തിരുവനന്തപുരം: കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെ.എം. ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഷാജഹാന്റെ ഫോൺ പിടിച്ചെടുത്തു. ഇന്നലെ രാത്രി 10.15നാണ് ഉള്ളൂരിലെ വീട്ടിൽ പൊലീസെത്തിയത്. ഈ സമയം ഷാജഹാനും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.
എറണാകുളം റൂറൽ സൈബർ പൊലീസും പറവൂർ പൊലീസും ചേർന്നുള്ള പരിശോധന അരമണിക്കൂറിലധികം നീണ്ടു. ഷാജഹാനോട് ഇന്ന് എറണാകുളം സൈബർ പൊലീസിൽ ഹാജരാകാനും നിർദ്ദേശിച്ചു. യൂട്യൂബ് ചാനലിലൂടെ കെ.ജെ. ഷൈനെയും വി.എൻ. ഉണ്ണിക്കൃഷ്‌ണൻ എം.എൽ.എയെയും അധിക്ഷേപിച്ച് വീഡിയോ ഇട്ടതിനാണ് ഷാജഹാനെതിരെ കേസെടുത്തത്.
കോൺ. നേതാവിന്റെ ഫോൺ കണ്ടെടുത്തു
പറവൂർ: കെ.ജെ. ഷൈനിനെതിരെ അപവാദ പ്രചാരണം നടത്തിയ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണന്റെ കെടാമംഗലത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഒളിവിലായ ഗോപാലകൃഷ്ണന്റെ ഫോൺ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്ന് ആലുവ സൈബർ സെല്ലിൽ ഹാജരാകാൻ ഗോപാലകൃഷ്ണന് നോട്ടീസ് നൽകിയിട്ടുണ്ട്. ഫോൺ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കെ.ജെ. ഷൈൻ പരാതിയിൽ ചൂണ്ടിക്കാട്ടിയ നൂറിലധികം പ്രൊഫൈലുകൾ പരിശോധിക്കാനും ഇവരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. കൊണ്ടോട്ടി അബു എന്ന സമൂഹ മാദ്ധ്യമ അക്കൗണ്ടിനെയും പ്രതിചേർത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |