റിയാദ്: അനേകലക്ഷം ഇന്ത്യക്കാർക്ക് ഗൾഫ് എന്നത് വെറുമൊരു ഇടമല്ല, മറിച്ച് ജീവിക്കാനുള്ള വക നൽകുന്ന സ്ഥലം കൂടിയാണ്. ജോലി തേടിയും ജോലി ചെയ്യാനുമായി അനേകായിരങ്ങളാണ് ദിനംപ്രതി ഗൾഫ് രാജ്യങ്ങളിലേയ്ക്ക് വിമാനം കയറുന്നത്. ഒൻപത് ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് നിലവിൽ ഗൾഫിലുള്ളതെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാർ ഏറ്റവും കൂടുതലുള്ള വിദേശ മേഖലയും ഇതുതന്നെയാണ്. അതിനാൽതന്നെ ഗൾഫുമായി വളരെ പണ്ടുമുതൽതന്നെ ഇന്ത്യക്ക് ആത്മബന്ധമുണ്ട്. ഇക്കാരണത്താൽ ഗൾഫിലെ നിയമങ്ങളിൽ വരുന്ന ഏതൊരു മാറ്റവും ഇന്ത്യയിലും ചലനങ്ങൾ സൃഷ്ടിക്കാറുണ്ട്.
സൗദി അറേബ്യ തൊഴിൽ വിസകൾ നിരോധിച്ചതായും യുഎഇ ചില രാജ്യങ്ങളിലേക്കുള്ള ടൂറിസ്റ്റ്, തൊഴിൽ വിസകൾ താത്ക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് തൊഴിൽ തേടുന്നവർക്കിടയിലും ഗൾഫിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നവർക്കിടയിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
ഒൻപത് രാജ്യങ്ങളിലെ പൗരന്മാർക്ക് തൊഴിൽ, ടൂറിസ്റ്റ് വിസകൾ നൽകുന്നത് യുഎഇ നിർത്തിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. അഫ്‌ഗാനിസ്ഥാൻ, ബംഗ്ളാദേശ്, സോമാലിയ, സുഡാൻ, ഉഗാണ്ട, ലെബനൻ, ലിബിയ, യെമൻ, കാമറൂൺ എന്നീ രാജ്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകൾ നിലവിൽ പരിഗണിക്കുന്നില്ല എന്നാണ് വിവരം. പുതിയ വിസ അപേക്ഷകരെയാണ് വിലക്ക് ബാധിക്കുന്നത്. യുഎഇ വിസ കൈവശമുള്ളവർക്ക് നിരോധനം ബാധിക്കില്ല. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. നിരോധനം താത്‌ക്കാലികമാണെന്നും സുരക്ഷ, കുടിയേറ്റ നിയന്ത്രണം, ഭരണപരമായ പ്രശ്നങ്ങൾ. പൗരന്മാരുടെ ആരോഗ്യം, സീസണുകളുടെ സമ്മർദ്ദങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് തീരുമാനം എന്നുമാണ് റിപ്പോർട്ട്.
സൗദി അറേബ്യ ഇന്ത്യക്കാർക്ക് തൊഴിൽ വിസ നൽകുന്നത് നിരോധിച്ചതായുള്ള റിപ്പോർട്ടും പുറത്തുവന്നിരുന്നു. എന്നാൽ ഹജ്ജ് തീർത്ഥാടന സീസണിൽ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള 'ബ്ലോക്ക്' വർക്ക് വിസകളാണ് സൗദി അറേബ്യ താത്ക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. വിദേശ തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ടുവരുന്നതിനായി തൊഴിലുടമകൾക്ക് അനുവദിക്കുന്ന വിസയാണ് 'ബ്ലോക്ക് വർക്ക് വിസ'.
തീർത്ഥാടന കാലത്ത് വിസ ദുരുപയോഗം തടയുന്നതിനും വൻതോതിലുള്ള തീർത്ഥാടകരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതും ഉദ്ദേശിച്ചുള്ള ഒരു സീസണൽ നടപടിയുടെ ഭാഗമായാണ് വിസ താത്ക്കാലികമായി നിർത്തിവച്ചതെന്നാണ് സൗദി അധികൃതരുടെ വിശദീകരണം. ഇത് ഒരു സ്ഥിരം നിരോധനമല്ല. മറ്റ് വിഭാഗത്തിലുള്ള തൊഴിൽ വിസകൾ നൽകുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഉയർന്ന തൊഴിൽ ചെയ്യുന്നവർ, ബിസിനസുകാർ, ബ്ലൂ കോളർ തൊഴിലാളികൾ എന്നിവരുൾപ്പെടെ ഏകദേശം 24 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്.
വിസയി നൽകുന്നതിലെ കാലതാമസം തൊഴിൽ ഓഫറിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. നിർമാണം, റീട്ടെയിൽ, വീട്ടുജോലി തുടങ്ങി വാഗ്ദാനം ചെയ്യപ്പെട്ട തൊഴിലുകൾ നഷ്ടമാകാനും ഇടയുണ്ട്. തൊഴിൽ തേടുന്നവരെ വിദേശത്തേയ്ക്ക് അയക്കാൻ ഏജൻസിക്കാർക്കും ബുദ്ധിമുട്ട് അനുഭവപ്പെടാം. വിസ പുതുക്കലിനെയും ഇത് ബാധിക്കും. എന്നാൽ ഇന്ത്യൻ തൊഴിലാളികൾക്ക് ഏറെ ഡിമാൻഡുള്ള ഗൾഫ് രാജ്യങ്ങൾ നിരോധനം അധികനാൾ നീട്ടില്ലെന്നാണ് വിലയിരുത്തൽ.
വിസ നിരോധന റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനാൽ ഗൾഫിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നവർ വിശ്വസ്തരായ റിക്രൂട്ടർമാരെ മാത്രം സമീപിക്കുക. രേഖകളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തുക, സമ്മർദ്ദം ഒഴിവാക്കാനായി നേരത്തെ തന്നെ അപേക്ഷ നൽകുക. കൂടാതെ എംബസികളുടെയും കോൺസുലേറ്റുകളുടെയും വൈബ്‌സൈറ്റുകൾ കൃത്യമായി പിന്തുടരുകയും വേണം. ഗൾഫ് രാജ്യങ്ങൾക്ക്, വിസ റദ്ദാക്കൽ കുടിയേറ്റ നിയന്ത്രണത്തിന്റെയും ആഭ്യന്തര നയത്തിന്റെയും ഭാഗമായുള്ളതാണെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും പൗരന്മാരും ഈ മേഖലയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |