ചേർത്തല: മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസിയാണെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു..
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും അഭിവൃദ്ധിക്കും, പുരോഗതിക്കുമായാണ് അയ്യപ്പ മഹാസംഗമം ഒരുക്കിയത്. ഇതിനായി സർക്കാർ സംവിധാനങ്ങൾ നന്നായി പ്രവർത്തിച്ചു. മുഖ്യമന്ത്രി വഹിച്ച പങ്ക് നിസ്തുലമാണ്. ദേവസ്വം ബോർഡ് നൽകിയ അയ്യപ്പ വിഗ്രഹം സന്തോഷത്തോടെ സ്വീകരിച്ചത് വിശ്വാസം മൂലമാണ്. അയ്യപ്പ സംഗമത്തിന് പൊതുജന പങ്കാളിത്തം കുറവായിരുന്നെന്ന പ്രചരണം ശരിയല്ല. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തീരും വരെ വലിയ ജനസാന്നിദ്ധ്യമുണ്ടായിരുന്നു. പലരും സീറ്റു കിട്ടാതെ നിന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ആൾക്കാർ മറ്റു സെഷനുകളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാനായിപ്പോയി.സംഘാടകർക്കും ചെറിയ പിശകുകളുണ്ടായി. പരിപാടി നടത്താൻ നിശ്ചയിച്ച തിയതിയും സ്ഥലവും ശരിയായില്ല.
ഞാൻ തീണ്ടാ
ജാതിയല്ല
മുഖ്യമന്ത്രിയോടൊപ്പം കാറിൽ യാത്ര ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ,താൻ തീണ്ടാ ജാതിയിൽപ്പെട്ട ആളല്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഞങ്ങൾ അടുത്ത മുറികളിലാണ് താമസിച്ചത് .ഒരേ സമയത്ത് പുറപ്പെട്ടതാണ് യാത്ര ഒരുമിച്ചാകാൻ കാരണമായത്. ഇക്കാര്യം വലിയ വിവാദമാക്കേണ്ട കാര്യമില്ല. ഭക്തിയുള്ളവരെയാണ് കമ്മ്യൂണിസ്റ്റുകാർക്ക് ഇഷ്ടം. വിശ്വാസി, അവിശ്വാസി വ്യത്യാസമില്ല. എല്ലാവരും വിശ്വാസികളാണ്. പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമവും നല്ലതായിരുന്നു.കുറഞ്ഞ സമയം കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. സർക്കാർ സംവിധാനങ്ങളില്ലാതെ വിജയിപ്പിക്കാനായി. ശബരിമലയെ സംബന്ധിച്ച് ചിലർ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുകയാണ്.ഇതിന് പിന്നാലെ പോകാൻ താനില്ല. അധികാരമില്ലാത്തവരുടെ പിന്നാലെ പോയിട്ട് കാര്യമില്ല. ഇറച്ചി ഉള്ളിടത്ത് വെട്ടിയിട്ടേ കാര്യമുള്ളൂ.
ശ്രീനാരായണ ധർമ്മം അറിയാത്തവർക്ക് എസ്. എൻ.ഡി.പി യോഗം വേദി കൊടുക്കരുതെന്നാണ് അഭിപ്രായം. അധരവ്യായാമം നടത്തുന്നവർക്കല്ല ഹൃദയപൂജ നടത്തുവർക്കാണ് അവസരം നൽകേണ്ടത്. ഗുരുദേവ ധർമ്മം വൺവേ ട്രാഫിക്കല്ല. മുൻമന്ത്രി ജി.സുധാകരൻ വ്യക്തിപരമായി ഏറെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തോട്
സ്‌നേഹവും ബഹുമാനവുമുണ്ട്. ശിവഗിരിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞതെല്ലാം ശരിയാണ്. പൊലീസ് നടപടികൾക്ക് പിന്നാലെയുണ്ടാകാവുന്ന തിരിച്ചടികൾ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അയ്യപ്പ സംഗമത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ കഴിയാതിരുന്ന കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |