കൊച്ചി: ചരക്ക് സേവന നികുതി (ജി.എസ്.ടി) പരിഷ്കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളടക്കം 375 ഉത്പന്നങ്ങളുടെ വില ഇന്നുമുതൽ കുറയും. കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് ജനങ്ങൾക്ക് ആശ്വാസം പകരുന്ന പരിഷ്കരണം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
12 ശതമാനം സ്ളാബിലുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും ജി.എസ്.ടി ഇന്ന് മുതൽ അഞ്ച് ശതമാനമാകും. 28 ശതമാനം സ്ളാബിലുണ്ടായിരുന്ന 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും.
ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയം, ബ്യൂട്ടി ക്ളിനിക്കുകൾ, വെൽനെസ് ക്ളബുകൾ, സലൂണുകൾ, ഹെൽത്ത് ക്ളബുകൾ, യോഗാപഠന കേന്ദ്രങ്ങൾ തുടങ്ങിയവയുടെ നിരക്ക് കുറയും. കൺസ്യൂമർ ഉത്പന്നങ്ങളായ ഷേവിംഗ് ലോഷൻ, ഫേസ്ക്രീം, ഫേസ് പൗഡർ, ടൂത്ത് ബ്രഷ്, സോപ്പ്, കുട്ടികളുടെ നാപ്കിൻ, ക്ളിനിക്കൽ ഡയപ്പർ, ഹെയർ ഓയിൽ, സ്കിൻ ക്രീമുകൾ തുടങ്ങിയവും നിരക്ക് കുറയുന്നവയിൽ ഉൾപ്പെടുന്നു.
വില കുറയുന്നവ
ബിസ്‌കറ്റ്, വെണ്ണ, നെയ്യ്, പായ്ക്ക് ചെയ്ത ധാന്യങ്ങൾ, കോൺഫ്ളേക്ക്, 20 ലിറ്ററിന്റെ കുടിവെള്ളം, ഡ്രൈ ഫ്രൂട്ട്‌സ്, പാക്ക്ഡ് ഫ്രൂട്ട് പൾപ്പ്, ജ്യൂസ്, ഐസ്‌ക്രീം, ജാം ആന്റ് ഫ്രൂട്ട് ജെല്ലീസ്, കെച്ചപ്പ്, പനീർ, സോസേജ്, പായ്ക്ക് ചെയ്ത ഇറച്ചി, കരിക്കിൻ വെള്ളം, പാലടങ്ങിയ ബിവറേജസ്, കാപ്പി, കണ്ടെൻസ്‌ഡ് മിൽക്ക്, ഡയഗ്‌നോസ്‌റ്റിക് കിറ്റുകൾ, ഗ്ളൂക്കോമീറ്ററുകൾ അടക്കമുള്ള മെഡിക്കൽ ഉത്പന്നങ്ങൾ, ജീവൻരക്ഷാ മരുന്നുകൾ.
വില കൂടുന്നവ
സോഫ്‌റ്റ് ഡ്രിംഗ്‌സ്, ആഡംബര വാഹനങ്ങൾ, 1,200-1,400 സിസിക്ക് മുകളിൽ ശേഷിയുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾ, 350 സിസിയിൽ കൂടുതലുള്ള ഇരുചക്ര വാഹനങ്ങൾ, വ്യക്തിഗത ആവശ്യത്തിനുള്ള എയർക്രാഫ്‌റ്റ്, 2,500 രൂപയിലധികം വിലയുള്ള വസ്ത്രങ്ങൾ, ചെരുപ്പുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |