കൊച്ചി: കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമപെൻഷനും മറ്റാനുകൂല്യങ്ങളും മുടങ്ങിയിട്ട് 16 മാസം. ഇതുമൂലം 3.80 ലക്ഷം തൊഴിലാളികൾ കഷ്ടപ്പാടിലും. 2024 ഏപ്രിൽ മുതലുള്ള പെൻഷനും മറ്റ് ആനുകൂല്യങ്ങളുമാണ് നൽകാനുള്ളത്. 1,152 കോടിയുടെ കുടിശിക. പെൻഷൻ കുടിശിക മാത്രം 992 കോടി. മറ്റാനുകൂല്യങ്ങൾ 160 കോടി. 1,600 രൂപയാണ് പ്രതിമാസ പെൻഷൻ. ആറു മാസത്തിനകം കുടിശിക കൊടുത്തു തീർക്കുമെന്ന 2024 സെപ്തംബറിലെ സർക്കാർ ഉറപ്പ് പാഴ്‌വാക്കായി.
പെൻഷനും മറ്റാനുകൂല്യങ്ങളും നൽകാൻ പ്രതിമാസം വേണ്ടത് 72 കോടി. 2024ലെ ഓണത്തിന് ഒരു മാസത്തെ പെൻഷനടക്കം നൽകാൻ 72 കോടി കണ്ടെത്തിയെന്ന് സർക്കാർ അറിയിച്ചെങ്കിലും മുഴുവൻ പേർക്കും ലഭിച്ചിരുന്നില്ല. തനതു ഫണ്ടിൽ പ്രവർത്തിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രധാന വരുമാനം തൊഴിലാളികളുടെ അംശദായവും ബിൽഡിംഗ് സെസ് പിരിവുമാണ്.
സെസ് പിരിവും പാളി
ബിൽഡിംഗ് സെസ് പിരിവിലൂടെ പെൻഷൻ കുടിശികയടക്കം തീർക്കാനാകുമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, 2024 ജനുവരി 16വരെ സെസ് കുടിശിക 400 കോടിയാണ്. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലൂടെ ഓൺലൈനായി സെസ് പിരിച്ചെടുക്കുന്നതോടെ പ്രതിമാസം 80 കോടി ബോർഡിലേക്കെത്തുമെന്നും പെൻഷൻ കുടിശിക തീർക്കാമെന്നുമുള്ള കണക്കൂട്ടൽ പാളി.
3.80 ലക്ഷം
പെൻഷൻ ഗുണഭോക്താക്കൾ
72 കോടി
പെൻഷനടക്കം വേണ്ടത്
35 കോടി
പ്രതിമാസ വരവ്
80 കോടി
പ്രതിമാസ ചെലവ്
''സെസ് പിരിവിലൂടെ ബോർഡിന്റെ വരുമാനത്തിൽ കാലക്രമേണ വർദ്ധനവുണ്ടാകും. അങ്ങനെ പെൻഷനടക്കം സമയബന്ധിതമായി വിതരണം ചെയ്യാനാകും
-മന്ത്രി വി. ശിവൻകുട്ടി
(നിയമസഭയിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |