ജോധ്പൂർ: ഒട്ടേറെ പാരമ്പര്യങ്ങൾക്കും സംസ്‌കാരങ്ങൾക്കും പേരുകേട്ട സംസ്ഥാനമാണ് രാജസ്ഥാൻ. ഇവിടെ 'സൂര്യ നഗരം' എന്ന പേരിൽ അറിയപ്പെടുന്ന ജോധ്പൂർ ഏറെ പ്രശസ്തമാണ്. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യങ്ങളുടെ സത്ത ഉൾക്കൊള്ളുന്ന ഒരു രാജകീയ ശൈലിയിലുള്ള വിവാഹത്തിന് സാക്ഷ്യം വഹിച്ചതോടെ ജോധ്പൂർ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഇന്ത്യയുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും അകൃഷ്ടരായ യുക്രൈൻ സ്വദേശികളുടെ വിവാഹമാണ് ഇത്തവണ നടന്നത്. ഈ വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
72 വയസുള്ള യുക്രൈൻകാരനായ സ്റ്റാനിസ്ലാവും 27കാരിയായ അൻഹെലിനയുടെ വിവാഹമാണ് ഇന്ത്യൻ ആചാരങ്ങളിൽ ജോധ്പൂരിൽ നടന്നത്. കഴിഞ്ഞ നാല് വർഷത്തോളമായി ഇരുവരും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. തങ്ങളുടെ വിവാഹമെന്ന ഒത്തുചേരൽ ഇന്ത്യൻ ആചാരങ്ങളിൽ വേണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. ഇതോടെയാണ് ഇവർ വിവാഹത്തിനായി രാജസ്ഥാനിൽ എത്തിയത്.
ഷെർവാണിയും തൊപ്പിയും ധരിച്ചാണ് വരൻ എത്തിയതെങ്കിൽ വധു പരമ്പരാഗത മാർവാഡി വേഷത്തിലായിരുന്നു. ഒരു ഹോട്ടലിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വീഡിയോ വൈറലായതോടെ ഒട്ടേറെ പേർ ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തി. എന്നാൽ ചിലർ വീഡിയോയ്ക്ക് താഴെ വിമർശനവുമായി രംഗത്തെത്തി. 72കാരനായ ഇദ്ദേഹത്തിന് മകളുടെ പ്രായമുള്ള പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കാൻ കിട്ടിയുള്ളൂ എന്നാണ് ചിലർ ചോദിക്കുന്നത്. ഇരുവരുടെയും പ്രായ വ്യത്യസം തന്നെയാണ് വിമർശനത്തിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |