പലർക്കും ദിവസവും ഇഷ്‌ടക്ഷേത്രത്തിൽ പോയി തൊഴുന്ന ശീലമുണ്ട്. ചിലരാകട്ടെ പ്രത്യേകതയാർന്ന ദിവസങ്ങളിലാകും ക്ഷേത്ര ദർശനം നടത്താറ്. ശാസ്‌താ ക്ഷേത്രത്തിൽ ശനിയാഴ്‌ചയും വിഷ്‌ണു ക്ഷേത്രത്തിൽ വ്യാഴാഴ്‌ചയും ദേവീ ക്ഷേത്രങ്ങളിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലും പോകുന്നതും പലർക്കും പതിവുണ്ട്. എന്നാൽ ഏത് ക്ഷേത്രത്തിൽ പോകുമ്പോഴും പൊതുവിൽ പറയുന്ന കാര്യമുണ്ട്-കുളിച്ച് ശുദ്ധമായി വേണം പോകാൻ.
കുളികഴിഞ്ഞാലും സ്വന്തം വാഹനത്തിലോ ബസ്, ട്രെയിൻ പോലെ പൊതുവാഹനങ്ങളിലോ ആകും പലരും പോകാറ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടോ എന്നും ആചാരങ്ങൾ പാലിക്കാതെയാകുമോ ദർശനം എന്നും പലർക്കും സംശയമുണ്ട്. എന്നാൽ ഇത്തരത്തിൽ സംശയിക്കേണ്ട കാര്യമില്ല എന്നാണ് ആചാര്യന്മാർ പറയുന്നത്. പണ്ടുകാലത്ത് ഇന്നത്തെപോലെ പൊതുഗതാഗതമോ സ്വന്തം വാഹനങ്ങളോ യഥേഷ്‌ടം ഉണ്ടാകാതിരുന്ന കാലത്ത് ക്ഷേത്രവുമായി ബന്ധമുള്ളവർ പോലും നടന്നാണ് പോയിരുന്നത്. അക്കാലത്ത് ക്ഷേത്രത്തിന് സമീപമെത്തി കുളിച്ച് ശുദ്ധമായ ശേഷമായിരുന്നു പ്രവേശനം. ഇന്ന് സൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ വാഹനങ്ങളിൽ പോയിവരിക തന്നെയാണ് അത്തരത്തിൽ മേൽശാന്തിമാരടക്കം ചെയ്യുന്നത്.
പലതരക്കാരോടൊപ്പം യാത്രചെയ്‌തെത്തുന്നവർ ക്ഷേത്രത്തിലെത്തിയാൽ ആ പരിസരത്ത് കരുതിവച്ചിരിക്കുന്ന വെള്ളം കൈകളിലെടുത്ത് ഗംഗാജലമെന്ന് സങ്കൽപ്പിച്ച് കാലുംമുഖവും കഴുകി ശുദ്ധിവരുത്തിയ ശേഷം ക്ഷേത്രത്തിൽ പ്രവേശിക്കാം. പൈപ്പിലെ ജലവും ഇതിന് ഉപയോഗിക്കാം. ശരീരശുദ്ധിപോലെ മനഃശുദ്ധിയാണ് ക്ഷേത്രദർശനത്തിന് ആവശ്യമെന്ന് മനസിലാക്കുക.
ക്ഷേത്രപരിസരത്ത് കടന്നാൽ ഉച്ചത്തിൽ സംസാരവും ചിരി, വഴക്ക് മുതലായ കാര്യമൊന്നും പാടില്ല. തൊട്ടടുത്തുള്ളയാൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഈശ്വരനാമം ചൊല്ലുക. ദീപാരാധന സമയത്ത് തിക്കിത്തിരക്കുണ്ടാക്കി മനഃശാന്തി തേടിവന്ന മറ്റുള്ളവർക്ക് പ്രയാസമുണ്ടാകരുത്. ക്ഷേത്രത്തിനുള്ളിൽ ബലിക്കല്ല് നമ്മുടെ വലത് വശത്ത് വരുന്ന തരത്തിൽ വേണം പ്രദക്ഷിണം വയ്‌ക്കാൻ. സ്‌ത്രീകൾ ഭഗവാന്റെ ഇടത് കൈയുടെ ഭാഗത്തും പുരുഷന്മാർ നടയിൽ ഭഗവാന്റെ വലത് കൈയുടെ ഭാഗത്തും വരുന്ന തരത്തിൽ നിന്നുവേണം ദർശനം നടത്താൻ. വിളക്കുകൾ കൊളുത്തുന്നതിന് എള്ളെണ്ണ ആണ് ഉപയോഗിക്കേണ്ടത്. വെളിച്ചെണ്ണയോ പാമോയിൽ പോലെയുള്ള വസ്‌തുക്കളോ ഉപയോഗിക്കരുതെന്നും ആചാര്യന്മാർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |