ. വെളുക്കാൻ തേച്ചത് പാണ്ടാവുമോ എന്നാണ് തൃശൂരിലെ ബി.ജെ.പിക്കാരുടെ ആശങ്ക.



വരുന്നവർക്കും പോകുന്നവർക്കുമെല്ലാം കയറി കൊട്ടാവുന്ന വഴിച്ചെണ്ടയാണോ താനെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം ന്യായം. ലൈംഗികാപവാദ ചുഴിയിൽപ്പെട്ടത് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പക്ഷേ, അതിന്റെ പേരിൽ ഡി.വൈ.എഫ്.ഐക്കാർ മാർച്ച് നടത്തിയത് സതീശന്റെ പറവൂരിലെ വീട്ടിലേക്ക്. രാഹുൽ എം.എൽ.എ സ്ഥാനം രാജി വയ്ക്കാത്തത് സതീശന്റെ പിന്തുണ കൊണ്ടാണെന്നത്രേ ആരോപണം. എറണാകുളത്തെ സി.പി.എം നേതാവ് കെ.ജെ. ഷൈനിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് കോൺഗ്രസുകാർ നടുത്തുന്ന സൈബർ ആക്രമണമാണ് മറ്റൊന്ന്. ഇതു സബന്ധിച്ച ആദ്യ പോസ്റ്റിട്ടത് പറവൂരുകാരനായ പ്രാദേശിക കോൺഗ്രസ് നേതാവാണെന്ന് പറയുന്നു. പറവൂരുകാരനായ സതീശൻ അറിയാതെ ഇത് സംഭവിക്കില്ലെന്നാണ് അതേ നാട്ടുകാരിയായ ഷൈനിന്റെ വാദം. ഇതേ സൈബർ ആക്രമണത്തിന് ഇരയായ വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണന്റെയും ആരോപണത്തിന്റെ കുന്തമുന നീളുന്നത് സതീശനു നേരേ! ക്ഷമിക്കുന്നതിനും ഇല്ലേ ഒരതിര്?

നുറുങ്ങ്:

□ ആഗോള അയ്യപ്പ സംഗമത്തിൽ ഭൂരിഭാഗം കസേരകളും കാലിയായിക്കിടന്നത് സംഗമം പരാജയപ്പെട്ടതിന് തെളിവെന്ന് കോൺഗ്രസും ബി.ജെ.പിയും.

 സഖാക്കളുടെ പുതിയ ഭക്തിയുടെ ആഴം എല്ലാ അയ്യപ്പ ഭക്തന്മാരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല!

(വിദുരരുടെ ഫോൺ: 99461 08221)

TAGS: VIDHURAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.