ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം
ആരാധ്യരായ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമ്മു ജി, ആദരണീയനായ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്‌ണവ് ജി, പ്രിയപ്പെട്ട സിനിമാ സഹപ്രവർത്തകരെ, ആദരണീയരെ,
ഇന്ത്യൻ സിനിമയുടെ പിതാവിന്റെ പേരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ആദരണീയമായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങിയ ശേഷം ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് അഗാധമായ അഭിമാനത്തോടും നന്ദിയോടും കൂടിയാണ്.
മലയാള ചലച്ചിത്ര വ്യവസായത്തിന്റെ പ്രതിനിധി എന്ന നിലയിലും, കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിലും, ഈ ദേശീയ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ വ്യക്തി എന്ന നിലയിലും എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ നിമിഷം എന്റേത് മാത്രമല്ല, ഇത് മലയാള സിനിമാ ലോകത്തിന് മുഴുവൻ അവകാശപ്പെട്ടതാണ്. നമ്മുടെ വ്യവസായത്തിന്റെ പൈതൃകം, സർഗ്ഗാത്മകത തുടങ്ങിയവയ്‌ക്കുള്ള അംഗീകാരമായി ഈ അവാർഡിനെ കാണുന്നു. കേന്ദ്രസർക്കാരിൽ നിന്ന് ആദ്യമായി ഈ വിവരമറിഞ്ഞപ്പോൾ എനിക്ക് ലഭിച്ച ബഹുമതിയായി മാത്രമല്ല കണ്ടത്. നമ്മുടെ സിനിമാ പാരമ്പര്യത്തിന്റെ ശബ്ദം മുന്നോട്ട് കൊണ്ടുപോകാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷം തോന്നി. മലയാള സിനിമയെ തങ്ങളുടെ കാഴ്ചപ്പാടും കലാസപര്യയും കൊണ്ട് രൂപപ്പെടുത്തിയ എല്ലാവരുടെയും പേരിൽ ഈ അവാർഡ് സ്വീകരിക്കാൻ എന്നെ അനുവദിച്ചത് വിധിയുടെ സൗമ്യമായ കൈയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
സത്യം പറഞ്ഞാൽ, ഈ നിമിഷത്തെക്കുറിച്ച് സ്വപ്നം കാണാൻ പോലും ഞാൻ ഒരിക്കലും ധൈര്യപ്പെട്ടിരുന്നില്ല, അതുകൊണ്ട് പുരസ്‌ക്കാര ലബ്‌ധി സ്വപന സാക്ഷാത്കാരമല്ല. അതിലും വലുതാണ്. മാന്ത്രികമാണ്. പവിത്രമാണ്. എന്നിൽ ഉത്തരവാദിത്തവും നന്ദിയും ആഴത്തിൽ വേരോടുകയാണ്. മഹാരഥന്മാരായ മുൻഗാമികളുടെ അനുഗ്രഹമായി കണ്ട് പുരസ്‌കാരം സ്വീകരിക്കുന്നു. ഞാൻ ഇത് അവർക്കും, ഊർജ്ജസ്വലമായ മലയാള ചലച്ചിത്ര വ്യവസായത്തിനും, നമ്മുടെ കലയെ സ്നേഹത്തോടും ഉൾക്കാഴ്ചയോടും കൂടി പരിപോഷിപ്പിച്ച കേരളത്തിലെ വിവേകമതികളും ബുദ്ധിമാന്മാരുമായ പ്രേക്ഷകർക്കും സമർപ്പിക്കുന്നു.
മഹാകവിയും പരിഷ്കർത്താവും തത്ത്വചിന്തകനുമായ കുമാരൻ ആശാൻ വീണപൂവിൽ ഒരിക്കൽ എഴുതിയതുപോലെ: 'ചിതയിലാഴ്ന്നു പോയതുമല്ലോ, ചിരമനോഹരമായ പൂവിതു". സിനിമാ മേഖലയിൽ പരിമളം പരത്തി കടന്നുപോയ, ഇപ്പോഴും പ്രചോദനമായി നിൽക്കുന്ന ആ മഹദ്‌വ്യക്തികൾക്കുള്ള ബഹുമതിയാകട്ടെ ഈ നിമിഷം. ഒരു നടനും സിനിമാ പ്രവർത്തകനുമെന്ന നിലയിൽ ഈ ബഹുമതി എന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. സിനിമയോടുള്ള എന്റെ പ്രതിബദ്ധതയെ ശക്തമാക്കുന്നു. കൂടുതൽ ആത്മാർത്ഥതയോടും, അഭിനിവേശത്തോടും, ലക്ഷ്യബോധത്തോടും കൂടി എന്റെ യാത്ര തുടരുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. ഈ അംഗീകാരത്തിന് എന്നെ തിരഞ്ഞെടുത്ത കേന്ദ്രസർക്കാരിനും, ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുർമു ജിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്കും, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും, ജൂറിയിലെ ബഹുമാന്യരായ അംഗങ്ങൾക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. 'എന്റെ ആത്മാവിന്റെ സ്‌പന്ദനമാണ് സിനിമ'.
ജയ്‌ഹിന്ദ്
മോഹൻലാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |