ഇന്നലെ മധു സാറിനോട് പറഞ്ഞു: 'നാളെ സാറിന്റെ ജന്മദിനമാണ്..."
'ആണോ? നാളെ തീയതി എത്രയാ?"
'23... സെപ്തംബർ 23."
'ആണോ ഞാൻ മറന്നു പോയി. തീയതി നോക്കിയുള്ള പിറന്നാളാഘോമൊന്നും മുമ്പുണ്ടായിരുന്നില്ല. നക്ഷത്രം നോക്കിയായിരുന്നു. കുട്ടിക്കാലത്തും പിറന്നാളിന് വലിയ പ്രാധാന്യമൊന്നും കൊടുക്കാറില്ലായിരുന്നു. അന്ന് വീട്ടിൽ പായസംവയ്ക്കൽ പണ്ടേയുള്ള പതിവാണ്. എന്റെ കുട്ടിക്കാലത്ത് അമ്മയും അച്ഛനുമൊക്ക ക്ഷേത്രങ്ങളിൽ വഴിപാടുകളും മറ്റും കഴിച്ചിട്ടുണ്ടാവും. ഇപ്പോൾ മകൾ ഉമ ക്ഷേത്രങ്ങളിൽ പോയി എനിക്കു വേണ്ടി നേർച്ച നടത്താറുണ്ട്. അതിനപ്പുറം ഞാനൊരിക്കലും പിറന്നാളുകൾ ആഘോഷിച്ചിട്ടില്ല..." - മലയാളത്തിൽ സിനിമയുടെ തലമുറകൾ കണ്ട പ്രിയനടൻ മധുവെന്ന പി. മാധവൻ നായർക്ക് ഇന്ന് 92-ാം പിറന്നാളാണ്. കണ്ണമ്മൂലയിലെ 'ശിവഭവനി"ലിരുന്ന് അദ്ദേഹം സംസാരിക്കുന്നു.
? പിറന്നാളായിട്ട് നാളെ എന്തെങ്കിലും പരിപാടി...
പരിപാടിയൊന്നുമില്ല. വീട്ടുകാർ എന്തെങ്കിലും ഒരുക്കുന്നുണ്ടോ എന്നറിയില്ല. ഇപ്പോൾ തുടർച്ചയായി പിറന്നാളൊക്കെ ആഘോഷിക്കുന്നുണ്ട്. പലരുടെയും ഇഷ്ടപ്രകാരം അവരുടെ ആഘോഷത്തിൽ ഞാനും പങ്കാളിയാവുന്നു എന്നേയുള്ളൂ.
? ജന്മനക്ഷത്രം 'ചോശാഖം" എന്ന് തമാശയായി പറയാറുണ്ടല്ലോ...
എന്റെ നക്ഷത്രം ചോതിയാണ്. 25- നാണ് ചോതി വരുന്നത്. ജാതകപ്രകാരം 79-ാം വയസിൽ മരണം സംഭവിക്കുമെന്നുണ്ടായിരുന്നു. അത് സംഭവിച്ചില്ല. ജാതകം എപ്പോഴും ശരിയാവില്ലല്ലോ. അത് വലിയ ചർച്ചയായപ്പോഴേക്കും ഞാൻ ഇടയ്ക്ക് നക്ഷത്രത്തിന്റെ പേര് പരിഷ്കരിച്ച് 'ചോശാഖം" എന്നാക്കി.
ചോതിയുടെ അവസാന വിനാഴികയിലെപ്പോഴോ ആണ് ജനിച്ചത്. വിശാഖം ആയതുമില്ല. അതുകൊണ്ട് 'ചോശാഖം!"
? അനുയോജ്യമായ കഥാപാത്രം കിട്ടിയാൽ വീണ്ടും അഭിനയിക്കാൻ റെഡിയാണെന്ന് പറഞ്ഞിരുന്നല്ലോ
പക്ഷേ, പറ്റിയ വേഷം കിട്ടണ്ടോ? അഞ്ചാറു പേർ വന്ന് കഥ പറഞ്ഞു. ഒന്നും ഇഷ്ടപ്പെട്ടില്ല. സിനിമയിൽ വീണ്ടും വീണ്ടും അഭിനയിക്കണമെന്ന് ഇനി ആഗ്രഹമില്ല. അത്രമേൽ ഇഷ്ടമുള്ള വേഷം വരണം.
? ആരോഗ്യം എങ്ങന.
സത്യം പറഞ്ഞാൽ നടക്കാനും കൂടുതൽ നേരം നിൽക്കാനും ബുദ്ധിമുട്ടുണ്ട്. മുമ്പ് ചെറിയ വ്യായാമവും യോഗയുമൊക്കെ ചെയ്യുമായിരുന്നു. ഇപ്പോൾ അതിനു കഴിയാറില്ല. കാര്യമായ രോഗങ്ങളൊന്നുമില്ല. അതു തന്നെ ഭാഗ്യമല്ലേ. എന്തെല്ലാം വാചകമടിച്ചാലും വ്യായാമം ചെയ്താലും മരുന്നു കഴിച്ചാലും പ്രായമാകുമ്പോൾ ചെറുപ്പത്തിലേതുപോലെ ശരീരം വഴങ്ങിക്കിട്ടില്ല. ശക്തിയും ഓർമ്മയും കുറയും. മുപ്പതിലും നാൽപ്പതിലും ജീവിച്ചതു പോലെ തൊണ്ണൂറുകളിൽ ജീവിക്കാനാൻ പറ്റുമോ? വാർദ്ധക്യത്തെ ആസ്വദിക്കുകയാണ്. അധികമായി കിട്ടുന്ന ഓരോ നാളും സന്തോഷം.
? ആത്മകഥ എഴുതണമെന്ന് തോന്നിയിട്ടില്ലേ.
ഞാൻ എന്റെ ജീവിതം എഴുതിയാൽ പത്തു പേജിനപ്പുറം പോകില്ല. നടനാകുന്നതു വരെയുള്ള കാര്യങ്ങൾ എന്നോടു സംസാരിച്ച് എഴുതിയെടുത്തത് ഒരു വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. നല്ല വായനക്കാരനാണ് ഞാൻ. വൈകി എണീറ്റ്, വൈകി കിടക്കുന്ന ഞാൻ വായിച്ചാണ് സമയം നീക്കുന്നത്. പിന്നെ, സിനിമയും കാണും. മൂന്നുനാല് പത്രം വരുന്നുണ്ട്. ആദ്യം വരുത്തിയിരുന്നത് കേരളകൗമുദിയായിരുന്നു. അന്നിവിടെ കേരളകൗമുദി മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇന്നും കേരളകൗമുദി മുടങ്ങാതെ വായിക്കും. ഒരു ദിവസം പത്രം കിട്ടിയില്ലെങ്കിൽ മനസ് വല്ലാതാകും. നോവലും കഥയുമൊക്കെ വായിക്കുമ്പോൾ ഇതുപോലെ എഴുതണമെന്ന് തോന്നിയിട്ടില്ല.
? മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതറിഞ്ഞ് വിളിച്ചിരുന്നോ?
മലയാളത്തിനു കിട്ടിയ അംഗീകാരമാണ് അത്. എനിക്കും അഭിമാനം തോന്നി. ഞാൻ ലാലിനെ അപ്പോൾത്തന്നെ വിളിച്ചു. ഭാഗ്യത്തിന് അപ്പോൾത്തന്നെ കിട്ടി. അവൻ സന്തോഷത്തിലായിരുന്നു.
? ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി സിനിമയിൽ തിരിച്ചെത്തുകയാണ്...
മമ്മൂട്ടി എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കും. രണ്ടു ദിവസം മുമ്പ് വിളിച്ചിരുന്നു. രോഗ വിവരവും ചികിത്സയെക്കുറിച്ചും അറിഞ്ഞപ്പോൾത്തന്നെ മമ്മൂട്ടി ശക്തനായി തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ചികിത്സയ്ക്ക് അതിന്റേതായ സമയമെടുക്കും എന്നു മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |