തൃശൂർ: വടക്കുന്നാഥന്റെ മുന്നിൽ ചെങ്കതിർവെട്ടം പതിഞ്ഞ തെക്കെഗോപുര നട. 'ശിവശങ്കര ശർവ ശരണ്യ വിഭോ" എന്ന് തുടങ്ങുന്ന ശിവപ്രസാദ പഞ്ചകത്തിലെ വരികൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു. 171 ഭരതനാട്യ നർത്തകിമാർ കൈമുദ്രകളാൽ, അംഗചലനങ്ങളാൽ അവയെ വടക്കുന്നാഥന് മുന്നിൽ സമർപ്പിക്കുന്നു.
ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനത്തിൽ അദ്ദേഹമെഴുതിയ ശിവസ്തുതി ശിവപ്രസാദ പഞ്ചകം, അങ്ങനെ ഭരതനാട്യരൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തിൽ ശിവഗിരി മഠം ഗുരുധർമ പ്രചാരണ സഭ ജില്ലാ കമ്മിറ്റി, തൃശൂർ കർമ്മ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഗുരുനടനം ഭരതനാട്യത്തിന് നൃത്താവിഷ്‌കാരം സമർപ്പിച്ചത്.
സമർപ്പണച്ചടങ്ങ് പെരിങ്ങോട്ടുകര ആശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദഗിരി (ശിവഗിരി മഠം) ഉദ്ഘാടനം ചെയ്തു. ഗുരുനടനം സ്വാഗതസംഘം ചെയർമാൻ ടി.എൻ. പ്രതാപൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, ഗുരുധർമ പ്രചാരണ സഭ പ്രസിഡന്റ് ടി.കെ.സന്തോഷ്, കേന്ദ്രസമിതി അംഗം ദിനേശ് ബാബു, രാജേഷ് സഹദേവൻ, പി.വി.നന്ദകുമാർ, രമ്യ അനൂപ്, കലാമണ്ഡലം മാധുരി, സംഗീത നമ്പൂതിരി, രശ്മി വിനോദ്, രാധിക വിപിൻ, ദിവ്യ രാജീവ്, ബിജു വർഗീസ്, എ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ സ്വാഗതവും സിദ്ധകുമാർ വടക്കൂട്ട് നന്ദിയും പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധമായ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന എന്റെ ഗുരു പദ്ധതിയുടെ ഭാഗമായാണ് ശിവസ്തുതിയായ ശിവപ്രസാദ പഞ്ചകം അരങ്ങിലെത്തിച്ചത്. ശിവപ്രസാദ പഞ്ചകം ഭരതനാട്യ രൂപത്തിൽ ചിട്ടപ്പെടുത്തിയത് നർത്തകിയും നൃത്തസംവിധായകയുമായ കോഴിക്കോട് സ്വദേശി മഞ്ജു വി.നായരാണ്. സംഗീത സംവിധായകൻ ബിജീഷ് കൃഷ്ണയാണ് സംഗീത സംവിധാനം. ചടങ്ങിന് മുന്നോടിയായുള്ള ദൈവദശകം പ്രാർത്ഥനാ ഗീതത്തോടൊപ്പം യോഗ ട്രെയിനർ അഞ്ജന കാവുങ്കൽ ചിട്ടപ്പെടുത്തിയ ദൈവദശകം യോഗയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |