ന്യൂഡൽഹി: ഭാര്യ ഒളിച്ചോടിയതിൽ പ്രകോപിതനായ യുവാവ് ഭാര്യാ സഹോദരിയെ വെട്ടിക്കൊന്നു. നുസ്രത്ത് (39) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇസ്‌തേഖർ അഹമ്മദ് എന്ന ബബ്ബു (49) നുസ്രത്തിന്റെ മകൾ സാനിയയുടെ (20) വിരൽ വെട്ടിമാറ്റുകയും ബന്ധുവായ അക്ബറിനെ (42) ആക്രമിക്കുകയും ചെയ്തു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ബബ്ബു സെക്യൂരിയായി ജോലി ചെയ്തുവരികയാണ്. അടുത്തിടെ ഇയാളുടെ ഭാര്യ ഒളിച്ചോടിപ്പോയിരുന്നു. യുവതിയെ ഒളിച്ചോടാൻ സഹായിച്ചത് നുസ്രത്ത് ആണെന്ന് കരുതിയാണ് അരുംകൊലയ്ക്ക് മുതിർന്നത്. ഗാസിയാബാദിലെ ലോണി നിവാസിയാണ് ബബ്ബു.
കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് ഇയാൾ നുസ്രത്തിന്റെ വീട്ടിലെത്തിയത്. ടിഫിൻ ബോക്സിനുള്ളിൽ കത്തി ഒളിപ്പിച്ചാണ് ഇയാളെത്തിയത്. നുസ്രത്ത് ചായ കൊടുത്തപ്പോൾ ബബ്ബു കത്തി പുറത്തെടുത്ത് കഴുത്തിലും നെഞ്ചിലും പലതവണ കുത്തുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
നിലവിളി കേട്ട് അമ്മയെ രക്ഷിക്കാനായി എത്തിയതായിരുന്നു സാനിയ. ഇതോടെ പെൺകുട്ടിയുടെ കൈവിരൽ ഇയാൾ മുറിച്ചുമാറ്റി. തടുക്കാനെത്തിയ അക്ബറിനെയും ആക്രമിച്ചു. നുസ്രത്തിന്റെ ഭർത്താവ് ജയിലിലാണ്. നാല് മക്കളുണ്ട്.
'രാവിലെ 7.15 ഓടെ ബബ്ബു ടിഫിനുമായി നിൽക്കുന്നത് നുസ്രത്ത് കണ്ടു. അയാൾ ജോലിക്ക് പോകുകയാണെന്ന് അവർ കരുതിയിരിക്കണം. ഗാസിയാബാദിലെ ലോണിയിലാണ് അയാൾ താമസിക്കുന്നത്. ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു. നുസ്രത്ത് ഇരുന്നു അയാളോട് എന്തെങ്കിലും കഴിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, അയാൾ അതു കേട്ടില്ല. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവൾക്ക് അറിയില്ലായിരുന്നു. അയാൾ കത്തി പുറത്തെടുത്ത് അവളുടെ അരയിലും കഴുത്തിലും നെഞ്ചിലും വെട്ടുകയായിരുന്നു. അയാളുടെ മോശം പെരുമാറ്റം കാരണമാണ് ഭാര്യ ഒളിച്ചോടിയത്.'- ബന്ധു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |